ജാതി സര്‍വെയും മാനസികരോഗ കേരളവും.

Mon, 06-07-2015 07:34:00 PM ;

  Divorce, Alcoholism, Family, Marriage.കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട സാമൂഹ്യ, സാമ്പത്തിക -ജാതി സെന്‍സസ്(സസജാസെ)-2011ഇന്ത്യയുടെ പുതിയ ചിത്രം പുറത്തുവിട്ടിരിക്കുന്നു. ഒപ്പം കേരളത്തിന്‍റെയും. എണ്‍പതു വര്‍ഷത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സര്‍വ്വേ നടക്കുന്നത്. സസജാസെയിലെ മുഖ്യ കണ്ടെത്തലുകള്‍ ഇവയാണ്.ഇന്ത്യയുടെ ആത്മാവെന്ന് കരുതപ്പെടുന്ന 17.9 ഗ്രാമീണഭവനങ്ങളില്‍ എഴുപത്തിയഞ്ച് ശതമാനത്തിന്‍റെ പരമാവധി ഉയര്‍ന്ന മാസവരുമാനം അയ്യായിരം രൂപയില്‍ താഴെ, ഗ്രാമീണ ജനതയില്‍ നാല്‍പ്പതു ശതമാനവും ഭൂരഹിതരാണ്,10.69 കോടി ഗ്രാമീണ വീടുകള്‍ അഥവാ അറുപതു ശതമാനം ദരിദ്രരായി പ്രഖ്യാപിക്കപ്പെടേണ്ടവരാണ്,പത്തു കോടി ദരിദ്രരായ ഗ്രാമീണരില്‍ 29 ശതമാനം പട്ടികജാതിയിലോ പട്ടികവര്‍ഗ്ഗത്തിലോ പെട്ടവരാണ്. ഇങ്ങനെ നീളുന്നു സസജാസെയുടെ കണ്ടെത്തലുകള്‍. ഇതേ സമയം കേരളത്തിലെ സര്‍വ്വേ വിവരങ്ങള്‍ ദേശീയ സ്വഭാവത്തില്‍ നിന്നും വ്യതിരിക്തമായി നില്‍ക്കുന്നു. കേരളത്തിലേക്കു വരുമ്പോള്‍ കണ്ടെത്തലുകള്‍ സങ്കീര്‍ണ്ണമാകുന്നു. കാരണം മാനസിക രോഗത്തിന്റെയും വിഷാദത്തിന്റെയും വിവാഹമോചനങ്ങളുടേയും തോത് കൂടിവരുന്നു.

             സസജാസെ ഫലം പുറത്തു വന്നതോടെ ഇനി രാജ്യത്തിന്റെ വികസന നയം രൂപീകരിക്കുന്നവരുടെ ആധാരം ഈ സര്‍വ്വേ ഫലമായിരിക്കണമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു. ഒറ്റ നോട്ടത്തില്‍ സാമ്പത്തികമായ പോരായ്മയില്‍ ഉയിര്‍കൊണ്ട സാമൂഹ്യമായ ദയനീയ സ്ഥിതിയാണ് ദേശീയ തലത്തിലെ ഭൂരിഭാഗത്തിന്‍റെയും അവസ്ഥ സൂചിപ്പിക്കുന്നതെന്ന് തോന്നും. അതിന്‍റെയടിസ്ഥാനത്തില്‍ സാമ്പത്തികമായ കേന്ദ്രഘടകത്തില്‍ ഊന്നിക്കൊണ്ടുള്ള വികസന പദ്ധതികള്‍ തയ്യാറാക്കിയാല്‍ അത് ജനതയുടെ സന്തുലിതമായ വികസനമാവില്ല. അതാണ് കേരളത്തിലെ സസജാസെഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇത്തരുണത്തില്‍ കേരളമാതൃക വികസനത്തെ തെളിഞ്ഞ ബുദ്ധികൊണ്ട് പ്രത്യേക മമതാചായ്‌വുകളില്ലാതെ വിലയിരുത്തേണ്ടതാണ്. ദാരിദ്ര്യവും നിരക്ഷരതയും കിടപ്പാടമില്ലായ്മയും ഒക്കെ ജീവിതത്തെ കശക്കിയിട്ടും ഇന്ത്യയില്‍ ഭൂരിപക്ഷം ഗ്രാമീണജനതയും മാനസികരോഗത്തിനോ വിഷാദത്തിനോ അടിമപ്പെട്ടിട്ടില്ല. എന്നാല്‍ പ്രാഥമികാവശ്യങ്ങളെ കടന്ന് പലതിന്റെയും ആധിക്യം അനുഭവിക്കുന്ന കേരളത്തില്‍ അവ കൂടുതല്‍ കാണുന്നു. ഇത് വ്യക്തമായി നല്‍കുന്ന സൂചന വികസനം പാശ്ചാത്യപ്രമാണാധിഷ്ടിതമാം വിധം സാമ്പത്തികഘടക കേന്ദ്രബിന്ദുവിനെ ആസ്പദമാക്കിയാകാന്‍ പാടില്ല. ഈ പശ്ചാത്തലത്തില്‍ വേണം കേരളത്തിലെ ബീവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലറ്റുകളുടെ മുന്നിലെ നീണ്ട നിരയെക്കുറിച്ച് പഠിക്കാന്‍. ഇവിടെയാണ് കുടുംബകോടതി മുന്‍ ജഡ്ജിയായ ഡി.ശ്രീദേവി പറഞ്ഞത് പ്രസക്തമാകുന്നത്. കേരളത്തിലെ എണ്‍പത്തിയഞ്ച് ശതമാനം കുടുംബങ്ങളും തകര്‍ച്ചയുടെ വക്കിലാണെന്നാണ് അവര്‍ പറഞ്ഞത്. ഏതും എണ്‍പത്തിയഞ്ച് ശതമാനമായാല്‍ അതിനെ നൂറായി കണക്കാക്കുക എന്നത് സാമൂഹ്യമായ കാര്യങ്ങളില്‍ സ്വീകരിക്കാറുണ്ട്. അങ്ങിനെയാണ് എണ്‍പത്തിയഞ്ച് ശതമാനം പേര്‍ കേരളത്തില്‍ അക്ഷരാഭ്യാസം നേടിയപ്പോള്‍ സംസ്ഥാനം സമ്പൂര്‍ണ്ണസാക്ഷരതാ സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടത്. സസജാസെ പ്രകാരം പതിനൊന്നു ശതമാനം ഗ്രാമീണരാണ് ഇപ്പോഴും അക്ഷരാഭ്യാസം ലഭ്യമാകാതെ അവശേഷിക്കുന്നത്. അതിനാല്‍ സമ്പൂര്‍ണ്ണസാക്ഷരതാ പദവി കേരളത്തിന് അക്കാരണത്താല്‍ നഷ്ടമാവുന്നില്ല. അതേ മാനദണ്ഠം പ്രയോഗിക്കുകയാണെങ്കില്‍ കേരളത്തിലെ കുടുംബവ്യവസ്ഥ സമ്പൂര്‍ണ്ണ തകര്‍ച്ചയുടെ വക്കിലെത്തിയിരിക്കുന്നുവെന്നാണ് കുടുംബ കോടതി ജഡ്ജിയുടെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നത്. അതിനാല്‍ കേരളത്തിന്‍റെ വികസനപദ്ധതിക്ക് രൂപം നല്‍കുമ്പോള്‍ സസജാസെ മാനദണ്ഠമാക്കുകയാണെങ്കില്‍ തകര്‍ന്ന കുടുംബവ്യവസ്ഥിതിയെ എങ്ങിനെ സന്തുലിതാവസ്ഥിയിലേക്കു നയിക്കാന്‍ കഴിയും എന്നുള്ളതിനായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടത്.  ഈ വസ്തുതയെ രാഷ്ട്രീയമായി കാണാനുള്ള വിവേകവും ആര്‍ജ്ജവവും രാഷ്ട്രീയ പാര്‍ട്ടികളും പ്രകടമാക്കേണ്ടതുണ്ട്.

       മനുഷ്യന്‍റെ അടിസ്ഥാന ഭാവങ്ങളെ ആത്മാവായി കാണുന്നതില്‍ കേരളമാതൃക വികസനം പരാജയപ്പെട്ടുവെന്നാണ് ഭ്രാന്തിലേക്കു നീങ്ങുന്ന കേരളത്തിന്‍റെ സാമൂഹിക സൂചകം ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ സസജാസെയെ അടിസ്ഥാനമാക്കി നയം രൂപീകരിക്കുന്നവര്‍ വികസനത്തിന് പരിഗണിക്കേണ്ട കേന്ദ്ര ബിന്ദു ഏതായിരിക്കണമെന്ന് കേരള മാതൃകാ വികസനം മുന്നറിയിപ്പ് നല്‍കുന്നു.പാശ്ചാത്യ പ്രമാണങ്ങളില്‍ ഉറച്ചുപോയ മസ്തിഷ്‌ക്കങ്ങള്‍ നാശം വിതച്ച നയങ്ങള്‍ക്ക്  പരിഹാരവും അതേ പ്രമാണങ്ങളിലൂെടെ കണ്ടെത്താന്‍ ശ്രമിക്കുമെന്നുള്ളതാണ് വിരോധാഭാസം. രാഷ്ട്രീയ നേതൃത്വം ഈ യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ത്രാണി കൈവരിക്കും വരെ ഈ പ്രതിഭാസം ആവര്‍ത്തിക്കപ്പെടാനാണ് സാദ്ധ്യത. ഇവിടെയാണ് പുത്തന്‍ തലമുറ പുത്തന്‍ ആശയങ്ങളുമായി രംഗപ്രവേശം ചെയ്യേണ്ടതിന്റെ അടിയന്തിരാവശ്യം ഉയരുന്നത്.

Tags: