അന്വേഷിക്കേണ്ടത് നിസാം സിൻഡ്രോം

Glint Staff
Fri, 06-03-2015 11:22:00 AM ;

mohammed nisham

 

തൃശൂർ ശോഭാ സിറ്റിയിലെ കാവല്‍ ജീവനക്കാരനായിരുന്ന ചന്ദ്രബോസ് കൊല ചെയ്യപ്പെട്ട കേസ്സ് എല്ലാ അർത്ഥത്തിലും അസാധാരണത്വത്തിൽ അസാധാരണമായതാണ്. അതിനാൽ അത് പ്രത്യേക അന്വേഷണവും വിചാരണാസംവിധാനവും അർഹിക്കുന്നു. ഒരു കേസ്സെന്ന നിലയിൽ അസാധാരണത്വം കൊണ്ട് ജനശ്രദ്ധ ആകർഷിക്കുന്നുണ്ടെങ്കിലും ഇത് സാമൂഹികമായി കേരളത്തിൽ സർവ്വവ്യാപിയായിക്കഴിഞ്ഞ മഹാരോഗത്തിന്റെ പൊട്ടിയൊലിക്കലാണ്. അതിനെ നിസാം സിൻഡ്രോം എന്ന വിളിപ്പേര് കൊടുക്കുന്നത് ചരിത്രപരമാകും. സിൻഡ്രോം എന്ന വാക്ക് ആംഗലേയം തന്നെ. എന്നാൽ, ചില ചരിത്രസന്ദർഭങ്ങളിൽ ഭാഷയെ ഭേദിച്ചുകൊണ്ട് ചില പ്രയോഗങ്ങൾ പ്രചാരം നേടും. അവയുടെ അർത്ഥം ഭാഷാപരമായ തടസ്സമില്ലാതെ പൂർണ്ണാർത്ഥത്തിൽ ഏവർക്കും മനസ്സിലാവുകയും ചെയ്യും. അങ്ങനെ മലയാളിക്ക് പരിചയമുള്ള അനേകം വാക്കുകളിൽ ഒന്നാണ് എയിഡ്‌സ്. അതുമൊരു സിൻഡ്രോമാണ്. അതിനാൽ സിൻഡ്രോമെന്ന വാക്കിന്റെ നിഘണ്ടു അർത്ഥത്തിന്റെ വിശദീകരണത്തിലേക്ക് പോകേണ്ടതില്ല. അത് യാഥാർഥ്യമായി അനുഭവപ്പെടുമ്പോൾ അറിവായി മാറും. എയിഡ്‌സ് രോഗിക്ക് തന്റെ രോഗം അറിയുന്നതുപോലെ. അത് നിഘണ്ടു നൽകുന്ന അനുഭവ അർത്ഥങ്ങൾക്കും എത്രയോ അപ്പുറത്താണെന്ന് ഊഹിക്കാവുന്നതേയുള്ളു. അതുപോലെ കേരളീയർ നിസാം സിൻഡ്രോമിലൂടെ കടന്നുപോകുന്നു. എത്ര മാരകമായ രോഗമായാലും മരുന്നില്ലാത്ത രോഗമായാൽ പോലും ചികിത്സയും പരിചരണവും മരുന്നു കണ്ടുപിടിക്കാനുള്ള ശ്രമവും അനിവാര്യമാണ്. അങ്ങിനെയാണ് ഓരോ രോഗങ്ങളേയും മനുഷ്യസമൂഹം അതിജീവിക്കുന്നതും പ്രതിവിധി കണ്ടെത്തുന്നതും.

 

നിസാം സിൻഡ്രോം കോരളീയ സമൂഹത്തെ ബാധിച്ചിരിക്കുന്ന രോഗമാണ്. ഇതിന്റെ തിക്തഫലങ്ങൾ കേരളത്തിന്റെ പ്രകൃതിയും മനുഷ്യനും ഒരുപോലെ നേരിട്ട് അനുഭവിച്ചുതുടങ്ങിക്കഴിഞ്ഞു. ശാരീരികമായി പോലും കേരളീയർ നേരിടുന്ന അര്‍ബുദ രോഗത്തിന്റെ വ്യാപനം അതിന്റെ ഉദാഹരണമാണ്. നിസാം സിൻഡ്രോമിന്റെ ഏറ്റവും പ്രത്യക്ഷ ഉദാഹരണമാണ് കേരളത്തിന്റെ ഭൂപ്രകൃതി നോക്കിനിൽക്കുമ്പോൾ മാറ്റത്തിലൂടെ കടന്നുപോകുന്നത്. രാവിലെ വെള്ളം ഒഴുകിയിരുന്ന അല്ലെങ്കിൽ നിറഞ്ഞു നിന്നിരുന്ന ഇടങ്ങൾ വൈകീട്ട് നോക്കുമ്പോൾ ഒന്നാംതരം കരയായി മാറുന്നു. എന്തിന് ശോഭാ സിറ്റി എന്ന സ്വപന നഗരം പോലും ആ സിൻഡ്രോമിന്റെ ഗർജിക്കുന്ന ഉദാഹരണമാണ്. ശോഭാ സിറ്റിയുടെ മതിൽക്കെട്ട് അവസാനിക്കുന്നിടത്തുനിന്ന് ഇപ്പോഴും തഴച്ചു നിൽക്കുന്ന നെൽകൃഷി നിലവിലുണ്ട്. എന്നിട്ട്, കേരളീയർ കുടിവെള്ളത്തിനും അവന്റെ ഭക്ഷണത്തിനും മുറവിളി കൂട്ടുന്നു. വിഷമയമായ ഭക്ഷണവും വെള്ളവും ഭക്ഷിക്കാൻ വിധിക്കപ്പെടുന്നു. അര്‍ബുദ രോഗത്തിന്റെ വർധനയ്ക്ക് മുഖ്യ കാരണങ്ങളിൽ ഒന്ന് അതാണെന്ന് മനസ്സിലാക്കാൻ ഗവേഷണമോ വലിയ പഠനങ്ങളോ ന്നെും അത്യാവശ്യമില്ല.

 

ചന്ദ്രബോസിന്റെ കൊലപാതക അന്വേഷണം  അസാധാരണത്വം നിറഞ്ഞ ഒരു കേസന്വേഷണമായി മാത്രമായി ഒതുങ്ങാൻ പാടുള്ളതല്ല. അതിനേക്കാൾ പ്രാധാന്യത്തോടെ അന്വേഷിക്കേണ്ട വിഷയമാണ് നിസാം സിൻഡ്രോം. നിസാം സമൂഹത്തിന് ഭീഷണിയാകും വിധം പെരുമാറിയിരുന്ന വ്യക്തിയാണ്. ഒരു വനിതാ എസ്.ഐയെ ബലാൽക്കാരമായി പിടിച്ച് തന്റെ വാഹനത്തിൽ ഇട്ട് പൂട്ടിയ വ്യക്തിയാണ്. സംസ്ഥാനത്തെ ബന്ദിയാക്കുന്നതിന് തുല്യമാണത്. അതിനുള്ള ധൈര്യം നിസാമിന് നൽകിയത് ഭരണകൂടം തന്റെ ചൊൽപ്പടിക്കു നിൽക്കും എന്ന വിശ്വാസമാണ്. അതങ്ങനെ സംഭവിച്ചു. അതിന്റെ പരിണത ഫലമാണ് ചന്ദ്രബോസിന്റെ കൊലപാതകത്തിൽ കലാശിച്ചത്. ചന്ദ്രബോസ് ആക്രമിക്കപ്പെട്ട നാൾ മുതൽ പതിവുപോലെ നിസാമിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നുള്ളത് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം തെളിഞ്ഞിരിക്കുന്നു. സംസ്ഥാന സർക്കാർ തന്നെ അത് സമ്മതിച്ചതിന്റെ തെളിവാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണറായിരുന്ന ജേക്കബ് ജോബിനെ സ്ഥലം മാറ്റുകയും പിന്നീട് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തത്. അതിനാൽ ഒരുപക്ഷേ, കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ കുറ്റമറ്റതായ ഒരു അന്വേഷണ സംവിധാനം കൊണ്ടുവന്ന് അന്വേഷിക്കേണ്ട ഒന്നാണ് നിസാം സിൻഡ്രോം. അല്ലെങ്കിൽ വെറും അസാധാരണ കേസെന്ന നിലയിൽ ചന്ദ്രബോസ് കൊലക്കേസ് അതിന്റെ നടപടിക്രമങ്ങളിലൂടെ കടന്നുപോകും. ചിലപ്പോൾ നിസാം ശിക്ഷിക്കപ്പെട്ടെന്നിരിക്കും. ഇല്ലെന്നുമിക്കും. ശിക്ഷയിൽ നിന്ന് ഊരിപ്പോകാനാണ് സാധ്യത കൂടുതലും. ചന്ദ്രബോസ് എന്ന സാധാരണ മനുഷ്യന്റെ കൊലപാതകം എന്ന കുറ്റത്തേക്കാൾ എത്രയോ മടങ്ങ് ഗുരുതരമായ കുറ്റകൃത്യങ്ങളാണ് നിസാം സിൻഡ്രോമിനെ തുടർന്നുണ്ടായത്. കുറ്റവാസനയുള്ള ഒരു വ്യക്തിയുടെ മാനസിക ഘടന മനസ്സിലാക്കാവുന്നതേ ഉള്ളു. എന്നാൽ, അതുപോലെയല്ല സംസ്ഥാനത്തിന്റേയും ജനതയുടേയും രക്ഷ ഉറപ്പാക്കേണ്ടവരിൽ നിന്ന് രക്ഷ തേടേണ്ടി വരികയും അതിന്റെ ഭീതിയിൽ ജീവിക്കേണ്ടിയും വരുന്ന ജനതയുടെ അവസ്ഥ. ആ സ്ഥിതി അപകടകരമാണ്. അതിനാലാണ് കുറ്റമറ്റതായ അന്വേഷണം നിസാം സിൻഡ്രോം അർഹിക്കുന്നതും ഇത് വെറും ചന്ദ്രബോസ് കൊലപാതകക്കേസ്സായി പോകാതിരിക്കേണ്ടതിന്റെ ആവശ്യകതയും.

 

നിസാം സിൻഡ്രോം പ്രത്യേക അന്വേഷണ സംവിധാനത്തെ ആവശ്യമാക്കുന്ന ഘടകങ്ങൾ താഴെപ്പറയുന്നവയാണ്.

1. ചന്ദ്രബോസ്സിന്റെ മരണമൊഴി എടുക്കാമായിരുന്നിട്ടും പൊതുജനം ശ്രദ്ധിച്ചുകൊണ്ടിരുന്നിട്ടും എടുക്കാതിരുന്നത്.

2. ചന്ദ്രബോസ് ആക്രമിക്കപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ ചോരപുരണ്ട വസ്ത്രം പോലീസ് തൊണ്ടിയായി സൂക്ഷിക്കാതിരുന്നത്.

3. ജേക്കബ് ജോബിനെ സസ്പെന്‍ഡ് ചെയ്തതിലൂടെ സംസ്ഥാന സർക്കാർ തന്നെ സമ്മതിച്ചിരിക്കുന്നു, നിസ്സാമിനെ രക്ഷിക്കാൻ ശ്രമം നടത്തിയിരുന്നുവെന്ന്.

4. നിസാം മുൻപകപ്പെട്ട കേസുകളിൽ നിന്ന് ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടു.

5. പോലീസ് ഏർപ്പാടാക്കിയ വാഹനം ഉപേക്ഷിച്ച് എങ്ങനെ അന്വേഷണ സംഘം നിസാമിന്റെ റോൾസ് റോയ്‌സ് കാറിൽ ബംഗളുരുവിൽ പോവുകയും ഉല്ലാസ യാത്ര നടത്തുകയും ചെയതു. അതും കേരളം മുഴുവൻ ഈ കേസിന്റെ ഗതി നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ.

6. കേരളം മുഴുവൻ ഈ കേസ് ശ്രദ്ധിക്കുമ്പോഴും പരസ്യമായി നിസ്സാമിനെ രക്ഷിക്കാൻ ഉന്നതങ്ങളിലുള്ളവർ ശ്രമിക്കുന്നു.

7. നിസ്സാമിന്റെ ഭാര്യയെ പോലീസ് പ്രതിപ്പട്ടികയിൽ ചേർക്കുകയോ ചന്ദ്രബോസ് മരിച്ച് മുറവിളി ഉണ്ടാവുന്നിടം വരെ അവരെ ചോദ്യം ചെയ്യാനോ പോലും തയ്യാറായില്ല.

8. നിസ്സാമിന്റെ ഭാര്യയെ സാക്ഷിയാക്കി മാറ്റാൻ പോലീസ് ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾ.

9. ചന്ദ്രബോസ്സ് ആക്രമിക്കപ്പെട്ടിട്ടും മാദ്ധ്യമ ശ്രദ്ധ ഉണ്ടായിട്ടുപോലും നിസാമിനെ അറസ്റ്റ് ചെയ്യാൻ തയ്യാറാകാതിരുന്ന പേരാമംഗലം സർക്കിൾ ഇന്‍സ്പെക്ടര്‍ തന്നെ ഇപ്പോഴും ചന്ദ്രബോസ് കൊലക്കേസ്സ് അന്വേഷിക്കുന്നു

10. ഏറ്റവുമൊടുവിൽ, നിസാമിനെ രക്ഷിക്കാൻ സംസ്ഥാന പോലീസ് മോധാവി നേരിട്ട് ഇടപെട്ടതിന്റെ തെളിവുകൾ ചീഫ് വിപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിരിക്കുന്നു.

11. പോലീസ് മേധാവിക്കു വേണ്ടി മറ്റൊരു ഡി.ജി.പി കൂടിയും നിസാമിനെ രക്ഷിക്കാൻ രംഗത്തിറങ്ങിയതിന്റെ തെളിവുകളും പോലീസ് മേധാവിക്കെതിരെയുള്ള തെളിവുകളുടെ കൂട്ടത്തിൽ ചീഫ് വിപ്പ് മുഖ്യമന്ത്രിയെ ഏൽപ്പിച്ചിരിക്കുന്നു.

12. അഴിമതിക്കെതിരെ സന്ധിയില്ലാ പോരാട്ടത്തിന് എല്ലാവരേയും അഴിമതി വിരുദ്ധ ദിനത്തിൽ മുഖ്യപത്രങ്ങളുടെ എഡിറ്റോറിയൽ പേജിലെ ലേഖനത്തിലൂടെ ആഹ്വാനം ചെയ്ത ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറയുന്നു, ഡി.ജി.പിയിൽ പരിപൂർണ്ണ വിശ്വാസമുണ്ടെന്ന്.

 

ഔദ്യോഗിക തലത്തിൽ നിസാമിനെ രക്ഷിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്ന് സർക്കാരും  സമ്മതിക്കുന്നു. അതിന് ശ്രമിച്ചതിൽ പ്രധാനി സംസ്ഥാന പോലീസ് മേധാവിയാണെന്ന് തെളിവ് സഹിതം ചീഫ് വിപ്പ് മുഖ്യമന്ത്രിയെ ഏൽപ്പിക്കുന്നു. ആഭ്യന്തര മന്ത്രി പറയുന്നു ഡി.ജി.പിയിൽ വിശ്വാസമുണ്ടെന്ന്. ഈ സാഹചര്യമാണ് നിസാം സിൻഡ്രോം സൃഷ്ടിക്കുന്നത്. ചിലപ്പോൾ നിസാമിനെ മറ്റാർക്കെങ്കിലും വേണ്ടി ക്വട്ടേഷൻ ഏറ്റെടുത്ത് കൊല ചെയ്യാൻ ശ്രമിച്ചപ്പോൾ സ്വയരക്ഷയ്ക്ക് വേണ്ടി വാഹനമോടിച്ചു രക്ഷപ്പെടാൻ നോക്കിയപ്പോൾ മരണപ്പെട്ടതാണ് ചന്ദ്രബോസെന്നുള്ള കഥ വാർത്തയായി വരാനും സാധ്യത ഇല്ലാതില്ല. ഏതെങ്കിലും അനാഥാലയത്തിന് കുറച്ച് കോടികൾ  കൊടുക്കുകയോ അതുമല്ലെങ്കിൽ ചന്ദ്രബോസിന്റെ കുടുംബത്തിന് ഏതാനും കോടി കൊടുക്കുകയോ അദ്ദേഹത്തിന്റെ മകനെ വിദേശത്തയച്ച് പഠിപ്പിക്കാൻ തീരുമാനിക്കുകയോ ഒക്കെ ചെയ്യാൻ കൂടി നിസാം തീരുമാനിക്കുകയാണെങ്കിൽ നിസാം കേരളത്തിൽ വിവിധ തരം അവാർഡുകൾകൊണ്ട് മൂടപ്പെടാനും പദ്മശ്രീയുൾപ്പടെയുള്ള പുരസ്കാര ജേതാവാകാനുമുളള സാഹചര്യം നിലനിൽക്കുന്നു. അങ്ങനെ വന്നാൽ നിസ്സാമിന്റെ ക്രൂരകൃത്യങ്ങൾ, ചതിയൻ ചന്തു വീരനായകനായപോലെ, കാൽപ്പനികമായ വീരേഹിതാസങ്ങളായി പാടിപ്പുകഴ്ത്താൻ പാകമായ മാദ്ധ്യമാന്തരീക്ഷവും  നിലവിലുണ്ട്. ഇതാണ് നിസ്സാം സിൻഡ്രോം. ഇതാണ് കൊലക്കേസ് അന്വേഷണത്തേക്കാൾ ഗൗരവമർഹിക്കുന്ന അന്വേഷണം.

Tags: