നിസാം സിൻഡ്രോം

Glint Staff
Tue, 17-02-2015 12:59:00 PM ;

mohammed nisham

 

ധനവും അധികാരവുമായി കൂടിക്കുഴയുമ്പോഴുണ്ടാകുന്ന പ്രത്യേക മാനസികാവസ്ഥയുണ്ട്. അവിടെ നിയമങ്ങൾ അപ്രസക്തമാകുന്നു. നിയമലംഘനം അധികാരത്തെ ആസ്വദിക്കുന്നതിനുള്ള ഉപാധിയായി മാറുന്നു. ഇവിടെ ധനത്തേക്കാൾ അപകടകാരി അധികാരമാണ്. ചെറിയൊരു സ്റ്റേറ്റ് ബോർഡുപോലുമുള്ള വാഹനങ്ങൾ നിരത്തിൽ നിയമം തെറ്റിച്ചും മറ്റുള്ളവർക്ക് അസ്വസ്ഥതയുമുണ്ടാക്കിയും പോകുന്നത് നിത്യ കാഴ്ചയാണ്. അധികാരത്തെ ആസ്വദിക്കുകയാണ് അവർ ചെയ്യുന്നത്. അജ്ഞതയിൽ നിന്നാണ് ഇവ്വിധമുള്ള ആസ്വാദനം ഉടലെടുക്കുന്നത്. അധികാരമെന്നത് കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള ഉപാധിയാണ്. അത് ഉത്തരവാദിത്വമാണ്. എന്നാൽ നിരത്തിലെ അധികാരസംസ്കാരം സാധാരണ ജനങ്ങളിൽ ഇതിനകം സൃഷ്ടിച്ചിട്ടുള്ള ധാരണ മറ്റുള്ളവരുടെ മേൽ ആധിപത്യം ഉറപ്പിക്കുകയാണ് അധികാരം എന്നതാണ്. ഇതിന്റെ ഫലമാണ് സർക്കാർ ഓഫീസുകളിൽ ചെല്ലുമ്പോൾ പൊതുജനസേവകരായ ഉദ്യോഗസ്ഥർ യജമാനന്മാരും ജനം അടിമയുമായി മാറുന്നത്.

 

വർത്തമാനകാലത്ത് ധനികരെ രാഷ്ട്രീയക്കാർ പൊതിയുകയും പരസ്പരം സൗഹൃദം വർധിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷമാണുള്ളത്. പിന്നീട് കൊടുക്കൽ വാങ്ങൽ പോലെയുള്ള ബന്ധം ഇവർ തമ്മിലുണ്ടാകുന്നു. രാഷ്ട്രീയക്കാർ അധികാരത്തിലേറുമ്പോൾ ധനികർക്ക് സ്വയം തോന്നുന്നു, തങ്ങളും അധികാരത്തിലാണെന്ന്. എന്തിനേയും ലംഘിക്കാനും ഇഷ്ടം പോലെ എന്തും പ്രവർത്തിക്കാനും അവർക്ക് ആത്മവിശ്വാസമുണ്ടാകുന്നു. എന്തുവന്നാലും തങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന തോന്നലിൽ നിന്നാണ് ഇത്തരം വിശ്വാസങ്ങള്‍ ഉണ്ടാകുന്നത്. അതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിലാകും അവർ അത്തരമൊരു മാനസികാവസ്ഥയില്‍ എത്തിച്ചേരുന്നത്. കുറ്റകൃത്യങ്ങളിൽ ചില സന്ദർഭങ്ങളിൽ പിടിക്കപ്പെട്ടുപോയാൽ രാജ്യത്തെ മുന്തിയ അഭിഭാഷകരെ ഏർപ്പാടാക്കി അതിൽ നിന്നും തലയൂരാമെന്ന ആത്മവിശ്വാസവും അവരെ നയിക്കുന്നു. അത്തരമൊരു സാമൂഹിക അന്തരീക്ഷത്തിന്റെ ഉദാഹരണമാണ് കിംഗ്‌സ് ബീഡി ഉടമ മുഹമ്മദ് നിസാം. അദ്ദേഹത്തിന്റെ ആക്രമണത്തിനിരയായ തൃശ്ശൂർ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് മരിച്ചു. അറസ്റ്റിലായ നിസാമിന്റെ പേരിൽ കൊലക്കുറ്റത്തിനും കേസ്സെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ഒട്ടേറെ കേസ്സുകളിൽ കുടുങ്ങിയതിനെ തുടർന്നാണ് നിസാം ജനശ്രദ്ധയിൽ പെട്ടത്. നിസ്സാമിന്റെ അറസ്റ്റിനെ തുടർന്നാണ് കൊച്ചിയിലെ അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്നുമായി ചലച്ചിത്ര നടൻ ഷൈന്‍ ടോം ചാക്കോയേയും മറ്റ് നാല് യുവതികളും പോലീസ് പിടിയിലായത്.

 

നിസാമിന്റെ അറസ്റ്റ് മറ്റ് അറസ്റ്റുകളിലേക്ക് നീങ്ങി. അതും കൊക്കെയിൻ പോലുള്ള മയക്കുമരുന്നുമായി ബന്ധപ്പെട്ട്. ഒരു ശൃംഖലയിലൂടെയല്ലാതെ ഈ കൊക്കെയിൻ കൊച്ചിയിലോ ഷൈന്‍ ടോം ചാക്കോയുടെ കൈയ്യിലോ എത്തില്ല. ഏറെ നാളായി രാത്രിയിൽ കൊച്ചിയിൽ നടക്കുന്ന പുകപ്പാർട്ടികളിൽ ഉഗ്ര മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി പോലീസിന് വിവരം ലഭിക്കുകയും അന്വേഷണം കുറച്ചൊക്കെ മുന്നോട്ടുപോവുകയും ചെയ്തിരുന്നതാണ്. ഒരു നൗകപാർട്ടിയിൽ മയക്കുമരുന്നുപയോഗം പിടിക്കപ്പെട്ടപ്പോൾ സിനിമാ-രാഷ്ട്രീയ ബന്ധങ്ങളിൽ തട്ടി അന്വേഷണം മാഞ്ഞുപോയി. ഷൈന്‍ ടോം ചാക്കോയും മറ്റ് യുവതികളുടേയും അറസ്റ്റിനെ തുടർന്ന് അന്വേഷണം നീങ്ങിയപ്പോൾ അതിന്റെ ചുമതല വഹിച്ചിരുന്ന കൊച്ചി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സ്ഥലം മാറ്റപ്പെട്ടു. ഇതെല്ലാം സൂചിപ്പിക്കുന്നത് നിസാം പ്രവണതയ്ക്ക് കോട്ടം തട്ടാതെ നിലകൊള്ളുന്നു എന്നതാണ്.

 

സിനിമയും മയക്കുമരുന്നും ധനധാരാളിത്തവും രാഷ്ട്രീയവും അധികാരവും എല്ലാം ചേർന്നുള്ള ചേരുവ പ്രകടമായി ആധിപത്യം സ്ഥാപിച്ച് അധോലോക നിഴൽ നീക്കി ഉപരിലോകവെളിച്ചത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ലക്ഷണമാണ് നിസാം പ്രവണതയിലൂടെ കാണുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള ചില സിനിമകളുടെ ഇതിവൃത്തം ശ്രദ്ധിച്ചാലും ഒരു കാര്യം വ്യക്തമാകും. നിയമലംഘനവും തെമ്മാടിത്തവും ഗുണ്ടായിസവുമൊക്കെ കാണിക്കുന്ന നായകന്മാർക്ക് താരപരിവേഷം ചാർത്തിക്കൊടുക്കുന്ന ഇതിവൃത്തങ്ങൾ. ഒരിക്കൽ നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഈ വിഷയം സൂചിപ്പിച്ചതാണ്. ഇപ്പോൾ മയക്കുമരുന്നു പിടിക്കപ്പെട്ടപ്പോഴും അദ്ദേഹം സിനിമയിലെ പുതിയ സംസ്കാരത്തെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. സിനിമയിപ്പോൾ പല നിയമലംഘനങ്ങൾക്കും നല്ല കുപ്പായമായി ഉപയോഗിക്കപ്പെടുന്നു. ഒരു സിനിമയുമായി ബന്ധപ്പെട്ടുകഴിഞ്ഞാൽ പിന്നെ താൻ എല്ലാവിധ പ്രത്യേക പരിഗണനകൾക്കും അർഹരാണെന്ന ധാരണ പൊതുവേ ചാനൽസഹായത്തോടെ ഉരുത്തുരിഞ്ഞിട്ടുണ്ട്. ഇതെല്ലാം തങ്ങളുടെ സമാന്തരപ്രവർത്തനങ്ങൾക്ക് മറയായി നിസാം പ്രവണതക്കാർ ഉപയോഗിക്കുന്നു.

 

നിസാമിന്റെ ഫോണിലെ നമ്പരുകളുടെ ഉടമകളെ തിരിച്ചറിഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥർ അമ്പരന്നതായി റിപ്പോർട്ടുകൾ ഇതിനകം പുറത്തു വന്നിട്ടുണ്ട്. ആ നിലയ്ക്ക് ഏതാനും ദിവസങ്ങൾക്ക് ശേഷം ചാനൽ ചൂട് തണുക്കുമ്പോൾ നിയമത്തിന്റെ പഴുതുകളുപയോഗിച്ച് നിസാം പുറത്തുവന്നെന്നിരിക്കും. അദ്ദേഹത്തിനെതിരെ ഇപ്പോൾ കേസ്സുകൾ ചാർജ്ജ് ചെയ്യുന്നതെങ്ങിനെ എന്നുള്ളതും ചന്ദ്രബോസ് കൊലക്കേസ്സിന്റെ ഗതിയെ നിർണ്ണയിക്കുന്നതാണ്. അവിടെയൊക്കെയാണ് നിസാമിന്റെ ബന്ധങ്ങളുടെ നിർണ്ണായകത്വം പ്രസക്തമാകുന്നത്. സോളാർ കേസ്സിലെ സരിതാ നായർ താരമായ കേരളത്തിൽ അവർക്കു പിന്നാലെ ചാനലുകൾ പരിപാടികൾക്കായി പരക്കം പായുന്നു. അതുപോലെ നാളെ നിസാമും തന്റെ ആഡംബര കാറുകളുടേയും അഞ്ചുലക്ഷം രൂപയുടെ ഷൂസിന്റേയും പേരിൽ താരപരിവേഷത്തോടെ ചാനലുകളിൽ പ്രത്യക്ഷപ്പെട്ട് കാണികളിൽ ഇക്കിളി സൃഷ്ടിച്ചെന്നിരിക്കും. ഇവിടെയാണ് നിസാം സിൻഡ്രോം അഥവാ നിസാം പ്രവണത ഒരു സാംസ്കാരിക മാറ്റമായി കേരള സമൂഹത്തിൽ പ്രകടമാകുന്നത്. ഈ സാംസ്കാരിക മാറ്റത്തിന്റെ ഏറ്റവും സുപ്രധാനമായ തിരിവ് വന്നത് സരിതാ സിൻഡ്രത്തോടുകൂടിയാണ്. അധോലോകത്തിൽ നിന്നിരുന്നവർ ഉപരിലോകത്തിലേക്ക് പ്രത്യക്ഷത്തിൽ വരികയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുന്ന ഈ മാറ്റത്തിന്റെ ദുരന്തത്തുടര്‍ച്ചയാണ് നിസാം സിൻഡ്രോം. പ്രഹസന തുടര്‍ച്ചകള്‍ക്ക് ഇനി കാത്തിരിക്കാം.

Tags: