മുഖംമൂടി സമരവും പേടിച്ചുവിറയ്ക്കുന്ന യൗവ്വനവും

Glint Staff
Sat, 07-02-2015 07:35:00 PM ;

T C S, IT mask strike

 

പേടിക്കുന്നവരുടേയും പേടിപ്പെടുത്തുന്നവരുടേയും മനശ്ശാസ്ത്രം ഒന്നു തന്നെ. പേടിക്കുന്നവനേക്കാള്‍ പേടിത്തൊണ്ടനാണ് പേടിപ്പെടുത്തുന്നവന്‍. കാരണം അവന്‍ പേടിയുള്ളവനെ പേടിക്കുകയും അതിന്റെ ഫലമായി അവനെ പേടിപ്പിച്ചുനിര്‍ത്തുകയും ചെയ്യുന്നു. ഒരു കയര്‍ കണ്ടാല്‍ അതിനെ പാമ്പാണെന്ന്‍ മനസ്സിലാക്കിക്കഴിഞ്ഞാല്‍ അതു കാണുന്ന വ്യക്തിക്ക് അത് യഥാര്‍ഥ പാമ്പ് തന്നെ. അതിനാല്‍ പാമ്പിനെ കാണുന്നപോലെ അയാള്‍ പ്രതികരിക്കും. അത് കയറാണെന്ന്‍ അറിയുന്ന നിമിഷം പേടി അകലുന്നു. അറിവാണ് പേടിയെ ഇല്ലായ്മ ചെയ്യുന്നത്. പേടി ഉടലെടുക്കുന്നത് അജ്ഞതയില്‍ നിന്നും. ഒരു വ്യക്തിയും സമൂഹവും പേടിയില്‍ നിന്ന് എത്രമാത്രം അകലുന്നുവോ അതനുസരിച്ചാണ് മനുഷ്യപുരോഗതി നിര്‍ണ്ണയിക്കുന്നത്. പേടിയാണ് വ്യക്തികളും രാജ്യങ്ങളുമൊക്കെ തമ്മിലുള്ള യുദ്ധങ്ങള്‍ക്കും കാരണം. വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നത് അറിവ് നേടി പേടി അകറ്റി സ്വതന്ത്രവും സര്‍ഗാത്മകവുമായി വ്യക്തിയും സമൂഹവും പുരോഗതിയിലേക്ക് മുന്നേറുക എന്നതാണ്. മനുഷ്യരാശി ഉണ്ടായതിനു ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും നൂതനമായ ഉപകരണമാണ് അവന്റേയും അവളുടേയും കൈയ്യില്‍ ഒരുപോലെ വഴങ്ങുന്ന ഡിജിറ്റല്‍ വിദ്യ. ആ വിദ്യ കരസ്ഥമാക്കുന്ന മനുഷ്യന്‍ നിര്‍ഭയനായി മെച്ചപ്പെട്ട നൂതന മനുഷ്യനായി മാറേണ്ടതാണ്. കാരണം ശിലായുഗത്തില്‍ കല്ലുകൊണ്ടുള്ള ആയുധം ഇരുന്ന സ്ഥാനത്താണ് ഇന്ന് ഡിജിറ്റല്‍ ആയുധമിരിക്കുന്നത്.

 

യൗവനം ഊര്‍ജ്ജം അതിന്റെ  ഉച്ചസ്ഥായില്‍ എത്തുന്ന ഘട്ടമാണ്. അതുകൊണ്ടാണ് യൗവനം പ്രസക്തവുമാകുന്നത്. ഇന്ത്യ ഇപ്പോള്‍ ഉദ്‌ഘോഷിക്കുന്നത്, ഇന്ത്യയുടെ ജനസംഖ്യയുടെ 64 ശതമാനത്തിലധികവും യുവതീയുവാക്കളാണെന്നുള്ളതാണ്. ആ ഊര്‍ജത്തില്‍ ഇന്ത്യയെ ഏത് ദിശയിലേക്ക് വേണമെങ്കിലും നൂതനമായ ഡിജിറ്റല്‍ ഉപകരണത്തിന്റെ സഹായത്തോടെ എത്തിക്കാന്‍ കഴിയുമൊണ്. ആ വിചാരം ശരിയാണ്. ഏത് ഘട്ടത്തിലായാലും ഊര്‍ജ്ജം അതിന്റെ പ്രഭാവത്തിലാകണമെങ്കില്‍ അത് അതിന്റെ ശക്തി പ്രകടമാക്കുമ്പോഴാണ്. അല്ലെങ്കില്‍ വിപരീതഫലമാകും സംഭവിക്കുക. ഈ സാഹചര്യത്തിലാണ് ഉന്നത വിദ്യാഭ്യാസവും ഐ.ടി സാങ്കേതികവിദ്യയില്‍ മികവും നേടിയ യുവതീയുവാക്കളുടെ അവസ്ഥ ദയനീയ കഥ വെളിപ്പെടുത്തുന്നത്.

 

കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ടി.സി.എസ് സ്ഥാപനത്തില്‍ നിന്ന് മുപ്പതോളം ഐ.ടി.ജീവനക്കാര്‍ പിരിച്ചുവിടപ്പെട്ടു. ഐ.ടി.മേഖലയില്‍ ഇതുവരെ സമരവും കൊടികുത്തും വ്യാപകമായിട്ടില്ല. പത്തൊന്‍പതാം നൂറ്റാണ്ടിലെ തൊഴിലാളികള്‍ പോലും ധൈര്യപൂര്‍വ്വം പണിമുടക്കിക്കൊണ്ട് കൊടികുത്തിയെന്നാലോചിക്കണം. ആ ആചാരത്തിന്റെ മേല്‍ശാന്തിക്കാരാണ് ഇന്ത്യയില്‍ സി.പി.ഐ.എം. മുന്‍പൊക്കെ കൊടിയും കുത്തി സമരവും സംഘടിപ്പിച്ചിരുന്നെങ്കില്‍ പിന്നീട് ആ ആചാരം പ്രധാനമായും കൊടികുത്തിലേക്ക് ചുരുങ്ങിയിരുന്നു. അപൂര്‍വ്വം വേളകളില്‍ പണിമുടക്ക് സമരവും. ഐ.ടി മേഖലയിലേക്ക് സി.പി.ഐ.എം. ഇതുവരെ പ്രവേശം കിട്ടാതെ കിടക്കുകയായിരുന്നു. ആദ്യമായി കമ്പ്യൂട്ടറെത്തിയപ്പോള്‍ അത് തല്ലിപ്പൊളിച്ചുകൊണ്ട് അതിനെതിരെ സമരം സംഘടിപ്പിച്ച ചരിത്രം വിസ്മരിക്കപ്പെടുന്നില്ല. എന്തായാലും ടി.സി.എസ്സിലെ ജീവനക്കാര്‍ പിരിച്ചുവിടപ്പെട്ടതോടെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ സ്വാഭാവികമായും തൊഴിലാളികളുടെ സഹകരണത്തോടെ അസ്സോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോയീസ് (സി.ഐ.ടി.യു) 2015 ഫെബ്രുവരി 6-ന് സമര രംഗത്തെത്തി. സമരം ചെയ്തതാകട്ടെ ടി.സി.എസ് മേധാവി ചന്ദ്രശേഖരന്റെ മുഖത്തോടുകൂടിയ മുഖംമൂടി അണിഞ്ഞുകൊണ്ട്. ചന്ദ്രശേഖരന്റെ മുഖം കാണിക്കുക എന്നതായിരുന്നില്ല സമരക്കാരുടേയും സംഘാടകരുടേയും ലക്ഷ്യം. സമരത്തിലേര്‍പ്പെടുന്നവരുടെ മുഖം മറയ്ക്കുക എന്നതായിരുന്നു. പ്രത്യക്ഷത്തില്‍ ഐ.ടി രംഗത്തും സമരം കടന്നുവരുന്നു എന്ന് തോന്നും. എന്നാല്‍ ഈ മുഖംമൂടി സമരം സമൂഹത്തിലേക്കും ഐ.ടി വ്യവസായ രംഗത്തേക്കും നല്‍കുന്ന സന്ദേശം സാധാരണ ഐ.ടി ജീവനക്കാരെ സംബന്ധിച്ച് അങ്ങേയറ്റം വിനാശകരമാണ്. ഏത് ചൂഷണത്തിനു വേണമെങ്കിലും മാനേജ്‌മെന്റുകള്‍ക്ക് ഇവരെ ഇരയാക്കാമെന്നും  ഈ സമരം വ്യക്തമാക്കുന്നു.

 

തങ്ങളുടെ മുഖം മാധ്യമങ്ങളിലൂടെ വ്യക്തമായാല്‍ മറ്റ് സ്ഥാപനങ്ങളില്‍ തൊഴില്‍ ലഭിക്കുന്നതിന് തടസ്സമാകും എന്ന ചിന്തയാണ് സമരക്കാരേയും അതിന് നേതൃത്വം നല്‍കിയ സി.ഐ.ടി.യുവിനേയും ഇത്തരത്തില്‍ മുഖംമൂടി സമരത്തിന് പ്രേരിപ്പിച്ചത്. ഇതാണ് ആ സമരം മാനേജ്‌മെന്റുകള്‍ക്ക് നേടിക്കൊടുത്ത വന്‍ വിജയം. ലോകത്തെ തന്നെ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ വച്ച് ഏറ്റവും കൂടിയ ബുദ്ധിജീവികളുണ്ടെന്നു  പറയുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തന്നെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തന്നെ കേരളത്തില്‍ ഇത്തരത്തിലൊരു മാനേജ്‌മെന്റ് അനുകൂല സമരത്തിന് കാര്‍മ്മികത്വം വഹിച്ചുകൊണ്ട് ചരിത്രം കുറിച്ചിരിക്കുന്നു. ഏതു സമരവും എക്കാലത്തും ഉദ്ദേശിക്കുന്നത് കൂട്ടായ്മയിലൂടെ ശക്തി പ്രകടമാക്കാനാണ്. ഇവിടെ പ്രകടമാക്കിയത് കൊടിയ ദൗര്‍ബല്യം. ദുര്‍ബലരായവര്‍ ചൂഷണത്തിന് വിധേയരാക്കപ്പെടും. പി. രാജീവ് എം.പിയാണ് ഈ സമരം ഉദ്ഘാടനം ചെയ്തത്. സി.പി.ഐ.എമ്മിന്റെ സമര ചരിത്രത്തിന്റെ സാമ്പ്രദായിക അവശേഷിപ്പ് എന്ന് പറയുന്നത് മാനേജ്‌മെന്റുകളില്‍ തങ്ങളുടെ ആക്രമണസ്വഭാവത്തിലൂടെ പേടി ജനിപ്പിക്കുക എന്നതായിരുന്നു. ആ കാലഘട്ടം കഴിഞ്ഞു എന്ന് ചരിത്രപരമായ ഐ.ടി സമരം സൂചിപ്പിക്കുന്നു. സമരക്കാരില്‍ നയിക്കുന്നവരുടെ യോഗ്യത എന്നു പറയുന്നത് ആദ്യമായി തൊഴിലാളികളുടെ വിശ്വാസ്യത ആര്‍ജിക്കുക എന്നുള്ളതാണ്. അതിനുപോലും ഇവിടെ കഴിയാതെ പോയി. മുഖംമൂടി സമരത്തിലൂടെ തങ്ങള്‍ നടത്തുന്നത് തോല്‍ക്കാനുള്ള സമരമാണെന്നുകൂടി പ്രഖ്യാപിക്കലായിരുന്നു. പങ്കെടുത്തവര്‍ക്കും, നേതൃത്വം നല്‍കിയവര്‍ക്കും ആ ബോധമുള്ളപ്പോള്‍ ഇതു കണ്ട് മാനേജ്‌മെന്റ് നന്നായി ചിരിച്ചുകാണും. മറ്റു മാനേജ്‌മെന്റുകള്‍ ഇതുവരെ തങ്ങള്‍ തിരിച്ചറിയാതിരുന്ന പുതിയ ഒരായുധം കൂടി കിട്ടിയതിന്റെ ആവേശത്തിലേക്ക് ഉയര്‍ന്നുകാണും. ഈ സമരം കൊണ്ട് ഐ.ടി മാനേജ്‌മെന്റുകള്‍ക്ക് മൊത്തത്തില്‍ നേട്ടമുണ്ടായതിനൊപ്പം ഒരു വ്യക്തിക്കുകൂടി വന്‍നേട്ടമുണ്ടാക്കിക്കൊടുത്തു. അത് സമരക്കാര്‍ മുഖംമൂടിയായി ഉപയോഗിച്ച ചിത്രത്തിന്റെ ഉടമ ചന്ദ്രശേഖരനാണ്. അദ്ദേഹത്തിനെ വന്‍ സ്ഥാപനങ്ങള്‍ മുന്തിയ ദൗത്യവുമായി താമസിയാതെ പൊക്കിക്കൊണ്ടു പോയേക്കാം. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പട്ടിണിക്കാരായ വിദ്യാഭ്യാസമില്ലാത്ത തൊഴിലാളികള്‍ക്കുണ്ടായിരുന്ന ധൈര്യം പോലും ഡിജിറ്റല്‍ യുഗത്തിലെ ആ ആയുധധാരികള്‍ക്കില്ലെന്നുള്ളത് മനുഷ്യരാശിയുടെ ഗതിയില്‍ പോലും നാണക്കേടായ ഒരേടായി അവശേഷിക്കുന്നു. നൂതന യുഗത്തില്‍ പ്രാകൃതരായി ജീവിക്കാന്‍ വിധിക്കപ്പെട്ടവര്‍ എന്നേ ഇതിനെ വിശേഷിപ്പിക്കാന്‍ കഴിയൂ.

Tags: