പിണറായി സര്‍ക്കാര്‍ പലപ്പോഴും സ്വയം പരാജയം ഉറപ്പാക്കുന്ന തീരുമാനങ്ങളിലേക്കു നീങ്ങുന്നു. അത്തരം സന്ദര്‍ഭങ്ങളില്‍ രാഷട്രതന്ത്രജ്ഞതയ്ക്കു പകരം വ്യക്തികളുടെ പരിമിതത്വ സ്വഭാവം അല്ലെങ്കില്‍ പരിമിതികള്‍ തീരുമാനത്തെ സ്വാധീനിക്കുന്നു. പോലീസ് മേധാവി ടി.പി. സെന്‍കുമാറിന്റെ പുനര്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള എല്ലാ തീരുമാനങ്ങളും ആ വിധത്തിലായിരുന്നു. അഡ്മിനിസ്‌ട്രേഷന്‍ ചുമതലയുള്ള എ ഡി ജി പി യായി ടോമിന്‍ ജെ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് ഏറ്റവും വലിയ സ്വയം പരാജയം ഏറ്റുവാങ്ങുന്ന തീരുമാനമായി.
ടോമിന്‍ തച്ചങ്കരിയെ നിയമിച്ചതിന് ഇടതുപക്ഷത്തിന് ഒന്നടങ്കം രാഷ്ട്രീയമായി നല്‍കേണ്ടി വരുന്ന വില വലുതായിരിക്കും. സംസ്ഥാന പോലീസില്‍ ടി.പി.സെന്‍കുമാറും ടോമിന്‍ ജെ തച്ചങ്കരിയും രണ്ടു പ്രതീകങ്ങള്‍ കൂടിയാണ്. രണ്ട് ആശയങ്ങളുടെ, ഒരാള്‍ അഴിമതി രഹിത വ്യക്തിത്വത്തിന്റെയും മ്‌റ്റേയാള്‍ അഴിമതിയുടെയും . ഇതില്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പമെന്നത് ജനം നിരീക്ഷിക്കുന്നുണ്ട്. ഇവിടെയാണ് ഈ സര്‍ക്കാര്‍ എടുത്ത തീരുമാനം രാഷ്ട്രീയമായി ആത്മഹത്യാപരമായി മാറുന്നത്.
അഴിമതി രഹിത ഭരണത്തെ ഈ സര്‍ക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. ഈ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായും ആ വസ്തുത ഉയര്‍ത്തിക്കാട്ടുന്നു. മുന്‍ സര്‍ക്കാരുമായി താരതമ്യത്തില്‍ ആ അവകാശവാദത്തില്‍ പൂര്‍ണ്ണമായല്ലെങ്കിലും കഴമ്പുണ്ട്. എന്നാല്‍ അഴിമതിയുമായി സര്‍ക്കാര്‍ സന്ധി ചെയ്യുന്നതിന്റെ പ്രത്യക്ഷ ഉദാഹരണമായിപ്പോയി തച്ചങ്കരിയുടെ പോലീസ് ആസ്ഥാനത്തെ നിയമനം. അതും സെന്‍കുമാറിന്റെ പശ്ചാത്തലത്തില്‍ . തച്ചങ്കരിക്കെതിരെയുള്ള കേസ്സുകള്‍ പലവിധമാണ്. അഴിമതി മുതല്‍ ഗുരുതര ആരോപണങ്ങളടങ്ങിയവ. സെന്‍കുമാറിനെ നിരീക്ഷിക്കാന്‍ വേണ്ടിയാണോ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിയമിച്ചത് എന്ന ഹൈക്കോടതിയുടെ ചോദ്യം കൂടിയുണ്ടായപ്പോള്‍ അതെല്ലാം ഈ സര്‍ക്കാരിന്റെ വിശ്വാസ്യതയുടെ കടയക്കല്‍ വീണ വലിയ കത്തികളായി.
ഏറ്റവും ഒടുവിലത്തെ വിഷയം സെന്‍കുമാറിനെതിരെ തച്ചങ്കരി നല്‍കിയ പരാതിയും അതിന്മേല്‍ ചീഫ് സെക്രട്ടറി സെന്‍കുമാറിനോട് ചോദിച്ച വിശദീകരണവുമാണ്. സേനയ്ക്കുള്ളില്‍ ഇത്തരം സംഗതികള്‍ അനഭിലഷണീയമായ പുതിയ കീഴ്വഴക്കങ്ങളാണ് തുടങ്ങി വച്ചിരിക്കുന്നത്. ഇത് പോലീസ് സേനയുടെ കാര്യക്ഷമതയിലും അച്ചടക്കത്തിലും ദോഷകരമായ പ്രത്യാഘാതമുണ്ടാക്കുമെന്നുള്ളതിന് സംശയം വേണ്ട. തനിക്കെതിരെയുള്ള കേസകളിലെ രഹസ്യവിവരം പോലും തച്ചങ്കരി പോലീസ് ആസ്ഥാനത്തു നിന്നും കൈവശമാക്കിയെന്ന സെന്‍കുമാര്‍ ചീഫ് സെക്രട്ടറിക്കു നല്‍കിയ മറുപടിയിലെ വെളിപ്പെടുത്തല്‍ അതീവ ഗുരുതരമാണ്. ഇതിന്റെ ഉത്തരവാദിത്വവും ഈ സര്‍ക്കാരിന് ചുമക്കേണ്ടി വരും.