ആക്ടിവിസ്റ്റുകളും മുഖ്യധാരാ മാദ്ധ്യമങ്ങളും ചേർന്നുള്ള, അവരുടെ ഭാഷയിൽ പറഞ്ഞാൽ മൂല്യോൽപ്പാദനത്തിന്റെ ഇര കൂടിയാണ് ക്രൂരമായ ആക്രമണത്തിന് ഇരയായ മലയാള നടി. എല്ലാത്തിനും നിയമത്തിലൂടെയും നടപടികളിലൂടെയുമാണ് ഇവർ പരിഹാരം തേടുന്നത്. പത്രമാദ്ധ്യമങ്ങളായാലും ചാനലുകളായാലും അവരുടെ വ്യാപനത്തിനായി എപ്പോഴും ഉപയോഗിക്കുന്നത് ലൈംഗികതയെയാണ്. ഈ സിന്തറ്റിക് അഥവാ കൃത്രിമ ലൈംഗികത സമൂഹത്തിൽ രണ്ടു വയസ്സുള്ള കുട്ടി തുടങ്ങി നൂറിനോടടുപ്പിച്ച് പ്രായമുള്ളവരിൽ പോലും എപ്പോഴും ഉണർത്തിക്കൊണ്ടിരിക്കുന്നു. അതു പലവിധത്തിലാണ്. മാദ്ധ്യമങ്ങളിലെ ഓരോ പരിപാടികളും എടുത്തു നോക്കിയാൽ അത് നിഷ്പ്രയാസം കാണാൻ കഴിയും.
ലൈംഗികതയുടെ വെടിമരുന്നിനു ഒരു ഭാഗത്ത് തീ കൊളുത്തുകയും അതേ സമയം അതു പൊട്ടുന്നത് നിയമത്തിന്റെ വെള്ളമൊഴിച്ച് കെടുത്തണമെന്ന വെടി പൊട്ടിക്കുകയുമാണ് മുഖ്യധാരാ മാദ്ധ്യമങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്. വനിതാ പ്രസിദ്ധീകരണങ്ങൾ ഇക്കാര്യത്തിൽ നിർവ്വഹിക്കുന്ന പങ്ക് പച്ചമലയാളത്തിൽ വിശേഷിപ്പിക്കാൻ ബുദ്ധിമുട്ടാണ്. അക്ഷരങ്ങളോട് ബഹുമാനം പുലർത്തുന്ന സമീപനം അക്ഷരപ്രയോഗം നടത്തുന്നവർക്കുണ്ടെങ്കിൽ അതു പ്രയാസമാണ്. എല്ലാം വലിയ പുരോഗമന രീതിയിലും മേമ്പൊടിക്ക് ശാസ്ത്രീയതയും നിലനിർത്തിയായിരിക്കും ഈ പ്രസിദ്ധീകരണങ്ങൾ രതിവൈകൃത സാഹിത്യങ്ങൾ അവതരിപ്പിക്കുന്നത്. ഈ പ്രസിദ്ധീകരണങ്ങളുടെ ഉള്ളടക്കത്തിന് ഒറ്റ കാമ്പുമാത്രമായിരിക്കും ഉണ്ടായിരിക്കുക. ലൈംഗികത. അതിനെ പല രീതിയിൽ ഓരോ ലക്കത്തിലും അവതരിപ്പിച്ചുകൊണ്ടിരിക്കും. മുൻപ് കൊച്ചുപുസ്തകങ്ങൾ എന്നറിയപ്പെട്ടിരുന്നതിനേക്കാൾ ആകർഷകമായാണ് ഈ വലിയപുസ്തകങ്ങൾ അന്തസ്സിന്റെ അടയാളമെന്നോണം വീടുകളിലെ സ്വീകരണമുറികൾ അലങ്കരിക്കുന്നത്.
ലൈംഗികതയെ 24x7 ഉണർത്തിക്കൊണ്ടിരിക്കുമ്പോൾ മനുഷ്യൻ പതിക്കുന്നത് മൃഗത്തേക്കാൾ പരിതാപകരമായ അവസ്ഥയിലാണ്. ആക്ടിവിസ്റ്റുകളും മാദ്ധ്യമങ്ങളും പറയുന്ന രീതിയിൽ സമൂഹം നീങ്ങണമെന്നാണ് അവർ വാശി പിടിക്കുന്നത്. എല്ലാ പ്രശ്‌നത്തിനും അവർക്ക് പരിഹാര നിർദ്ദേശങ്ങളും ഉണ്ടാകും. ആ പരിഹാരം നടപ്പിലാക്കാത്തതാണ് തങ്ങൾ അവതരിപ്പിക്കുന്ന കുഴപ്പങ്ങൾക്ക് കാരണമെന്നും അവർ ജനങ്ങളെ ബോധ്യപ്പെടുത്തും. രാഷ്ട്രീയവും രാഷ്ട്രീയ പാർട്ടികളും ജീർണ്ണിച്ചതിനാൽ അവർക്കും ഒരു വിഷയത്തെ തങ്ങളുടെ വികാസത്തിനുള്ള ഗുണദോഷ ബന്ധത്തിനപ്പുറം വിലയിരുത്താൻ കഴിയാത്തതിനാൽ പലപ്പോഴും ആക്ടിവിസ്റ്റുകളുടെയും മാദ്ധ്യമങ്ങളുടെയും വഴിയെ അവർക്കും പിൻപറ്റേണ്ടി വരുന്നു.
മാനുഷികമായ അംശങ്ങൾ കുറയുന്ന സമൂഹത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ഒരു രോഗലക്ഷണമാണ് ബലാൽസംഗം. അത് പാരമ്യത്തിലെത്തുമ്പോഴാണ് കൂട്ടബലാൽസംഗം പോലുള്ള സംഗതികൾ സംഭവിക്കുന്നത്. മാദ്ധ്യമങ്ങൾ റേറ്റിംഗിന്റെ പിന്നാലെയും പത്രങ്ങൾ കോപ്പി വർധനയ്ക്കു പിന്നാലെയും പായുമ്പോൾ സമൂഹത്തിൽ ഇല്ലാതാകുന്നത് മാനുഷികമായ അംശങ്ങളാണ്. അവ കുറയുമ്പോൾ മനുഷ്യൻ മൃഗവുമാകുന്നില്ല. കാരണം മൃഗത്തിന്റെ മിക്ക സ്വഭാവ രീതികളും പ്രവചനപരിധിയിൽ പെടുന്നതാണ്. മൃഗങ്ങൾ പ്രകൃതിയുമായി ചേർന്നു നിൽക്കുന്നതിനാൽ. എന്നാല് മനുഷ്യൻ ഓരോ നിമിഷവും സ്വയം തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. ഒരു ദൃശ്യം കാണുമ്പോൾ ആക്ടിവിസ്റ്റുകളും വിമോചകരും മാദ്ധ്യമങ്ങളും വാശിപിടിക്കുന്നതു പോലെ കാണുന്നവരെല്ലാം കാണണമെന്ന് പറഞ്ഞാൽ അതു സാധ്യമല്ല. ഓരോ വ്യക്തിയും ഓരോ നിമിഷവും തിരഞ്ഞെടുക്കുന്നത് ആ വ്യക്തിയുടെ സാംസ്‌കാരിക നിലയും നിലവാരവുമനുസരിച്ചാണ്.
സൂര്യനു കീഴിലുള്ള ഏറ്റവും സങ്കീർണ്ണവും എന്നാൽ ഏറ്റവും ലളിതവുമെന്നു തോന്നുന്ന ശാസ്ത്രമാണ് സാമൂഹ്യശാസ്ത്രം. സമസ്ത ശാസ്ത്രശാഖകളുടെ വികാസവും ഈ ശാസ്ത്രാവശ്യത്തിനു വേണ്ടിയാണ്. ഈ സങ്കീർണ്ണത മനസ്സിലാക്കി ആ ശാസ്ത്രത്തെ കേന്ദ്രബിന്ദുവിൽ നിലനിർത്തിക്കൊണ്ട് കാര്യങ്ങള്‍ മനസ്സിലാക്കി ജനങ്ങളെ ലളിതമായി ബോധ്യപ്പെടുത്തുന്ന പണിയാണ് മാദ്ധ്യമപ്രവർത്തനം. സ്വതന്ത്ര ഭാരതത്തിൽ നിർണ്ണായകമായി വന്ന കോടതിവിധിയാണ് തമിഴ്‌നാട്ടിൽ ശശികലയെ ജയിലിലടക്കുകയും ജയലളിത കുറ്റക്കാരിയാണെന്നും വിധിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി. ആ വിധി വന്ന ദിവസം രാത്രിയിലെ സുപ്രധാന ചർച്ച നടത്തുന്ന പാനലിൽ സിനിമാ നിർമ്മാതാവ് കെ.ടി കുഞ്ഞുമോനേയും നടി രഞ്ജിനിയെയും ഉൾപ്പെടുത്താൻ തീരുമാനമെടുക്കുന്ന മാദ്ധ്യമബോധം സമൂഹത്തിലേക്ക് വിന്യസിക്കുന്ന ധാതുലവണങ്ങൾ എന്താണെന്ന് അവർ അറിയുന്നില്ല. അതുപോലെ തന്നെ മദ്യക്കച്ചവടക്കാരാനായ ബിജു രമേശിനെ അഴിമതി വിരുദ്ധ പോരാളിയെന്ന നിലയിലും ചാനലുകൾ അവതരിപ്പിക്കുമ്പോൾ സംഭവിക്കുന്നതും എന്താണെന്ന് അറിയാൻ വെറും ശരാശരി മനസ്സു മതി. എന്നാൽ പുതിയ മൂല്യസങ്കൽപ്പങ്ങൾ മാദ്ധ്യമങ്ങൾ ഇവ്വിധം ജനങ്ങളുടെ മേൽ നിരന്തരം അടിച്ചേൽപ്പിക്കുന്നതിന്റെ ഫലമാണ് സാംസ്‌കാരികമായി കേരളീയ സമൂഹം ഇത്ര വേഗത്തിൽ ഇവിടെയത്തി നിൽക്കുന്നത്. സ്വയം നിർണ്ണയ ശേഷിയുള്ള മനുഷ്യൻ സാംസ്‌കാരികമായി പരുവപ്പെട്ടില്ലെങ്കിൽ ഭ്രാന്തിനേക്കാൾ ഭീകരമായ അവസ്ഥയിലെത്തുക തന്നെ ചെയ്യും. അതാണ് ഏതാണ്ട് രണ്ടു മണിക്കൂറോളം മലയാളികളുടെ സഹോദരിയോ മകളോ കൂട്ടുകാരിയോ ആയ ആ യുവതിയെ രണ്ടു മണിക്കൂറോളം കൊച്ചിയെന്ന മഹാനഗരത്തിലൂടെ മലയാളികളുടെ സഹോദരന്മാരോ മക്കളോ കൂട്ടുകാരോ ആയ യുവാക്കൾ പിച്ചിച്ചീന്തിയത്.
ലൈംഗികമായി ആക്രമിക്കപ്പെട്ട സ്ത്രീയുടെ പേര് വെളിപ്പെടുത്തരുതെന്ന് നിയമവും കീഴ്വഴക്കവുമുള്ളതാണ്. എന്നാൽ ശനിയാഴ്ച ആക്രമിക്കപ്പെട്ട യുവനടിയുടെ പേര് മിക്ക ചാനലുകളും ആദ്യം സംപ്രേഷണം ചെയ്തു. അതിനു ശേഷം പ്രമുഖ നടിയെന്ന്‍ മാത്രം പറഞ്ഞു തുടങ്ങി. രണ്ടു ദിവസം കൊണ്ട് ആ നടിയുടെ പേരുപോലെയായി പ്രമുഖനടി പ്രയോഗം. ആ നടി അഭയം തേടിയെത്തിയ സംവിധായകന്റെ വീട്ടുപരിസരത്ത് ആളുകള്‍ തടിച്ചുകൂടി. ആ തടിച്ചുകൂടിയ ജനത്തിന്റെ മാനസികാവസ്ഥയാണ് മാദ്ധ്യമങ്ങളിലും ഈ വിഷയം കൈകാര്യം ചെയ്തതിൽ ആദ്യം പ്രകടമായത്. മാദ്ധ്യമങ്ങളാൽ ഇന്ന് സാമൂഹികമായ ചിന്ത രൂപപ്പെടുന്നു എന്നുള്ളത് അംഗീകരിച്ചേ മതിയാവൂ. ഇപ്പോൾ ഈ നടിയുടെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത് മഹാരോഗത്തിന്റെ പ്രകടിത ഭാവമാണ്. അല്ലാതെ ഇത് വെറും ക്രമസമാധാനപ്രശ്‌നമായി കാണുന്നത് കൊടിയ അപകടമാണ്. മമ്മൂട്ടി പറയുന്നതുപോലെ പ്രതിരോധത്തിന്റെ പ്രതീകമാണ് ഈ നടിയെന്നൊക്കെ പറയുന്നത് അദ്ദേഹം തിരക്കഥ തിരഞ്ഞെടുക്കുമ്പോൾ പുലർത്തുന്ന ജാഗ്രതാനിലവാരത്തിലുള്ള അഭിപ്രായമാണ്. ആ യുവതി മാനസികമായി നേരിട്ട തകർച്ചയെ പൈങ്കിളി പ്രയോഗങ്ങൾ കൊണ്ട് മമ്മൂട്ടിയെപോലൊരു നടൻ വിശേഷിപ്പിച്ചത് ചാനലുകൾക്കും പത്രങ്ങൾക്കും ഈ ദുരന്തത്തെ പൈങ്കിളി തലവാചകത്തിലൂടെ അവതരിപ്പിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളു. ഒരു വൈകുന്നേരം കൊണ്ട് തകർക്കപ്പെട്ട ഒരു പെണ്ണിന്റെ സ്വാഭാവിക പ്രതികരണമാണത്. പ്രതിരോധം സംഭവിക്കുന്നത് ആരോഗ്യാവസ്ഥയിലാണ്. സാംസ്‌കാരിക ഘടകമാണ് ആ പ്രതിരോധശേഷിയെ സൃഷ്ടിക്കുന്നത്. അദ്ദേഹമുൾപ്പടെയുള്ളവരിലൂടെ മലയാളി മനസ്സിന്റെ ഉപബോധമനസ്സിലേക്ക് കിനിഞ്ഞിറിങ്ങിയിട്ടുള്ള കഥാപാത്രങ്ങളും അവരുടെ സ്വഭാവങ്ങളുമൊക്കെ ആ പ്രതിരോധ ശേഷിയെ ഇല്ലായ്മ ചെയ്യുന്നതിൽ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് വളരെ വലുതാണ്.