മൂന്നു വർഷങ്ങൾക്ക് മുൻപാണ് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആലപ്പുഴയിൽ ചുമട്ടുതൊഴിലാളികളുടെ ആശാസ്യമല്ലാത്ത പെരുമാറ്റത്തെ അതിരൂക്ഷമായി വിമർശിച്ചത്. നോക്കുകൂലി പോലുള്ള അപരിഷ്കൃതവും പ്രാകൃതവുമായ നടപടികളിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു. അത്തരമൊരു ശീലത്തിലേക്ക് കയറ്റിറക്കു തൊഴിലാളികൾ കേരളത്തിൽ രൂപപ്പെട്ടതിന് പിന്നിൽ സി.പി.ഐ.എമ്മിന്റെ പങ്ക് വ്യക്തമാണ്. അതുകൊണ്ടുകൂടിയാണ് പിണറായി അന്ന് ആ രീതിയിൽ പൊതുജനങ്ങളുടെ ഭാഗത്തുനിന്നുകൊണ്ട് സംസാരിച്ചത്. പിന്നീട് നോക്കുകൂലി നിയമപരമായി നിരോധിച്ചു. പിന്നീട് അതാവശ്യപ്പെട്ടതിന്റെ പേരിൽ ഏതാനും തൊഴിലാളികൾ ആലപ്പുഴയിൽ തന്നെ അറസ്റ്റിലാവുകയും റിമാൻഡ് ചെയ്യപ്പെടുകയും ചെയ്തു.
ഇന്ന് പിണറായി വിജയൻ മുഖ്യമന്ത്രിയായിട്ടും കയറ്റിറക്കു തൊഴിലാളികളുടെ പൊതുജനങ്ങളോടുള്ള ഇടപെടലിൽ തെല്ലിട മാറ്റം വന്നിട്ടില്ല. അവർ ഏർപ്പെടുന്ന രീതികൾ ഇവയാണ്:
1) അതിശക്തമായ ആശയവിനിമയ സംവിധാനം.
2) ഇരുപത്തിനാലു മണിക്കൂറും കേരളത്തിന്റെ ഏതുഭാഗത്തും ലോഡുമായി ഒരു ചരക്ക് വാഹനമെത്തിയാൽ ലക്ഷ്യസ്ഥാനത്ത് ഒരു വൻ സംഘമായി ആ പ്രദേശത്തെ ചുമട്ടു തൊഴിലാളികൾ എത്തുന്നു.
3) വാഹനം നിർത്തുമ്പോൾ സംഘം വാഹനത്തിനു ചുറ്റുമൊന്ന് വീക്ഷിച്ചിട്ട് ഉടമസ്ഥയെ/നെ കാണുന്നു.
4) ഉടമസ്ഥനെ കാണുമ്പോൾ തന്നെ എതിരാളിയെ നേരിടുന്നതുപോലെയാണ് സംഭാഷണം ആരംഭിക്കുന്നത്. നേതാവ് സംസാരിക്കുമ്പോൾ മറ്റുള്ളവർ അദ്ദേഹത്തിനു പിന്നിൽ അണിനിരന്നു നിൽക്കും.
5) രൂക്ഷമായ ഭാഷയിൽ വൻ തുക ഉടമസ്ഥനോട് ആവശ്യപ്പെടും.
6) വൻ തുക കേട്ട് ഞെട്ടുന്ന ഉടമസ്ഥനോട് വീണ്ടും കടുത്ത ഭാഷയിൽ ആ തുക തരാൻ തയ്യാറല്ലെങ്കിൽ സ്വന്തം നിലയിൽ ഇറക്കിക്കൊള്ളാൻ നേതാവും സംഘവും അൽപ്പം ഒച്ചയുയർത്തിത്തന്നെ ആവശ്യപ്പെടുന്നു. സംഘത്തിന്റെ ശബ്ദം ഒന്നിച്ചുയരുമ്പോൾ തന്നെ അന്തരീക്ഷം സംഘർഷപൂരിതമാകുന്നു.
7) ഉടമസ്ഥൻ നിവൃത്തികേടിന്റെ പാരമ്യത്തിലെത്തുമ്പോൾ ആവർ ഭീഷണിയുടെ സ്വരത്തിലുള്ള സംഭാഷണവും ചേഷ്ടകളും പുറത്തെടുക്കുന്നു.
ഇതേ സംഭവങ്ങളാണ് 2016 ജൂലായ് 3ന് രാവിലെ കാക്കനാട് ഇടച്ചിറയിലുള്ള സ്കൈലൈനിന്റെ ഐവി ലീഗ് ഫ്ലാറ്റിൽ നടന്നത്. ഗൾഫിൽ ജോലി ചെയ്യുന്ന എഞ്ചിനീയർ അവിടെ ഫ്ലാറ്റ് വാങ്ങി. അതിനുള്ളിലെ മരപ്പണികളെല്ലാം ചെയ്തു് ഓരോ ഭാഗങ്ങളാക്കി ഒരു ടെംബോവാനിൽ ഫ്ലാറ്റിന്റെ താഴെയത്തി. ഡ്രൈവർ വണ്ടി ഒതുക്കി നിർത്തുന്നതിനിടയിൽ, രാവിലെ ഏഴ് മണിക്ക് 11 ചുമട്ടു തൊഴിലാളികൾ അവിടെയെത്തി. യുവാവായ ഉടമസ്ഥനും അദ്ദേഹത്തിന്റെ ബന്ധുവും മറ്റൊരു വാഹനത്തിലുമെത്തി. അവരെ കണ്ട ഉടൻ തന്നെ സംഘം അവരെ സമീപിച്ച് കുടത്ത മുഖഭാവത്തോടെ ലോഡ് ഇറക്കാൻ പോകുന്ന മട്ടിൽ 11,000 രൂപയാകുമെന്ന് പ്രഖ്യാപിച്ചു. അതു കേട്ടപ്പോൾ ആ ഫ്ലാറ്റിലെ സംവിധാനമെങ്ങനെയെന്നറിയാൻ അവർ ഫ്ലാറ്റിന്റെ കെയർ ടേക്കറെ കാണാൻ പോയി. കെയർ ടേക്കർ അവർക്ക് ജില്ലാ ലേബർ ഓഫീസറും ട്രേഡ് യൂണിയൻ പ്രതിനിധികളും സമ്മതിച്ച് ഒപ്പിട്ട് പുറത്തിറക്കിയ കരാറിന്റെ പ്രതി കൊടുക്കുകയുണ്ടായി. അതിൽ അതിവിശദമായി ഓരോ ഇനത്തിനും ഈടാക്കാവുന്ന കൂലി നിശ്ചയിച്ച് കൊടുത്തിട്ടുണ്ട്. കമ്പ്യൂട്ടറുൾപ്പടെയുള്ള ഇനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ലിഫ്റ്റിൽ കൊണ്ടു പോകുന്നതിനും പടികയറി കൊണ്ടു പോകുന്നതിന് നിലകൾ അനുസരിച്ചും നിരക്ക് കൊടുത്തിട്ടുണ്ട്. അതു പ്രകാരം അവർ കണക്കു കൂട്ടി നോക്കിയപ്പോൾ 1400 രൂപയാണ് അവർ കൊണ്ടു വന്നിട്ടുള്ള സാധനങ്ങൾ മുകളിൽ കയറ്റാൻ അവർക്ക് കൂലിയായി കൊടുക്കേണ്ടി വരിക.
11,000 രൂപ ചോദിച്ച നിലയ്ക്ക് അവർക്ക് അർഹതപ്പെട്ടതിന്റെ ഇരട്ടിയിലും അൽപ്പം കൂട്ടി 3000 രൂപ കൊടുക്കാൻ തയ്യാറാണെന്ന് ഫ്ലാറ്റുടമ സംഘത്തെ അറിയിച്ചു. അതു കേട്ട മാത്രയിൽ അവർ പൊട്ടിത്തെറിച്ചു. അവർക്ക് കരാറൊന്നും ബാധകമല്ലെന്നും ലേലം വിളിയിലൂടെയാണ് തുക ഉറപ്പിക്കുന്നതെന്നും അറിയിച്ചു. മാത്രമല്ല കരാർ കാലഹരണപ്പെട്ടതാണെന്ന് അവർ വാദിക്കുകയും ചെയ്തു. 9-12-2014 മുതൽ 8-12-2016 വരെ പ്രാബല്യത്തിലുള്ളതാണ് കരാർ. ആ ഭാഗം കാട്ടിയിട്ടും അവർക്ക് അത് സ്വീകാര്യമല്ലായിരുന്നു. എങ്കിൽ ഉടമസ്ഥൻ തന്നെ ഇറക്കിയാൽ മതിയെന്ന് അവർ കൽപ്പിച്ചു. ഉടമസ്ഥനും ബന്ധുവും ചെറുപ്പമായതിനാൽ അവർ പരസ്പരം നോക്കിയിട്ട്, 'ആരെങ്കിലും ഇങ്ങനെയുള്ള കാര്യങ്ങളിൽ പ്രതികരിച്ചില്ലെങ്കിൽ മോശമല്ലേ' എന്നു പറഞ്ഞ് അവർ രണ്ടു പേരും ചേർന്ന് ലോഡിറക്കി അഞ്ചാം നിലയിലുള്ള ഫ്ലാറ്റിൽ കൊണ്ടുപോകാൻ തീരുമാനിച്ചു.
ഉടമസ്ഥർ അങ്ങനെ തീരുമാനമെടുക്കുമെന്ന് അവർക്ക് തെല്ലും പ്രതീക്ഷയില്ലായിരുന്നു. ടെംബോവാനിന്റെ ഡ്രൈവറോ ലോഡിനോടൊപ്പം വന്ന ആരെങ്കിലുമോ ഉടമസ്ഥരെ സഹായിക്കാൻ ചേരുന്നത് തടയാനായി സംഘം അവിടെത്തന്നെ നിലയുറപ്പിച്ചു. ഒരു മണിക്കൂർ കൊണ്ട് അവർ സാധനങ്ങളിറക്കി ലിഫ്റ്റിലൂടെ ഫ്ലാറ്റിലെത്തിച്ചു.
നോക്കുകൂലി അവർ ആവശ്യപ്പെട്ടില്ല. എന്നാൽ ആ ഫ്ലാറ്റിൽ തന്നെയുള്ള മറ്റൊരുടമ സാധനം വാങ്ങിയ ഫർണിച്ചർ സ്ഥാപനത്തിലെ ആൾക്കാരെക്കൊണ്ടാണ് സാധനങ്ങൾ ഇറക്കിയത്. കാരണം, വൈദഗ്ധ്യത്തോടെ ഇറക്കേണ്ട അത്യാവശ്യം വിലകൂടിയ ഫർണിച്ചറുകളായിരുന്നു അവ. ആ ഉടമ തർക്കത്തിനു പോകാതെ അവർ ചോദിച്ച് രൂപ നോക്കുകൂലിയായി കൊടുക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ നടപടിയെ നേരിട്ട് ചിലർ വിമർശിക്കുകയുണ്ടായി. താൻ അവിടെ ജീവിക്കാൻ വന്നതാണെന്നും സ്വസ്ഥമായി ജീവിക്കണമെന്ന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.