വിധേയത്വവും വിശ്വാസവും രണ്ടും പുറത്തു നിന്നു നോക്കിയാൽ ഒരുപോലിരിക്കും. എന്നാൽ രണ്ടും വിപരീതധ്രുവങ്ങളിലാണ്. വിധേയത്വത്തിൽ അടിമത്ത മനസ്സും വിശ്വാസത്തിൽ പ്രതീക്ഷയും പ്രവർത്തിക്കുന്നു. ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലം അത് ഒരിക്കൽ കൂടി വ്യക്തമാക്കുന്നു. മോദിയിൽ ജനം വിശ്വസിക്കുന്നു. അതാകട്ടെ കോൺഗ്രസ്സിൽ നിന്നുള്ള വിധേയത്വത്തിൽ നിന്ന് കുതറിമാറിക്കൊണ്ട്. ആത്മാഭിമാനക്കമ്മി വരുമ്പോഴാണ് വ്യക്തിയായാലും സമൂഹമായാലും വിധേയത്വത്തിന്റെ പാതയിലേക്ക് നീങ്ങുന്നത്. ആദ്യമാദ്യം ചിലപ്പോൾ അത് ആസ്വാദ്യമായി തോന്നുമെങ്കിലും മനുഷ്യന്റെ നൈസർഗിക സ്വഭാവം അതിന് വിരുദ്ധമാകായാൽ ഒരു ഘട്ടം കഴിയുമ്പോൾ അതിന്റെ മുരടിപ്പിൽ നിന്നും മടുപ്പിൽ നിന്നും രക്ഷനേടാൻ ശ്രമം നടത്തും. ചരിത്രത്തിലാദ്യമായി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി ഹരിയാനയിൽ അധികാരത്തിൽ വന്നതും മഹാരാഷ്ട്രയിൽ ഏറ്റവും വലിയ കക്ഷിയായതും അതുകൊണ്ടാണ്. ഈ വിജയം മോദി തരംഗം മൂലമാണെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ അമിത് ഷാ പറയുമ്പോൾ കോൺഗ്രസ്സിന് എന്തിന്റെ അഭാവമാണ് നേരിടുന്നതെന്ന് വ്യക്തം.
നേതൃത്വപാടവമില്ലാത്ത നേതാവ് ഏത് സംഘടനയുടെ മുകളിൽ വന്നാലും നേതൃത്വഗുണം തീരെയില്ലാത്ത സ്വയം പ്രഖ്യാപിത നേതാക്കൾ ആ സംഘടനയുടെ നിർണ്ണായക സ്ഥാനങ്ങളിൽ വരും. അത് കഴിവില്ലാത്തവരുടെ കഴിവാണ്. അൽപ്പമെങ്കിലും നേതൃത്വപാടവമുള്ളവരുണ്ടെങ്കിൽ അവരെ അവരോധിക്കപ്പെട്ട മുഖ്യനേതാവിന്റെ നിഴലിൽ നിർണ്ണായകസ്ഥാനത്തുള്ളവർ ഇല്ലായ്മ ചെയ്യും. കോൺഗ്രസ്സ് പാർട്ടി ഇന്നു നേരുടുന്ന പ്രതിസന്ധി അതാണ്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിന് പരിഹാരമായി ഇപ്പോൾ ചിലർ കാണുന്നത് സോണിയാ ഗാന്ധി കുടുംബത്തിൽ നിന്ന് പ്രിയങ്ക ഗാന്ധിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരിക എന്നുള്ളതാണ്. അത്തരം ചെപ്പടിവിദ്യകൾ കൊണ്ടൊന്നും കോൺഗ്രസ്സിനെ സമീപഭാവിയിൽ അത് നേരിട്ടുകൊണ്ടിരിക്കുന്ന വംശനാശ ഭീഷണിയിൽ നിന്ന് കരകയറ്റാൻ പറ്റില്ല. നിലവിലുള്ള സാഹചര്യത്തിൽ കോൺഗ്രസ്സിന്റെ രക്ഷയ്ക്കുവേണ്ടി ചെയ്യാൻ കഴിയുന്ന അഭികാമ്യമായ പ്രായോഗികകാര്യവും അതാണെന്നുള്ളതാണ് വസ്തുത. കാരണം, അർഹതയുടെ അടിസ്ഥാനത്തിലുള്ള നേതൃശൃംഖലയല്ല കോൺഗ്രസ്സിനുള്ളത്. അതിനാൽ നേതൃത്വഗുണമുള്ള ഒരാൾ സോണിയ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നു വന്നാൽ അവർക്ക് സ്വീകരിക്കാനാവില്ല. അതിനുള്ള സാധ്യതയും ഇല്ല എന്നുള്ളതാണ് വസ്തുത. കാരണം യഥാർഥ നേതൃത്വഗുണമുള്ള വ്യക്തി അവരോധിക്കപ്പെടുകയല്ല, ഉയർന്നുവരികയാണുണ്ടാവുക. നിലവിലെ ഘടനാപരമായ പരിമിതി അതിനിടം കൊടുക്കുന്നില്ല.
ശക്തമായ പ്രതിപക്ഷത്തിന്റെ അഭാവത്തിലേക്കാണ് ഈ രണ്ട് തെരഞ്ഞെടുപ്പുകൾ വിരൽ ചൂണ്ടുന്നത്. ബിഹാർ ഉപതെരഞ്ഞെടുപ്പിൽ പ്രതിപക്ഷകക്ഷികൾ ഒന്നിച്ചുനിന്നപ്പോൾ ബി.ജെ.പിക്ക് മോദിതരംഗം സൃഷ്ടിക്കാനായില്ല. ആ അനുഭവത്തെ തൊട്ടുപിന്നാലെ വന്ന രണ്ടു നിയമസഭാതെരഞ്ഞെടുപ്പുകളിൽ പ്രാവർത്തികമാക്കാൻ കഴിഞ്ഞില്ല എന്നത് അത്തരമൊരു പ്രതിപക്ഷ ശ്രമം പ്രായോഗികമായി വിജയം കാണില്ല എന്നാണ് സൂചിപ്പിക്കുന്നത്. കൂട്ടുകക്ഷി മന്ത്രിസഭകൾ മൂന്നു പതിറ്റാണ്ടുകൊണ്ട് ദൗർബല്യം പൂർണ്ണതോതിൽ പുറത്തുകാട്ടിയതുപോലെ.
ബി.ജെ.പിയിൽ മോദിതരംഗമാണെന്ന് അമിത് ഷാ പറയുമ്പോൾ മറ്റുചില സൂചനകളും അതിൽ നിന്ന് വായിച്ചെടുക്കാൻ കഴിയും. പാർട്ടിയിൽ നിന്ന് മോദിയിലേക്കാണ് പാർട്ടി അദ്ധ്യക്ഷൻ തിരിയുന്നത്. ഇപ്പോൾ തന്നെ മോദിയുടെ ഭരണരീതികൾ ചില സംശയങ്ങൾക്ക് ഇട നൽകുന്നുണ്ട്- ഒരു ഏകാധിപത്യ സ്വഭാവത്തിലേക്കുള്ള വളർച്ചയുടെ. ജനായത്തത്തില്‍ ശക്തനായ ഒരു ഭരണാധികാരിയേയും ഏകാധിപതിയേയും പുറമേനിന്നു നോക്കിയാൽ തിരിച്ചറിയുക പ്രയാസമാണ്. അതാണ് ജനായത്തത്തിൽ ഏകാധിപത്യ സ്വഭാവമുള്ളവർക്ക് കരുത്താർജിക്കാനുള്ള ഉത്തേജകമായി മാറുന്നത്. ഇവിടെയാണ് പ്രതിപക്ഷത്തിന്റെ ആവശ്യകത വേണ്ടിവരുന്നത്. അത്തരത്തിൽ ഒരു ദേശീയ പ്രതിപക്ഷമായി പോലും ജനങ്ങളോടുളള കർത്തവ്യം നിറവേറ്റാൻ പറ്റാത്ത ഗതികേടിന്റെ ചരിത്രത്തിലേക്ക് കോൺഗ്രസ്സ് നീങ്ങുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്നത്. ഭരണത്തിൽ നിന്ന് കോണ്‍ഗ്രസ് പിൻവാങ്ങുന്നത് മൂന്നാം സ്ഥാനത്തേക്കാണ്. വിധേയത്വം ഒരിക്കലും പ്രതീക്ഷയക്ക് വക നൽകുന്നില്ല. വിധേയത്വത്താൽ നിലനിൽക്കുന്ന കോൺഗ്രസ്സിന് സമീപഭാവിയിലെങ്ങും പ്രതീക്ഷയുണർത്താനുള്ള വിദൂരസാധ്യതയും കാണുന്നില്ല എന്നുള്ളത് രാജ്യം നേരിടുന്ന ഒരു ഗതികേടു കൂടിയാണ്. തൽക്കാലം മോദിക്ക് വളമായി മാറുക എന്ന നിയോഗം ഏറ്റുവാങ്ങുകയേ കോൺഗ്രസ്സിനു നിവൃത്തിയുള്ളു.
ഹരിയാനയിലും മഹാരാഷ്ട്രയിലും പ്രകടമായ മോദി തരംഗം കേരളത്തിലെ രാഷ്ട്രീയപാർട്ടികളുടെ നേതാക്കള്‍ക്കും ശക്തമായ മുന്നറിയിപ്പാണ്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥി ഒ. രാജഗോപാലാണ് മുന്നിലെത്തിയത്. അത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ട്. സംസ്ഥാനത്തെ കോൺഗ്രസ്സാണെങ്കിൽ അതിന്റെ ചരിത്രത്തിൽ വച്ച് ഏറ്റവും പരിതാപകരമായ സ്ഥിതിവിശേഷത്തിലൂടെയാണ് കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്. എന്തിന് ഇവിടുത്തെ കോൺഗ്രസ്സ് നേതാക്കള്‍ക്കും അണികൾക്കും പരിചിതമായ ഗ്രൂപ്പ് പ്രവർത്തനം പോലും നടത്താൻ ശേഷിയില്ലാത്ത അവസ്ഥയിലേക്ക് ഈ പാർട്ടി മാറിയിരിക്കുന്നു. അതിനാൽ കരുണാകരന്റെ ആരോഗ്യകാലത്തുണ്ടായിരുന്ന ഗ്രൂപ്പിന്റെ നിഴൽ പറ്റിയാണ് ഇന്നു ഗ്രൂപ്പുകളായി കോൺഗ്രസ്സ് കൂട്ടായ്മകൾ അറിയപ്പെടുന്നതും കൂടാൻ ശ്രമിക്കുന്നതും. ഒരു ഗ്രൂപ്പിനെ പോലും സൃഷ്ടിക്കാനോ കൊണ്ടുനടക്കാനോ ശേഷിയുള്ള നേതാക്കള്‍ ഇന്ന് സംസ്ഥാന കോൺഗ്രസ്സ് നേതൃനിരയിൽ ഇല്ല എന്നുള്ളതാണ് ഇത് വ്യക്തമാക്കുന്നത്. അതിനേക്കാൾ പരിതാപകരമായ അവസ്ഥയിലേക്കാണ് ശ്രീകൃഷ്ണജയന്തിയാഘോഷിച്ചും മറ്റും തങ്ങളുടെ കൂടെയുളളവരെ പിടിച്ചുനിർത്താൻ പാടുപെടുന്ന സി.പി.ഐ.എം. ഇടതു മുന്നണിയിലെ സി.പി.ഐ ഉൾപ്പടെയുളള ഘടകകക്ഷികകളുടെ കാര്യം അതിനേക്കാൾ ദയനീയം.
സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ബി.ജെ.പി ബന്ധുക്കാരൻ എന്നു ചിത്രീകരിക്കാൻ ശ്രമിക്കുന്നതും ആ ആരോപണത്തെ അതേ വാശിയിൽ രമേശ് ചെന്നിത്തല നിഷേധിക്കാത്തതും അതിനെതിരെ ആക്രോശിക്കാൻ തുനിയാത്തും ശ്രദ്ധേയമാണ്. ആരോപണം ഉന്നയിക്കുന്ന വ്യക്തിയിലും ആരോപണത്തിന് പാത്രമാകുന്ന വ്യക്തിയിലും ചില ഘടകങ്ങൾ ഒരേ അളവിൽ പ്രവർത്തിക്കുന്നതിന്റെ സൂചനയാണതെന്ന് സൂക്ഷ്മതയോടെ നോക്കിയാൽ കാണാവുന്നതാണ്. സ്വകാര്യസംഭാഷണങ്ങളിൽ കോൺഗ്രസ്സ് നേതാക്കള്‍ പോലും മോദിയുടെ നേതൃപാടവത്തെ പുകഴ്ത്തുന്നതും അദ്ദേഹത്തിന്റെ ഗുണഗണങ്ങൾ വാഴ്ത്തുന്നതും കൂട്ടിവായിക്കാവുന്നതാണ്. സ്വകാര്യമായി കോൺഗ്രസ്സ് നേതാക്കള്‍ പോലും മോദിയെ അംഗീകരിക്കുന്നു എന്നുള്ളതാണ് അത് വ്യക്തമാക്കുന്നത്. മഹാത്മാഗാന്ധിയെ മോദി ഏതാനും ദിവസങ്ങൾകൊണ്ട് കോൺഗ്രസ്സിൽ നിന്ന് അടിച്ചുമാറ്റിയിട്ട് അത് മനസ്സിലാക്കാൻ പോലും പ്രാപ്തിയുള്ള നേതൃത്വം കോൺഗ്രസ്സിനില്ലാതെ പോയതും കാണേണ്ടതാണ്. ഇതെല്ലാം സാധാരണ ജനമനസ്സിൽ വേണ്ടുവോളം സ്വാധീനം ചെലുത്താൻ ശേഷിയുള്ള ധാതുലവണങ്ങളാണ്. മോദിയും അമിത് ഷായും ഹരിയാനയിലും മഹാരാഷ്ട്രയിലും കൽപ്പിച്ചിറങ്ങിയതുപോലെ വരുന്ന കേരള നിയമസഭാതെരഞ്ഞെടുപ്പിൽ ഇറങ്ങിയാൽ ഇവിടെയും അത്ഭുതങ്ങൾ സംഭവിക്കാം.