ശശി തരൂരിനെ കോണ്‍ഗ്രസ്സ് കൈവിട്ടു. അതിന്റെ രണ്ടാം പടിയാണ് അദ്ദേഹത്തെ വക്താവ് സ്ഥാനത്ത് നിന്ന് നീക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം. ആദ്യപടി സംസ്ഥാനത്ത് കെ.പി.സി.സി അദ്ധ്യക്ഷന്‍ ഉള്‍പ്പടെയുളളവര്‍ അദ്ദേഹത്തിനെതിരെ ഒരേസമയത്ത് രംഗത്തിറങ്ങുകയും ഒരേപോലെ മോദിസ്തുതിയില്‍ അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തതാണ്. അതിന്റെ ഭാഗമായാണ് അദ്ദേഹത്തിനെതിരെ പ്രമേയം പാസ്സാക്കി ഹൈക്കമാന്‍ഡിന് കെ.പി.സി.സി അയച്ചുകൊടുത്തതും. അതെല്ലാം ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കെ.പി.സി.സി നേതൃത്വം ചെയ്തതാണെന്നും പറയപ്പെടുന്നു. അതു ശരിയാകാനാണ് സാധ്യത. ഹൈക്കമാന്‍ഡ് നിശ്ചയത്തില്‍ തരൂര്‍ വന്നു. ഹൈക്കമാന്‍ഡ് നിശ്ചയത്തില്‍ തരൂര്‍ പോകുന്നു. അതിന് മറയിടാനായി എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള അച്ചടക്ക സമിതിയുടെ ശുപാര്‍ശയും.
ഈ അച്ചടക്ക സമിതിയും ഏതാനും പേരും കൂടി ചേര്‍ന്നാണ് കോണ്‍ഗ്രസ്സിനെ ഈ അവസ്ഥയില്‍ കൊണ്ടെത്തിച്ചത്. യഥാര്‍ഥത്തില്‍ ബി.ജെ.പിയേയും നരേന്ദ്ര മോദിയേയും ഏറ്റുവും കൂടുതല്‍ സഹായിച്ചത് ഈ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് സംഘമാണ്. അതൊരു തര്‍ക്കമില്ലാത്ത വസ്തുതയാണ്. അവര്‍ ഇപ്പോഴും അത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. വലിയ അര്‍ഥതലങ്ങളുള്ള ഗൂഢാലോചനയാണോ ഇതെന്ന് ഒരു സിനിമാതിരക്കഥയുടെ രീതിയില്‍ ചിന്തിച്ചാല്‍ തള്ളിക്കളയാനാകില്ല. കാരണം, കോണ്‍ഗ്രസ്സിനെ ഈ അവസ്ഥയിലെത്തിച്ചവര്‍ ഇതിനേക്കാള്‍ ഗുരുതരമായ അവസ്ഥയിലേക്കും മോദിയെ കൂടുതല്‍ ഉയരത്തിലേക്കും എത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞദിവസം സന്‍സദ് ആദര്‍ശ ഗ്രാമപദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം കരുവാളിച്ചും സ്വരം അടഞ്ഞുമിരുന്നു. കാരണം അദ്ദേഹം മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തീവ്രമുഖത്തുനിന്നാണ് എത്തിയത്. ആ സമയം കോണ്‍ഗ്രസ്സ് നേതൃത്വം അടിയന്തരമായി ഏര്‍പ്പെട്ടിരിക്കുന്നത് ശശി തരൂരിനെ എങ്ങനെ ഒതുക്കിക്കെട്ടി എത്രയും പെട്ടന്ന് ബി.ജെ.പി പാളയത്തിലേക്ക് അയയ്ക്കാനുള്ള സാമൂഹിക, രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിക്കാം എന്ന ചിന്തയില്‍.
മഹാത്മാഗാന്ധിയുടെ സ്വപ്നസാക്ഷാത്ക്കാരമായി രാജ്യത്തെ മാലിന്യമുക്തമാക്കി വൃത്തിയാക്കാനുള്ള രാഷ്ട്രോദ്യമത്തില്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും പങ്കാളികളാകേണ്ടതാണ്. ജനായത്ത സംവിധാനത്തില്‍ പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേതാണ്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന രാജ്യതാല്‍പ്പര്യം മുന്നില്‍ നില്‍ക്കുന്ന ഏതു പദ്ധതികളേയും വിജയിപ്പിക്കുക കൂടി പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണ്. ആ നിലയ്ക്ക് മോദി പ്രയോഗിച്ച ചീട്ടിന് ഉചിതമായ മറുചീട്ട് കോണ്‍ഗ്രസ്സിന്റെ പിന്തുണയായി ശശി തരൂരിനെ ആ ദൗത്യത്തിന് ചുമതലപ്പെടുത്തുകയായിരുന്നു. അതിനുശേഷം ഗൂഢമായ ലക്ഷ്യത്തിന് വേണ്ടിയാണ് ബി.ജെ.പി ഇത്തരത്തില്‍ സ്വച്ഛഭാരത് യത്നവുമായി ഇറങ്ങിയിരിക്കുന്നതെന്ന് പറഞ്ഞിരുന്നെങ്കില്‍ ജനം വിശ്വസിക്കുമായിരുന്നു. അത് മനസ്സിലാക്കാനും അത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനും കഴിവുള്ള പ്രഗത്ഭമതികള്‍ ഇന്നും കോണ്‍ഗ്രസ്സിലുണ്ട്. അവര്‍ക്കത് അറിയാതിരിക്കാനും വഴിയില്ല. ആ സ്ഥിതിക്ക് പ്രത്യക്ഷത്തില്‍ മോദിസ്തുതി ആരോപിച്ച് തരൂരിനെ തള്ളിപ്പറഞ്ഞുകൊണ്ട് പരോക്ഷമായി അങ്ങേയറ്റം ഗുണം മോദിക്കും ബി.ജെ.പിക്കും കിട്ടുന്ന തീരുമാനമെടുത്ത കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെ സംശയദൃഷ്ടിയോടെ മാത്രമേ വീക്ഷിക്കാന്‍ കഴിയുന്നുള്ളു. മാത്രമല്ല മഹാരാഷ്ടയിലേയും ഹരിയാനയിലേയും തെരഞ്ഞെടുപ്പിന്റെ തലേന്നാണ് ഈ തീരുമാനവുമെന്നു വരുമ്പോള്‍ ആ സംശയം ബലപ്പെടുന്നു.
ഇപ്പോള്‍ ഏതു കുഞ്ഞിനും മനസ്സിലാകുന്നതാണ് മോദി ഗാന്ധിജിയെ തന്റേതും ബി.ജെ.പിയുടേതുമാക്കാന്‍ ശ്രമിക്കുകയാണ് അഥവാ ഗാന്ധിജിയെ തട്ടിയെടുക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രിയുടെ ഓരോ നടപടിയിലും നിഴലിക്കുന്നതെന്ന്. സ്വച്ഛഭാരത് അതിന്റെ ഉത്തമ ഉദാഹരണം. മോദി ഇപ്പോള്‍ അവതരിപ്പിക്കുന്നതെല്ലാം തങ്ങള്‍ ആരംഭിച്ച പദ്ധതികളാണ് ഒന്നും തന്നെ പുതിയതല്ലെന്നുമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് മോദിയെ നേരിടുന്നതിനായി പ്രത്യക്ഷത്തില്‍ പറയുന്നത്. ശരിയാണ്. മോദി അതു തന്നെയാണ് ചെയ്യുന്നത്. തേങ്ങയും ഉപ്പും മുളകും ചെറിയ ഉള്ളിയും ചമ്മന്തിയുമുണ്ടെങ്കില്‍ ആര്‍ക്കും ചമ്മന്തിയരയ്ക്കാം. പക്ഷേ ഓരോരുത്തരും അരയ്ക്കുന്ന ചമ്മന്തിയുടെ രുചി വ്യത്യാസമായിരിക്കും. നല്ല കൈപ്പുണ്യമുള്ളവര്‍ അരച്ചാല്‍ നന്നായി രുചിക്കും. അതുമാത്രമാണ് മോദി ചെയ്യുന്നത്. അതു രുചിയുള്ളതാണെന്ന് തരൂര്‍ പരസ്യമായി പറഞ്ഞു. മറ്റുള്ളവര്‍ക്കും അതു രുചികരമാണെന്ന് തോന്നി. അതിന്റെ പേരില്‍ ചമ്മന്തി രുചിക്കരുതെന്നും ചമ്മന്തിയുടെ രുചി രുചിയല്ല എന്നും പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ അതിനു ശ്രമിക്കുന്നവര്‍ അവഹേളിതരാകും. ചമ്മന്തിക്കും അരപ്പുകാരനും കൂടുതല്‍ പ്രിയമുണ്ടാകും. അതിനുവേണ്ടിയുള്ള ശ്രമമാണ് ഇപ്പോള്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ് നടത്തുന്നത്. കോണ്‍ഗ്രസ്സിനെ തറപറ്റിക്കാന്‍ എടുത്ത നടപടികള്‍ തുടര്‍ന്നാല്‍ വീണ്ടും തറപറ്റുമെന്നുള്ളത് ആര്‍ക്കും അറിയാം. സാധാരണ അണികള്‍ ഒരുപക്ഷേ അന്തം വിട്ടു നില്‍ക്കുന്നുണ്ടാകും.മഹാരാഷ്ട്രായിലും ഹരിയാനയിലും തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഗാന്ധിസ്വപ്നത്തിന്റെ സാക്ഷാത്കാരശ്രമവുമായി വന്ന മോദിയെ സ്തുതിച്ചതിന്റെ പേരില്‍ ശശി തരൂരിനെ തിരക്കിട്ട് വക്താവു സ്ഥാനത്തുനിന്നു മാറ്റിയതിന്റെ പൊരുള്‍ ഒരുപക്ഷേ ഭാവിയിലെ വന്‍വെളിപ്പെടുത്തലുകള്‍ക്ക് പാത്രീഭവിച്ചേക്കാനിടയുണ്ട്.ഗാന്ധിയോട് ചേര്‍ന്നുനില്‍ക്കുന്ന മോദിയേയും മഹാത്മാഗാന്ധിയില്‍ നിന്ന് വളരെ ദൂരത്തേക്ക് അകലുന്ന കോണ്‍ഗ്രസ്സിനേയുമാണ് സാധാരണക്കാര്‍ക്ക് ഈ ഹൈക്കമാന്‍ഡ് നടപടിയിലൂടെ കാണാന്‍ കഴിയുന്നത്.