ഞരമ്പു മുറിച്ച കൗൺസിലറും മാനസികാരോഗ്യക്കുറവും

Glint Staff
Fri, 25-07-2014 03:38:00 PM ;

മാനസികാരോഗ്യനില കേരളത്തിൽ അത്ര ആരോഗ്യകരമായ ദിശയിലല്ല നീങ്ങിക്കൊണ്ടിരിക്കുന്നത്. അതിന്റെ സാക്ഷ്യമാണ് കോഴിക്കോട് നഗരസഭയിലെ അത്താണിക്കൽ വാർഡ് മെമ്പർ സി.എസ് സത്യഭാമ ഞരമ്പ് മുറിച്ചുകൊണ്ട് മേയറുടെ ചേമ്പറിനു മുന്നില്‍ നടത്തിയ പ്രതിഷേധം. തകർന്നുകൊണ്ടിരിക്കുന്ന കേരളത്തിന്റെ മാനസികാരോഗ്യനിലയാണ് ഇത് പ്രകടമാക്കുന്നത്. ഇവർക്കെതിരെ നിലവിലുള്ള നിയമമനുസരിച്ചുള്ള നടപടികളും, ഒപ്പം അവരുടെ മാനസികാരോഗ്യം വർധിപ്പിക്കുന്നതിനാവശ്യമായ കാര്യങ്ങളും ചെയ്യേണ്ടതാണ്. വിഷയങ്ങളെ സമചിത്തതയോടെ കണ്ട് യുക്തിഭദ്രമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ലഭ്യമായ മെച്ചപ്പെട്ട വ്യവസ്ഥിതിയാണ് ജനായത്ത സംവിധാനം. സത്യഭാമ ഇത്തരം സംവിധാനത്തിൽ പ്രവർത്തിക്കാൻ യോഗ്യയല്ല എന്നതാണ് അവരുടെ പ്രവൃത്തിയിൽ നിന്നും വെളിവാകുന്നത്. വിചാരിക്കുന്ന കാര്യം നടപ്പാക്കുന്നതിന് വീട്ടിനകത്തും പുറത്തുമൊക്കെ ഇത്തരത്തിൽ ആൾക്കാർ പ്രവൃത്തിക്കുന്നത് മനുഷ്യസമൂഹത്തെ പ്രാകൃതാവസ്ഥയിലേക്ക് തള്ളിക്കൊണ്ടുപോവുകയേ ഉള്ളു. പ്രതിഷേധത്തിന്റെ ഭാഗമായി സ്വന്തം കൈ മുറിക്കാൻ മടിയില്ലാത്ത വ്യക്തി അപരരെ ദേഹോപദ്രവം ഏൽപ്പിക്കുന്നതിൽ നിന്ന് പിന്മാറില്ല. അതായത് അക്രമത്തിന്റേതാണ് ആ പാത. അക്രമത്തിന്റെ തോതുകൾ തമ്മിലുള്ള വ്യത്യാസമാണ് കൊടും അക്രമങ്ങളും അല്ലാത്തവയും തമ്മിലുള്ള മൗലികമായ വ്യത്യാസം. ചെറിയ അക്രമങ്ങൾ വലിയ അക്രമങ്ങളുടെ വിത്തും അക്ഷരമാലയുമാണ്.

 

കാര്യസാധ്യത്തിനായി സത്യഭാമ അവലംബിച്ച നടപടി ഇളം പ്രായത്തിലുള്ള കുഞ്ഞുങ്ങൾ സ്വീകരിക്കുന്നത് എങ്ങനെയാകും എന്നാലോചിക്കുക. അവരുടെ രൂപപ്പെട്ടുവരുന്ന നിഷ്കളങ്കമായ മനസ്സിന്റെ അടിത്തട്ടിലേക്ക് അക്രമത്തിന്റെ വിത്ത് പതിക്കുകയായി. അനുകൂല സാഹചര്യങ്ങൾ ഉണ്ടാവുമ്പോഴാണ് വിത്തുകൾ മുളയ്ക്കുക. ചിലപ്പോൾ കൗമാരത്തിൽ, അല്ലെങ്കിൽ യൗവനത്തിൽ, അതുമല്ലെങ്കിൽ മധ്യവയസ്സിൽ. എപ്പോഴാണതുണ്ടാവുക എന്ന് പ്രവചിക്കുക സാധ്യമല്ല. സത്യഭാമയുടെ നടപടിക്ക് മാധ്യമങ്ങളിലൂടെ ലഭിച്ച പ്രചാരവും ജനശ്രദ്ധയുമൊക്കെ സമൂഹത്തിലേക്ക് സന്നിവേശിപ്പിക്കുന്ന സന്ദേശത്തിലെ ധാതുലവണങ്ങൾ അങ്ങേയറ്റം വിനാശകരമാണ്.

 

cs sathyabhamaസത്യഭാമ പറയുന്നത്, വാർഡിന്റെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിൽ മേയർ അലംഭാവം കാട്ടിയതിന്റെ പേരിലാണ് താൻ ഞരമ്പ് മുറിച്ചതെന്നാണ്. ജനായത്ത സംവിധാനത്തിലെ സമരമുറയേ അല്ല ഇത്തരം നടപടി. മാധ്യമങ്ങൾ  അവർ ഉന്നയിക്കുന്ന കാര്യം അതേപടി ആവർത്തിക്കുന്നു. യഥാർഥത്തിൽ വ്യക്തിപരമായി വികാരത്തിന്റെ മേൽ നിയന്ത്രണമില്ലാത്ത പ്രതികാരദാഹത്തിന്റെ തള്ളലിൽ ഒരു സ്ത്രീയുടെ ദൗർബല്യത്തിൽ നിന്നുണ്ടായ നടപടിയാണിത്. ഒപ്പം ഏത് വിപരീതാത്മക പ്രവൃത്തിക്കും അനുപാതരഹിതമായ പ്രാധാന്യം ലഭിക്കുമെന്നുള്ളതും അവർക്കറിയാം. പെട്ടന്ന് ജനശ്രദ്ധയിലേക്ക് വരാനുള്ള കുറുക്കുവഴിയായി ഇതിനെ അവർ കണ്ടിട്ടുള്ളതുമാകാം. എന്തെല്ലാം സമരമുറകളാണ് മാധ്യമശ്രദ്ധ കിട്ടാനായി ഇപ്പോൾ നിലവിലുള്ളത്. എന്തായാലും വിചാരിക്കുന്ന കാര്യം സാധിച്ചില്ലെങ്കിൽ ആത്മഹത്യ എന്നുള്ള സന്ദേശം സമൂഹത്തിലേക്ക് സന്നിവേശിപ്പിച്ച സത്യഭാമ പൊതുപ്രവർത്തനരംഗത്ത് തുടരാൻ അർഹതയുള്ള വ്യക്തിയല്ല. അവർ പൊതുരംഗത്തുനിന്ന് പിൻവലിഞ്ഞ് മനസ്സിനെ സ്വാസ്ഥ്യത്തിലേക്ക് നീങ്ങാൻ സഹായകരമായ രീതിയിൽ ജീവിച്ച് സ്വയം നോക്കുകയാണ് വേണ്ടത്. മാധ്യമങ്ങൾ ഇവരുടെ ആത്മഹത്യാശ്രമത്തെ വാർഡിലെ വികസനവുമായി കൂട്ടിക്കുഴയ്ക്കാതിരിക്കാൻ ശ്രദ്ധിക്കുന്നത് അത്യന്താപേക്ഷിതമാണ്.

Tags: