സ്ത്രീ സുരക്ഷക്കായി കൊണ്ടുവന്നിട്ടുള്ള നിയമപരിരക്ഷയിലെ സാധ്യത കേരളത്തില്‍ രണ്ടു സ്ത്രീകള്‍ മാധ്യമ ശ്രദ്ധ ലഭിക്കും വിധം ഉപയോഗിച്ചു. ആദ്യത്തേത് അങ്കമാലി എം.എല്‍.എ ജോസ് തെറ്റയിലിനെതിരെ ബലാത്സംഗക്കുറ്റം ആരോപിച്ചു മാധ്യമങ്ങളേയും പോലീസിനേയും പിന്നെ കോടതിയേയും സമീപിച്ച യുവതിയാണ്. രണ്ടാമത്തേത് സരിത എസ്. നായര്‍. അവര്‍ എ.പി അബ്ദുള്ളക്കുട്ടി എം.എല്‍.എയ്ക്കെതിരെ നല്‍കിയ ബലാത്സംഗ പരാതിയുടെ വെളിച്ചത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയെ കണ്ണൂരില്‍ തടഞ്ഞുവെക്കുകയും അദ്ദേഹത്തിനെതിരെ കയ്യേറ്റശ്രമം നടത്തുകയും ചെയ്തു. സ്വന്തം കിടപ്പറയിലേക്ക് ജോസ് തെറ്റയിലിനെ വിളിച്ചു വരുത്തി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവതി കാര്യം കാണാന്‍ സ്ത്രീ പരിരക്ഷക്ക് വേണ്ടിയുള്ള നിയമത്തെ ഉപയോഗിച്ചപ്പോള്‍ ഈ നടപടിയെ അപലപിച്ചും അത്ഭുതം രേഖപ്പെടുത്തിക്കൊണ്ടുമാണ് ഹൈക്കോടതി യുവതി തെറ്റയിലിനെതിരെ നല്‍കിയ കേസ് തള്ളിയത്.
സരിത നിയമപരമായി കുറ്റാരോപിതയാണെങ്കിലും അവരുടെ മാധ്യമങ്ങളിലൂടെയുള്ള വെളിപ്പെടുത്തലുകളും അവരുമായി ബന്ധപ്പെട്ടു കഴിഞ്ഞ ഒരു വര്‍ഷമായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളും സൂചിപ്പിക്കുന്നത് അവര്‍ അനാശാസ്യത്തിന്റെയും കുറ്റകൃത്യത്തിന്റെയും വഴിയിലൂടെ നീങ്ങുകയായിരുന്നു എന്ന് തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് സ്റ്റാഫ് അംഗങ്ങളായ ടെന്നി ജോപ്പന്‍, സലിം രാജ് എന്നിവരുള്‍പ്പെട്ട ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ മൗനം പാലിക്കുന്നതിന്റെ പേരില്‍ മാര്‍ച്ച് 12-ന് ഹൈക്കോടതി അതിരൂക്ഷമായി മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു. അതിന്റെ കാരണവും സരിതയുടെ കുറ്റകൃത്യ നടപടികളുമായി ബന്ധപ്പെട്ടതാണ്. സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ടു കേരള ചരിത്രം കണ്ടത്തില്‍ വച്ച് ഏറ്റവും വലിയ പ്രതിഷേധസമരം സി.പി.ഐ.എമ്മിന്റെ നേതൃത്വത്തില്‍ ഇടതുപക്ഷം നടത്തി പരാജയപ്പെട്ടതും ഇക്കാലയളവിലാണ്. 33 കേസുകളില്‍ ജയിലിനകത്ത് കിടന്നുകൊണ്ട് പണം കെട്ടിവച്ചു ജാമ്യം നേടി പുറത്തുവന്ന സരിതയുടെ ധനസ്രോതസ് ഏതെന്ന് കോടതി പോലും അന്വേഷിക്കുകയുണ്ടായില്ല. മാധ്യമങ്ങളെ ഉപയോഗിച്ചു ഉന്നതരുമായി തനിക്കുള്ള, തനിക്കുണ്ടായിരുന്ന ബന്ധങ്ങള്‍ പ്രതികാരത്തിനെന്നവണ്ണം ഉപയോഗിക്കുമെന്ന് സരിത പ്രഖ്യാപിക്കുകയും ചെയ്തു. മുഴുവന്‍ പേരും പറഞ്ഞാല്‍ അത് കേരളം താങ്ങില്ലെന്നും സരിത പറയുകയുണ്ടായി. തന്നെ ഫോണില്‍ വിളിച്ചു 'അബ്ദുള്ളക്കുട്ടി സാര്‍' മോശമായ രീതിയില്‍ സംസാരിക്കുകയും മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നാണ് സരിത ആദ്യദിവസങ്ങളില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആദ്യം തനിക്കെതിരെ കേസ് കൊടുക്കാന്‍ സരിത അബ്ദുള്ളക്കുട്ടിയെ വെല്ലുവിളിച്ചു. പിന്നിട് കേസ് താന്‍ നല്‍കുമെന്നും നല്‍കുന്ന ദിവസമേതാണെന്നും പ്രഖ്യാപിച്ചു. ആ ദിവസം ഒന്നും സംഭവിച്ചില്ല. പിന്നീട് സരിത രംഗത്തെത്തി അബ്ദുള്ളക്കുട്ടി തന്നെ മസ്കറ്റ് ഹോട്ടലില്‍ വച്ച് ബലാത്സംഗം ചെയ്തുവെന്ന് കാണിച്ചുകൊണ്ട് പരാതി നല്‍കി. ആ പരാതി പ്രകാരം അബ്ദുള്ളക്കുട്ടിക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ നിലനില്‍ക്കുന്നു.
സരിത അബ്ദുള്ളക്കുട്ടിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെയും പരാതി നല്‍കിയതിന്റേയും കാരണം സ്ത്രീത്വം അപമാനിക്കപ്പെട്ടു എന്നതല്ല എന്നത് വ്യക്തമാണ്. ഇതിന്റെ പിന്നില്‍ മറ്റു ലക്ഷ്യങ്ങളും ആ ലക്ഷ്യത്തിന്റെ പിന്നില്‍ ഒരുപറ്റം ആളുകളും ഉണ്ടെന്നുള്ളത് പ്രകടമാണ്. അത് ആര് എന്നുള്ളത് കേരള രാഷ്ട്രീയവും സരിതയും തമ്മിലുള്ള ബന്ധത്തെ ഒന്നുകൂടി ദൃശ്യവത്കരിക്കുന്നു. ഈ സാഹചര്യത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിക്കെതിരെ തലസ്ഥാനത്ത് പ്രകടനം നടത്തുകയും അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയും ചെയ്തത് ആ പാര്‍ട്ടിയുടെ സ്ത്രീത്വസംരക്ഷണത്തോടുള്ള പ്രതിബദ്ധതയോ അതോ സ്ത്രീവിഷയം രാഷ്ട്രീയ നേരിടലിന് ഉപയോഗിക്കപ്പെട്ടതാണോ എന്നതു ചിന്തനീയം തന്നെയാണ്.
ഇവിടെ വിഷയം സ്ത്രീത്വ പരിരക്ഷാനിയമവും അതിന്റെ വിനിയോഗവും രാഷ്ടീയപ്രവര്‍ത്തനവുമായി എങ്ങനെ ബന്ധപ്പെടുന്നു എന്നുള്ളതാണ്. വിഷയത്തിലേക്ക് നോക്കിയാല്‍ കാണുന്ന ലളിതചിത്രം സ്ത്രീപരിരക്ഷക്ക് കൊണ്ടുവന്നിട്ടുള്ള നിയമം പരസ്യമായി സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി ദുരുപയോഗം ചെയ്യപ്പെടുന്നതും അതിന്റെ പിന്നില്‍ കേരളരാഷ്ട്രീയത്തിന്‍റെ മുഖ്യധാരാ സാന്നിധ്യസ്പര്‍ശവും തെളിഞ്ഞു വരുന്നതാണ്. സ്ത്രീ പരിരക്ഷക്കായി കൊണ്ടുവന്നിട്ടുള്ള അതിശക്തമായ നിയമങ്ങള്‍ ഈ വിധം ദുരുപയോഗം ചെയ്യപ്പെടുമ്പോള്‍ ക്രമേണ ഇത്തരം ശക്തമായ പരിരക്ഷകള്‍ ഇല്ലാതാകും. അത് അശരണരും ദുര്‍ബലരും സാധാരണക്കാരുമായ സ്ത്രീകളുടെ ദുരിതത്തിനും ചൂഷണം ചെയ്യപ്പെടലിലും കലാശിക്കും. അതിന്റെ സൂചനകളാണ് ഇപ്പോള്‍ ഇവിടെ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.