ബെവറിജസ് കോർപ്പറേഷൻ ഒരു തീരുമാനമെടുത്തിരിക്കുന്നു. വേണമെങ്കിൽ അതിനെ സാംസ്കാരിക-സഹതാപം എന്നുവിളിക്കാം. മദ്യവിൽപ്പന സംബന്ധിച്ച് വർഷം തോറും കോർപ്പറേഷൻ ഇറക്കുന്ന പ്രദേശം തിരിച്ചുള്ള കണക്ക് പ്രസിദ്ധപ്പെടുത്തുന്നത് അവസാനിപ്പിക്കുന്നു എന്നതാണ് ഈ സാംസ്കാരിക-സഹതാപ തീരുമാനം. അതിന്റെ കാരണമായി കോർപ്പറേഷൻ ചൂണ്ടിക്കാട്ടുന്നത് കൂടുതൽ മദ്യം വിൽക്കപ്പെടുന്ന സ്ഥലങ്ങളിലുള്ളവർക്ക് ചീത്തപ്പേര് ഉണ്ടാവുന്നു. തുടർന്ന് യുവാക്കൾക്ക് വിവാഹം നടക്കുന്നതും ജോലി ലഭിക്കുന്നതുമൊക്കെ ബുദ്ധിമുട്ടായി മാറുന്നു എന്നൊക്കെയാണ്. ഇത്തരത്തിലുള്ള പ്രദേശക്കാരുടെ നിരന്തര അപേക്ഷയെ മാനിച്ചാണ് കോർപ്പറേഷൻ ഈ തീരുമാനമെടുത്തിരിക്കുന്നത്.
നാട്ടുകാർക്ക് ചീത്തപ്പേര് ഉണ്ടാക്കിക്കൊടുക്കുന്ന ഒരു പ്രവൃത്തിയിൽ സർക്കാർ ഏർപ്പെട്ടിരിക്കുന്നു എന്നത് വിരോധാഭാസം തന്നെ. ആ കോർപ്പറേഷന്റെ തലപ്പത്ത് ഐ.പി.എസ്സുകാരും ഐ.എ.എസ്സുകാരുമൊക്കെയാണ് എന്നുള്ളതാലോചിക്കുമ്പോൾ വിരോധാഭാസം ഫലിതമായി മാറുന്നു. അവിടെ ആക്ഷേപിക്കപ്പെടുന്നത് സിവിൽ സർവീസ് ഉദ്യോഗസ്ഥരല്ല. മറിച്ച് വിദ്യാഭ്യാസമാണ്. മദ്യക്കച്ചവടത്തില്‍ ഏർപ്പെട്ടിരിക്കുന്നവരെയും പൊതുവേ സമൂഹത്തിലെ അധോലാക സംസ്കാരവുമായി ചേർന്നു നിൽക്കുന്നവരായി കാണുന്നതാണ് രീതി. ഈ കച്ചവടക്കാരില്‍ കാര്യമായ വിദ്യാഭ്യാസമില്ലാത്തവരും ഉൾപ്പെടുന്നുണ്ട്. വിശേഷിച്ചും പഴയ തലമുറയിൽ പെട്ടവരിൽ. ബാർ എന്ന പേര് കുറച്ച് പ്രമാണിത്തം അതിന്റെ ഉടമയ്ക്ക് ചാർത്തിക്കൊടുക്കുന്നുവെന്ന് ചിലർക്ക് തോന്നിയേക്കാം. അത് ആ തോന്നൽ ഉണ്ടാവുന്നവരുടെ സാംസ്കാരികമായ അധമവീക്ഷണത്തിന്റെ ഫലമാണ്. സംഗതി മദ്യക്കച്ചവടം തന്നെയാണ്. കോർപ്പറേഷന്റെ വിലയിരുത്തലിൽ, അതായത് സർക്കാരിന്റെ കാഴ്ചപ്പാടിൽ, ചീത്തപ്പേര് ഉണ്ടാക്കുന്ന വ്യവസായമായ മദ്യക്കച്ചവടം നടത്തുന്നതിന് ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരും ആകേണ്ട ആവശ്യമില്ല. അവരുടെ കഴിവ് ഉപയോഗിച്ച് അവർ നേതൃത്വം നൽകുന്ന വ്യവസായം വികസിക്കുകയാണെങ്കിൽ സമൂഹം അതനുസരിച്ച് നശിക്കുകയാണ്. ഈ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ പൊതുവായി പറയപ്പെടുന്നത് വികസന ഉദ്യോഗസ്ഥർ എന്നാണ്. സർക്കാർ ഇങ്ങനെയുള്ളവരെ ഇത്തരം തസ്തികകളിൽ നിയമിക്കുമ്പോൾ അവർക്ക് ആ സ്ഥാനം വഹിക്കുക എന്നതിലപ്പുറം പോംവഴികളില്ല. പക്ഷേ, ഇവരുടെ സംഘടനക്ക് ചുരുങ്ങിയ പക്ഷം ഇത്തരത്തിൽ ഒരു ആവശ്യമുന്നയിക്കാമായിരുന്നു. അതായത് ഈ കോർപ്പറേഷന്റെ തലപ്പത്ത് തങ്ങളെപ്പോലെയുള്ളവരെ നിയമിക്കുന്നതിൽ ഒഴിവാക്കണമെന്ന്. അത് ഒരു സന്ദേശം സമൂഹത്തിന് നൽകുകയും അതുവഴി തങ്ങളുടെ ആത്മാഭിമാനം നിലനിർത്താനുള്ള അവസരവുമുണ്ടായിരുന്നു.
ഐ.പി.എസ്സുകാർ തലപ്പത്തു വന്നിട്ടും കേരളത്തിലെ ബാറുകളിൽ വിതരണം ചെയ്യപ്പെടുന്ന മദ്യത്തിന്റെ എഴുപത്തിയഞ്ചു ശതമാനവും വ്യാജമദ്യമാണെന്നുള്ളതാണ് വസ്തുത. സെക്കൻഡ്‌സ് എന്ന് അറിയപ്പെന്നവ. ഈ മദ്യം മുഴുവൻ അയൽസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് കടത്തപ്പെടുന്ന സ്പിരിറ്റ് ഉപയോഗിച്ച് ഉൽപ്പാദിപ്പിക്കുന്നവയാണ്. കഴിഞ്ഞ ഓണക്കാലത്ത് വഴിപാടിനു വേണ്ടിയുള്ള പരിശോധന പോലും സ്പിരിറ്റ് കടത്ത് തടയാനായി ഉണ്ടായില്ല. സോളാർ കേസ് പലമാനങ്ങളിൽ സ്പിരിറ്റ് കടത്തുകാർക്ക് ഒരുക്കിക്കൊടുത്ത അവസരം അതായിരുന്നു. അതുകൊണ്ടാണ് കഴിഞ്ഞ കൊല്ലത്തേക്കാൾ മദ്യവിൽപ്പന സർക്കാർ കണക്കു പ്രകാരം കുറവായത്. അതുകൊണ്ടാണ് മദ്യ ഉപയോഗം കണക്ക് പ്രകാരം കുറഞ്ഞുവെന്ന് ഉയർത്തിക്കാണിക്കാതെ ധനമന്ത്രി കെ.എം മാണി ഈ വിവരം പതിഞ്ഞ സ്വരത്തിൽ അൽപ്പം കുറ്റബോധത്തോടെ അവതരിപ്പിച്ചത്.
ഇപ്പോൾ ബെവറിജസ് കോർപ്പറേഷൻ എടുത്തിരിക്കുന്ന സാംസ്‌കാരിക-സഹതാപ തീരുമാനം മദ്യ ഉപയോഗത്തെ ഒന്നുകൂടി പ്രോത്സാഹിപ്പിക്കാൻ ഉതകുന്നതാണ്. അതിന് കോർപ്പറേഷനെ കുറ്റം പറയാനാവില്ല. കാരണം കോർപ്പറേഷന്റെ ലക്ഷ്യം മദ്യ ഉപയോഗം വർധിപ്പിച്ച് വരുമാനം വർധിപ്പിക്കുക എന്നതാണല്ലോ. എന്നിരുന്നാലും ഈ തീരുമാനമെടുത്തത് ഉന്നത ഔദ്യോഗിക തലത്തിലായിരിക്കും. അവർ സ്വയം സമ്മതിക്കുകയാണ് തങ്ങൾ ഏർപ്പെട്ടിരിക്കുന്നത് ചീത്ത വ്യവസായത്തിലാണെന്ന്. അത് അവരുടെ ആത്മാഭിമാനത്തിന്റെ തോതിനെ പ്രകടമാക്കുന്നതായിപ്പോയി. നാടിന് മദ്യപാനത്തിന്റെ പേരിൽ മോശം ഉണ്ടാവുന്നുണ്ടെങ്കിൽ അതിന് പരിഹാരം തേടാനായി നാട്ടുകാർ ബെവറിജസ് കോർപ്പറേഷനെയല്ല സമീപിക്കേണ്ടത്. ഈ സാമൂഹിക പ്രശ്നനത്തെ സാമൂഹികമായി നേരിട്ട് പരിഹാരം കാണാനുള്ള ശ്രമമാണ് നടത്തേണ്ടത്.
മദ്യത്തിന്റെ പേരിൽ ചീത്തപ്പേര് വരുമെന്ന് കരുതുന്ന നാട്ടുകാർ ഒന്നുകൂടി വ്യക്തമാക്കുന്നു. മദ്യപിക്കുന്നവർക്ക് തങ്ങളെക്കുറിച്ചുള്ള അഭിപ്രായം. ആത്മാഭിമാനം ഇല്ലാത്തവരാണ് മദ്യപാനത്തിൽ ഏർപ്പെടുന്നതുള്ളത് ഇതിലൂടെ ഒന്നുകൂടി വ്യക്തമാക്കപ്പെടുകയാണ്. മദ്യപാനവും മദ്യവ്യവസായവുമായി ബന്ധപ്പെടുന്ന എല്ലാവർക്കും അക്കാര്യം കമ്മിയാകുമെന്നു കൂടി ബെവറിജസ് കോർപ്പറേഷന്റെ പുതിയ തീരുമാനം വെളിവാക്കുന്നു.