കോഴിക്കോട് ജില്ലാ ജയിലില്‍ തടവില്‍ കഴിയവേ ടി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഫോണ്‍ ഉപയോഗിച്ചതായ വെളിപ്പെടുത്തലിനോടുള്ള ജയില്‍ ഡി.ജി.പി ഡോ. അലക്സാണ്ടര്‍ ജേക്കബിന്റെ പ്രതികരണം കേരളത്തിന്റെ സമകാലീന സാഹചര്യങ്ങളില്‍ ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പ്രതികരണത്തെ സങ്കുചിതമായ കക്ഷിരാഷ്ട്രീയ കാഴ്ചപ്പാടില്‍ അവതരിപ്പിച്ച് മറ്റൊരു വിവാദമാക്കി മാറ്റാന്‍ മാധ്യമങ്ങള്‍ അല്ലെങ്കില്‍ മാധ്യമങ്ങള്‍ വഴി താല്‍പ്പരകക്ഷികള്‍ കാര്യമായി ശ്രമിക്കുന്നുണ്ട്. ഡി.ജി.പിയുടെ പ്രതികരണത്തില്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിയോജിപ്പും അതൃപ്തിയുമൊക്കെ പ്രകടിപ്പിച്ചിരിക്കുന്നു. അതേസമയം, വര്‍ത്തമാന കേരളീയ സമൂഹത്തില്‍ അപ്രത്യക്ഷമായ ചില മര്യാദകളും വര്‍ത്തമാന കേരളീയ സമൂഹത്തില്‍ കാണപ്പെടുന്ന ചില അനഭിലഷണീയ പ്രവണതകളോടുള്ള വിമര്‍ശനവും അലക്സാണ്ടര്‍ ജേക്കബിന്റെ പ്രതികരണത്തില്‍ ഉണ്ട്. അത് കാണാതെ പോകാന്‍ പാടില്ല.
ജയിലില്‍ എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്വം താന്‍ ഏറ്റെടുക്കുന്നുവെന്ന് ഡി.ജി.പി പറയുന്നു. ധാര്‍മ്മികമായ ഈ ഉത്തരവാദിത്വം അടിസ്ഥാനപരമായ ഒരു ജനായത്ത മര്യാദയാണ്. അത് പാലിക്കുക മാത്രമാണ് ഇവിടെ ഡി.ജി.പി ചെയ്തിരിക്കുന്നത് എന്ന്‍ പറയാം. എന്നാല്‍, ഈ മര്യാദ വളരെ അപൂര്‍വമായി മാത്രമേ നമ്മുടെ രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃതലങ്ങളില്‍ കാണാറുള്ളൂ എന്ന പശ്ചാത്തലത്തിലാണ് ഇതിന്റെ മൂല്യം കാണേണ്ടത്. കേരളത്തിലെ ഭരണയന്ത്രം ഏറെക്കുറെ നിശ്ചലമാക്കിയ സോളാര്‍ തട്ടിപ്പ് കേസില്‍ ഭരണകക്ഷി നേതാക്കള്‍ക്ക് പരോക്ഷമായെങ്കിലും പ്രതികളുമായുള്ള ബന്ധം വ്യക്തമായിട്ടും ഇത്തരം ഒരു പ്രസ്താവന ആരില്‍ നിന്നും ഉണ്ടായിക്കണ്ടിട്ടില്ല എന്ന്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാവുന്നതാണ്.
എന്നാല്‍, ഡി.ജി.പി പ്രദര്‍ശിപ്പിച്ച ഈ ജനായത്ത മര്യാദയെ അതര്‍ഹിക്കുന്ന ഗൌരവത്തില്‍ അവതരിപ്പിക്കാനല്ല, ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ഫേസ്ബുക്ക് ഉപയോഗം സംബന്ധിച്ച വിവാദത്തെ കുറിച്ചുള്ള ഡി.ജി.പിയുടെ പ്രതികരണത്തെ വിവാദമാക്കാനാണ് മാധ്യമ-രാഷ്ട്രീയ സമൂഹം ശ്രമിച്ചത്. പ്രതികള്‍ക്കെതിരെ ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമമായി ഇതിനെ വിലയിരുത്താമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഇതിനോടുള്ള സി.പി.ഐ.എം നേതാക്കളുടെ പ്രതികരണവും ചേര്‍ത്ത് ഡി.ജി.പിയെ കക്ഷിരാഷ്ട്രീയത്തിന്റെ കള്ളിയില്‍ ചേര്‍ക്കാനായിരുന്നു ശ്രമം. മാത്രവുമല്ല, ഡി.ജി.പിയുടെ പ്രസ്താവനയില്‍ പരോക്ഷമായി അടങ്ങിയിരിക്കുന്ന മാധ്യമ വിമര്‍ശനത്തില്‍ നിന്ന്‍ ശ്രദ്ധ തിരിക്കാനും വിവാദത്തിന്റെ പൊടിപടലങ്ങള്‍ സഹായിക്കും. എന്നാല്‍, വിവാദങ്ങളിലൂടെ കാണികളെ പിടിച്ചിരുത്തി വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള മാധ്യമങ്ങളുടെ ശ്രമവും അതിനെ ഉപയോഗപ്പെടുത്തുന്ന നിക്ഷിപ്തതാല്‍പ്പര്യങ്ങളും ഇതിനകം ഒട്ടേറെ കണ്ടുകഴിഞ്ഞ കേരളീയര്‍ക്ക് ഈ പ്രസ്താവനയില്‍ അതിശയോക്തി തോന്നാനിടയില്ല.
കേരളത്തിലെ സമകാലീന അന്വേഷണാത്മക വെളിപ്പെടുത്തലുകള്‍ പലതും, പ്രത്യേകിച്ച് വിവാദ സ്വഭാവത്തിലുള്ളവ, മാധ്യമപ്രവര്‍ത്തകര്‍ തേടിപ്പിടിച്ചതല്ല, അവരെ തേടിയെത്തിയതാണെന്ന് വസ്തുതയാണ്. പൊതുതാല്‍പ്പര്യത്തേക്കാളേറെ നിക്ഷിപ്ത താല്‍പ്പര്യങ്ങളാണ് പലപ്പോഴും ഇത്തരം വാര്‍ത്തകളുടെ പുറകിലെന്നും കാണാവുന്നതാണ്. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു പുറത്തുവരുന്ന വെളിപ്പെടുത്തലുകളും ജോസ് തെറ്റയില്‍ സംഭവവുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരം വാര്‍ത്തകളില്‍ പൊതുതാല്‍പ്പര്യത്തേയും നിക്ഷിപ്ത താല്‍പ്പര്യങ്ങളേയും വേര്‍തിരിച്ച് അവതരിപ്പിക്കാനുള്ള ശ്രമവും പ്രത്യേകിച്ചും ചാനലുകളില്‍ കാണാറില്ല. അതുകൊണ്ടുതന്നെ ലൈംഗിക വേഴ്ചയുടെ ദൃശ്യങ്ങള്‍ വരെ നമ്മുടെ വാര്‍ത്താചാനലുകളില്‍ കാണേണ്ടിവരുന്നു. ഈ പശ്ചാത്തലത്തില്‍, ചൂടുവെള്ളത്തില്‍ വീണ പൂച്ചയുടെ യുക്തിയെങ്കിലും ഉപയോഗിച്ചാല്‍, കേരളത്തിലെ മാധ്യമങ്ങളില്‍ ചായക്കോപ്പകളില്‍ നിന്ന്‍ വന്‍വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ ഒരു പോലീസുകാരനല്ല, സമൂഹത്തെ പൊതുവായി നിരീക്ഷിക്കുന്ന ആര്‍ക്കും ഉണ്ടാകുന്ന സംശയമേ പോലീസ് തലവനും പ്രകടിപ്പിച്ചിട്ടുള്ളൂ.
വിവാദ സംഭവങ്ങളില്‍ നടക്കുന്ന മാധ്യമവിചാരണയും ഇതിനൊപ്പം ചേര്‍ത്തുവായിച്ചാല്‍ ഡി.ജി.പിയുടെ പ്രസ്താവനയിലെ വിലയിരുത്തല്‍ തികച്ചും യാഥാര്‍ഥ്യ ബോധമുള്ളതാണെന്ന് കാണാം. തങ്ങളുടെ മുന്നിലുള്ള തെളിവുകള്‍ പരിശോധിച്ചാണ്, മാധ്യമ റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ചല്ല വിധിയെഴുത്തുന്നതെന്ന് ന്യായാധിപര്‍ പറയും. എന്നാല്‍, സമൂഹത്തില്‍ നിന്ന്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവരല്ല ന്യായാധിപര്‍. തെളിവുകളിലെ ന്യായത്തെ പരിശോധിക്കുന്നതിന് നിദര്‍ശനമാകേണ്ട നീതിബോധം അവര്‍ ജീവിക്കുന്ന സമൂഹത്തില്‍ നിന്നാണ് അവര്‍ക്ക് ലഭിക്കുന്നത്. പൊതുമണ്ഡലത്തിലെ പ്രധാന ഘടകം എന്ന നിലയില്‍ ഈ ബോധരൂപീകരണത്തില്‍ മാധ്യമങ്ങളുടെ പങ്ക് ചെറുതല്ല. ചുരുങ്ങിയത്, ഭാവിയിലെ ന്യായാധിപരിലെങ്കിലും.
നിയമവാഴ്ചയെ മാധ്യമങ്ങള്‍ സ്വാധീനിക്കുന്നതിന്റെ മറ്റൊരു വിമര്‍ശനമായിരുന്നു ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിയത് മാധ്യമ സമ്മര്‍ദ്ദത്താലാണെന്ന ഡി.ജി.പിയുടെ പ്രസ്താവന. സമ്മര്‍ദ്ദം ആരുടെ മേലാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. എന്നാല്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ ഭരണ നേതൃത്വത്തില്‍ ഉയര്‍ത്തിയ സമ്മര്‍ദ്ദമാണ് ഇതിന് പിന്നിലെന്ന് ശരിയായി അനുമാനിക്കാന്‍ ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനകള്‍ മാത്രം മതി. എന്നാല്‍, ഇവിടെ ബലികഴിക്കപ്പെടുന്നത് നിയമവാഴ്ചയാണ്. മാധ്യമ പ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ഭരണവുമെല്ലാം നിയമാനുസൃതവും നിയമത്തിന് വിധേയവും ആയിരിക്കേണ്ടത് ജനായത്ത വ്യവസ്ഥയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. എന്നാല്‍, കേരളത്തില്‍ നിയമവാഴ്ചയെ ചിലപ്പോഴെങ്കിലും മാധ്യമവാഴ്ച പകരം വെക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമാകുകയാണ് ജയില്‍ ഡി.ജി.പിയുടെ ഈ പ്രസ്താവന. കോണ്‍ഗ്രസ്-സി.പി.ഐ.എം രാഷ്ട്രീയ തര്‍ക്കത്തിന്റെ കണ്ണടയിലൂടെ കാണേണ്ട ഒന്നല്ല, കേരളീയ സമൂഹത്തിന് മുന്നില്‍ അലക്സാണ്ടര്‍ ജേക്കബ് ഉയര്‍ത്തിയ മൂല്യബോധവും സാമൂഹ്യവിമര്‍ശനവും.