Skip to main content

കേരളത്തിന്റെ പൊതുമണ്ഡലം സാംസ്‌കാരികമായി വിളപ്പില്‍ശാലയെക്കാൾ മലീമസമായിരിക്കുന്നു. വ്യഭിചാരം, ലൈംഗിക വൈകൃതങ്ങൾ, അഴിമതി എന്നീ വിഷയങ്ങൾ കൊണ്ടാണ് പൊതുമണ്ഡലം ദുർഗന്ധപൂരിതമായിരിക്കുന്നത്. സ്വാഭാവികമായും നിയമസഭയും കുറേ കാലമായി ഈ വിഷയങ്ങളില്‍ ചുറ്റിപ്പറ്റി നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതുമാത്രം വാർത്തയാവുന്ന സാഹചര്യത്തിലേക്ക് മാധ്യമങ്ങളും മാറിക്കഴിഞ്ഞു. ഒരു വ്യാഴവട്ടത്തിന് മുൻപാണ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ലൈംഗിക ആരോപണങ്ങൾ മറയില്ലാതെ വെളിപ്പെടുത്തിക്കൊണ്ട് മാധ്യമങ്ങൾ പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചത്. തുടർന്ന്‍ കുഞ്ഞാലിക്കുട്ടി രാജിവെച്ചു. ഒരു ദശാബ്ദം കഴിഞ്ഞപ്പോൾ കുഞ്ഞാലിക്കുട്ടി ചരിത്രത്തിലെന്നത്തേക്കാളും ശക്തനായി മന്ത്രിസഭയില്‍ രണ്ടാം സ്ഥാനം വഹിച്ചുകൊണ്ട് അധികാരത്തിലെത്തി നിർണായകശക്തിയായി സംസ്ഥാനത്തിന്റെ ഭാഗധേയം നിർവഹിക്കുന്നു. ഇത് പുതിയ മൂല്യവ്യവസ്ഥയേയും സാംസ്‌കാരിക അന്തരീക്ഷത്തേയും സൃഷ്ടിക്കുകയുണ്ടായി.

 

കുഞ്ഞാലിക്കുട്ടി-റജിന സംഭവത്തിനുശേഷം ലൈംഗികമായ പീഡനവാർത്തകൾ മുഖ്യ ഇനമായി. പത്രങ്ങളില്‍ ചിലപ്പോൾ പീഡനവാർത്തകൾക്കായി പ്രത്യേകം പേജ് നിരന്തരമായി നീക്കിവയ്‌ക്കേണ്ട അവസ്ഥ വന്നു. ചാനലുകൾ തങ്ങളുടെ റേറ്റിംഗ് കൂട്ടുന്നതിന് പീഡന വാർത്തകൾ ഉൾപ്പെടുത്തുന്നത് എളുപ്പവിദ്യയായി കണ്ടു. മൂന്നുകോടി മുപ്പതുലക്ഷത്തില്‍ കൂടുതല്‍ ജനങ്ങളുള്ള കേരളത്തില്‍ മദ്യലഹരിയില്‍ ബോധം നശിച്ച് നരാധമാവസ്ഥയിലെത്തിയ അച്ഛൻമാർ മക്കളെ പീഡിപ്പിക്കുന്ന ചില സംഭവങ്ങൾ എക്‌സ്‌ക്ലൂസീവ് വാർത്തകളാക്കി പൊതുവത്കരിച്ച് ചർച്ചകൾ നടത്തുന്നതുവരെ സാധാരണമായി. ഏറ്റവുമൊടുവില്‍ മുൻമന്ത്രി ഗണേശ്കുമാറിന്റെ അവിഹിതബന്ധങ്ങളുടെ പെരുമഴക്കാലമായി. ചീഫ് വിപ്പ് പി.സി.ജോർജും ചാനല്‍ വാർത്തകളും തമ്മില്‍ ഒരു സമവാക്യമായതുപോലെയായി. അദ്ദേഹം ഇത്തരം സംഭവങ്ങൾ വിവരിക്കുമ്പോൾ ഉപയോഗിക്കുന്ന പ്രയോഗങ്ങൾ കുടുംബാന്തരീക്ഷത്തില്‍ കേൾക്കുമ്പോൾ സംസ്‌കാരരഹിതമായി അനുഭവപ്പെടുന്നു.

 

ഏറ്റവുമൊടുവില്‍ സരിത എസ്. നായരുടെ സോളാർവെട്ടിപ്പും അവരുമായി ചുറ്റിപ്പറ്റിയ കഥകളും സജീവമായി. ആ വിഷയത്തില്‍ മുഖ്യമന്ത്രിയും സർക്കാരും നാണം കെട്ടപ്പോഴും നിയമസഭ നടത്താൻ കഴിയാതെ വന്നതിന്റേയും പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിനെ പ്രഹരിക്കാൻ പറ്റിയ ആയുധമെന്നോണം മുൻ മന്ത്രി ജോസ് തെറ്റയിലിനെതിരെയുള്ള ലൈംഗികാരോപണമായി. അദ്ദേഹം പരാതിക്കാരിയായ യുവതിയുമായി കിടപ്പറ പങ്കിടുന്ന ചിത്രം സഹിതമാണ് മാധ്യങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. ആ യുവതി ലൈംഗിക ആരോപണമുന്നയിച്ചുകൊണ്ട് പരാതി നല്‍കിയിരിക്കുന്നത് തെറ്റയിലിനും മകനുമെതിരെ. അതിനെ നേരിടാനെന്ന വണ്ണം മുഖ്യമന്ത്രിയുടെ മകളെ സംബന്ധിക്കുന്ന കഥകൾ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദൻ നിയമസഭയില്‍ എഴുതിവായിക്കുകയായിരുന്നു.

 

മൊത്തത്തില്‍ നാറ്റം. നാറ്റം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായതുകൊണ്ടാണ് നാറ്റമടിക്കുമ്പോൾ അരോചകമായി മനുഷ്യന് അനുഭവപ്പെടുന്നത്. അത് പ്രകൃതി ഏർപ്പെടുത്തിയിരിക്കുന്ന രക്ഷാവഴിയാണ്. വിഷച്ചെടിയിലകൾ മൃഗങ്ങൾ കടിക്കാതിരിക്കുന്നതും ഗന്ധത്തിന്റെ ഇഷ്ടാനിഷ്ടങ്ങളിലൂടെയാണ്. സംസ്‌കാരം മനുഷ്യനുമാത്രമാണ്. ശരീരത്തിന് കേടുള്ള ഗന്ധം വരുമ്പോൾ നാം മൂക്ക് പൊത്തും. അസഹനീയമായ ഗന്ധമേറ്റാല്‍ മരണം സംഭവിക്കാമെന്നുള്ളതും ഓർക്കുക. ഇപ്പോള്‍ മാധ്യമങ്ങളിലൂടെ പ്രകടമാകുന്നത് സാംസ്‌കാരികമായ വിളപ്പില്‍ശാലയാണ്. അത് എന്നും ഉണ്ടാവുമെന്ന്‍ ഉറപ്പാണ്. നാറ്റമുണ്ടെന്ന് അറിഞ്ഞിട്ട് അതിന്റെ ഉറവിടത്തിലേക്ക് എത്തിനോക്കുന്നതും ഏത് ഇനത്തില്‍ നിന്നാണ് ഈ നാറ്റം വമിക്കുന്നത് എന്നറിയാൻ ഔത്സുക്യവും ആകാംഷയും കാട്ടുന്നതും മനോരോഗമാണ്. മൊത്തത്തില്‍ നാറ്റമാണെങ്കില്‍ മൂക്ക് പൊത്തി ആ ഭാഗത്തുനിന്ന്‍ മാറുക. അതിനു പറ്റാത്ത അവസ്ഥയില്‍ പ്രേക്ഷകരും എത്തിയിരിക്കുന്നു. റേറ്റിംഗ് അത് സാക്ഷ്യപ്പെടുത്തുന്നു. നാം അറിയാതെ മനോരോഗികളായിരിക്കുന്നു. അതു കൂടുതല്‍ വഷളാകുന്നതിന് മുൻപ് തിരിച്ചറിഞ്ഞ് രക്ഷപ്പെടുക എന്നത് ഏതൊരു മലയാളിയുടേയും അവകാശമാണ്. അതിനാല്‍ വാര്‍ത്ത കാണാതിരുന്നാല്‍, അതേപോലെ വാര്‍ത്തയുമായി ബന്ധപ്പെട്ട് പലരൂപത്തില്‍ പുറത്തുവരുന്ന ജുഗുപ്‌സാവഹമായ ഇനങ്ങൾ കാണാതിരുന്നാല്‍ അത് മൂക്കുപൊത്തലാകും. അതിനുള്ള സ്വാതന്ത്ര്യം ഓരോ വ്യക്തിക്കുമുണ്ട്. അതിന് നമുക്ക് തോന്നുന്നില്ലെങ്കില്‍ അറിയുക നാമും തിരുത്താനാകാത്തവിധം വൈകൃതങ്ങൾ പിടികൂടിയ മനോരോഗിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത. സംശയം വേണ്ട ഈ വാർത്തകൾ ദിവസവും കാണുന്ന കുട്ടികൾ ആണായാലും പെണ്ണായാലും പിഴയ്ക്കും. വീടിനും നാടിനും ഭാരമാകുകയും ചെയ്യും. സംശയം വേണ്ട.