ശ്വേത മേനോനിലെ സ്ത്രീയും താരവും

Sun, 03-11-2013 03:30:00 PM ;

ശ്വേത മേനോൻ നടിയാണ്. എന്നാൽ അവർ ജനശ്രദ്ധയിലേക്ക് കുടിയേറിയത് അഭിനേത്രിയെന്ന നിലയിൽ അഭിനയത്തിന്റെ ഉജ്വല മുഹൂർത്തങ്ങൾ കാഴ്ചവച്ചതിന്റെ പേരിലല്ല. വിവാദങ്ങളുയർത്തിക്കൊണ്ടാണ് അവർ ശ്രദ്ധയാകർഷിച്ചിട്ടുള്ളത്. അത് അവർക്ക് താരപദവിയും മാധ്യമശ്രദ്ധയും തൊഴിൽപരമായ നേട്ടവും ഉണ്ടാവുന്നതിന് സഹായിച്ചിട്ടുണ്ട്. അതിനാൽ വിവാദം തന്റെ തൊഴിലിൽ എങ്ങനെ നല്ല നിക്ഷേപമാക്കാമെന്ന് ശ്വേതാമേനോന് നന്നായറിയാം. വർത്തമാനകാല മാധ്യമ നിയന്ത്രിത സമൂഹത്തിൽ ശ്വേത അത് വിദഗ്ദ്ധമായി ഉപയോഗിക്കുന്നു എന്നതാണ് ഏറ്റവും ഒടുവിൽ അവർ സൃഷ്ടിച്ചിരിക്കുന്ന വിവാദം വ്യക്തമാക്കുന്നത്. നവംബര്‍ ഒന്നിന് കൊല്ലത്തു നടന്ന പ്രസിഡന്റ്‌സ് ട്രോഫി ജലോത്സവത്തിൽ മുഖ്യാതിഥിയായെത്തിയ അവരെ വേദിയിൽ വച്ച് കൊല്ലം എം.പിയായ പീതാംബരക്കുറുപ്പ് അപമാനിച്ചുവെന്നും അതിനെക്കുറിച്ച് പരാതി പറഞ്ഞിട്ടും ജില്ലാകളക്ടർ കള്ളം പറയുന്നുവെന്നുമാണ് മാധ്യമങ്ങളിലൂടെ അടിയന്തര പത്രസമ്മേളനങ്ങൾ വരെ നടത്തി അവർ പറയുന്നത്. നവംബര്‍ ഒന്ന് വൈകുന്നേരം മുതൽ അടുത്ത രണ്ടുദിവസത്തേക്ക് കേരളത്തിലെ ദൃശ്യമാധ്യമങ്ങളിലെ മുഖ്യവാർത്ത അതാണ്.

 

ഒരു സ്ത്രീയെ പരസ്യമായിട്ടാണെങ്കിലും രഹസ്യമായിട്ടാണെങ്കിലും അംഗീകാരമില്ലാതെ സ്പർശിക്കുന്നതോ, അപമര്യാദയായി സംസാരിക്കുന്നതോ അശ്ലീലവും കുറ്റകരവുമാണ്. അങ്ങനെയുള്ള പ്രവൃത്തികളിലേർപ്പെടുന്നവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയുമാണ്. സ്ത്രീകൾക്കെതിരെ കുറ്റകൃത്യങ്ങൾ മറ്റെന്നത്തേക്കാളും വർധിച്ചുവരുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് പുതിയ നിയമങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്. അതു പ്രകാരം അപമാനിക്കപ്പെട്ട സ്ത്രീയുടെ പരാതിയില്ലാതെ തന്നെ പോലീസിന് കേസ്സെടുത്ത് അന്വേഷിക്കാവുന്നതാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടാവുമ്പോൾ  എന്തു തന്നെ പവിത്രമായ ചടങ്ങാണെങ്കിലും ഔചിത്യത്തെപ്പോലും മാറ്റിനിർത്തി  അന്നേരം പ്രതികരിക്കുകയാണ് വേണ്ടത്. തിരുവനന്തപുരം എയർപോർട്ടിൽ വച്ച് ശശി തരൂരിനോടൊപ്പമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ സുനന്ദയെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു യുവാവ് കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ചു. ആ നിമിഷം സുനന്ദയുടെ കൈയുടെ ചൂട് ആ യുവാവ് തന്റെ മുഖപേശികളിലൂടെ അിറഞ്ഞു. പിന്നീട് ആ യുവാവും മാതാപിതാക്കളും സുനന്ദയെ നേരിൽ കണ്ട് മാപ്പ് പറഞ്ഞതിനെ തുടർന്ന് സംഗതി മാപ്പാക്കുകയും ചെയ്യുകയുണ്ടായി.

 

 

കൊല്ലത്തെ പരിപാടിയിൽ അപമാനിതയായെന്നറിഞ്ഞിട്ടും  ആഘോഷപൂർവ്വം പരിപാടിയിൽ പങ്കെടുത്തിട്ട് മണിക്കൂറുകൾ കഴിഞ്ഞ് മാധ്യമങ്ങളിലൂടെ ശ്വേത താൻ അപമാനിക്കപ്പെട്ടതായി വെളിപ്പെടുത്തുകയായിരുന്നു. ചാനൽ പരിപാടിയുടെ അവതാരകയെന്ന നിലയിൽ ഇത്തരത്തിലൊരു വാർത്ത പുറത്തുവിടുന്നതിലൂടെ തനിക്കും ചാനലുകൾക്കുമുണ്ടാവുന്ന സാമ്പത്തികമായ സാധ്യത ശ്വേതയ്ക്ക് നന്നായി അറിയാം. വേദിയിൽ വച്ച് സുനന്ദയെപ്പോലെ പെരുമാറിയില്ലെങ്കിലും വേദി വിട്ട ഉടനെ അവർക്ക് പോലീസിൽ രേഖാമൂലം പരാതി നൽകാമായിരുന്നു. പകരം അത് വാർത്തയായി  ആഘോഷിക്കപ്പെടാൻ തിരക്കഥ തയ്യാറാക്കിയിട്ടെന്നപോലെ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തുകയായിരുന്നു. രണ്ടു ദിവസം കഴിഞ്ഞിട്ടും അവർ വീണ്ടും മാധ്യമങ്ങളിലൂടെ തന്റെ വൈകാരികത പ്രകടമാക്കാൻ ശ്രമിക്കുകയല്ലാതെ പീതാംബരക്കുറുപ്പിനെതിരെ പരാതി കൊടുക്കാൻ തയ്യാറായില്ല. വിവാദമായപ്പോൾ  മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമായി പറഞ്ഞു, പരാതി കിട്ടിയാൽ അന്വേഷിക്കാമെന്ന്.

 

ഇവിടെ ശേതയുടെ ലക്ഷ്യം തന്നെ അപമാനിച്ച വ്യക്തിക്കെതിരെ നിയമം അനുശാസിക്കുന്ന വിധമുള്ള നടപടി എടുക്കുക എന്നതല്ല. മറിച്ച് മാധ്യമങ്ങളിലൂടെ ഈ വിഷയം എത്രമാത്രം ആഘോഷിച്ച് ജനശ്രദ്ധയിൽ നിൽക്കാം എന്നുള്ളതാണ്. ഇത് സ്ത്രീ സമൂഹത്തോടും, വിശേഷിച്ചും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും കുട്ടികളും പ്രായമായവരുമായ സ്ത്രീകളോട് ചെയ്യുന്ന അങ്ങേയറ്റത്തെ അനീതിയാണ്. ഇന്ന് അത്രയ്ക്കാണ് സ്ത്രീകൾ  അക്രമങ്ങൾക്കിരയാകുന്നത്. സ്ത്രീകളുടെ സംരക്ഷണത്തിനായി കൊണ്ടുവന്നിട്ടുള്ള നിയമങ്ങൾ താരപദവിയുള്ള സ്ത്രീകൾ തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുമ്പോൾ ആ നിയമം പരാജയപ്പെടുകയും സാധാരണ സ്ത്രീകളുടെ നില കൂടുതൽ അസുരക്ഷിതമാവുകയും ചെയ്യുന്നു. ജോസ് തെറ്റയിൽ എം.എൽ.എയ്‌ക്കെതിരെ അങ്കമാലിയിലെ യുവതി പോലീസിനെക്കൊണ്ട് എടുപ്പിച്ച കേസ്സ് ഉത്തമ ഉദാഹരണം. എഫ്.ഐ.ആർ  തള്ളിക്കളഞ്ഞുകൊണ്ട് ഈ കേസ്സിൽ കോടതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്യുകയുണ്ടായി.

 

 

ശ്വേത പറയുന്നത് ശരിയാണെങ്കിൽ ഇവിടെ ഒരു സ്ത്രീ അപമാനിക്കപ്പെട്ടിരിക്കുന്നു. എന്നാൽ ശ്വേത അതിനെ അങ്ങിനെ കാണുന്നില്ല. താരപദവിയും മാധ്യമങ്ങളിലൂടെ ലഭിക്കാവുന്ന സാധ്യതകളും കണ്ടുകൊണ്ടുള്ള നീക്കങ്ങളാണ് നടത്തുന്നത്. തന്റെ സ്ത്രീത്വം അപമാനിക്കപ്പെട്ടുവെന്ന് തോന്നുന്നുവെങ്കിൽ ആ നിമിഷം പ്രതികരിക്കുകയും നിയമ നടപടികളിലേക്കു നീങ്ങുകയുമായിരുന്നു വേണ്ടത്. അല്ലാതെ രണ്ടു ദിവസം മാധ്യമങ്ങളിലെ മുഖ്യവാർത്തയായി കൊണ്ടാടപ്പെട്ടതിനു ശേഷം താരസംഘടനയായ ‘അമ്മ’യോടാലോചിച്ചു നടപടി സ്വീകരിക്കുമെന്ന് പറയുന്നതൊക്കെ  സാമൂഹികാന്തരീക്ഷത്തെ മലിനപ്പെടുത്തുന്നതിനു മാത്രമേ സഹായിക്കുകയുള്ളു. അല്ലെങ്കിൽ മാധ്യമങ്ങളുടെ മുന്നിൽ വരുന്നതിനും പത്രസമ്മേളനം നടത്തുന്നതിനും മുൻപേ ശ്വേതയ്ക്ക്  ‘അമ്മ’യുമായി ആലോചിച്ച് വ്യക്തമായ നിലപാട് സ്വീകരിച്ചിട്ട് മാധ്യമങ്ങളെ കാണാമായിരുന്നു.

 

ശരിയാണ്, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടി നടത്തി ജനങ്ങളുടെ പക്കൽ നിന്ന് നേരിട്ട് പരാതി സ്വീകരിക്കാറുണ്ട്. അത് പ്രത്യേക പരിപാടിയായി നടത്തിക്കൊണ്ടാണ്.  ഇവിടെ ശ്വേത ചെയ്യേണ്ടത് കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐയുടെ മുമ്പാകെ പരാതി കൊടുക്കുകയാണ്. അല്ലാതെ എസ്.ഐയുടെ പണി മുഖ്യമന്ത്രിയെക്കൊണ്ട് ചെയ്യിക്കാൻ നോക്കുകയല്ല വേണ്ടത്.  മാധ്യമങ്ങളെപോലും നേരിട്ട് ശ്വേത അറിയിക്കേണ്ട ആവശ്യമില്ലായിരുന്നു. അങ്ങനെയായിരുന്നുവെങ്കിൽ  ശ്വേതയ്ക്ക്   ഇത്തരമൊരു വിഷയത്തിൽ സമൂഹത്തെ  ഉത്‌ബോധിപ്പിക്കുവാൻ കഴിയുമായിരുന്നു. അതിനെ ആംഗലേയത്തിൽ സെൻസിറ്റൈസ് ചെയ്യുക എന്നു പറയാം. പകരം ശ്വേത ചെയ്തത്, ഈ വിഷയത്തെ സെൻസേഷണലൈസ് ചെയ്യുകയാണ്. ആ വാക്കിന് വേണമെങ്കിൽ  മലയാളത്തിൽ മഞ്ഞമാധ്യമപ്രവർത്തനം എന്നു പറയാം. സെൻസിറ്റൈസേഷനും സെൻസേഷണലിസവും തമ്മിലുള്ള വ്യത്യാസം ധ്രുവങ്ങളുടേതാണ്. ആദ്യത്തേത് ആരോഗ്യകരമായ മാറ്റത്തിന് വഴിവയ്ക്കുമ്പോൾ രണ്ടാമത്തേത് അനാരോഗ്യകരമായ പ്രവണതകൾ സമൂഹത്തിൽ സൃഷ്ടിക്കും.  അങ്കമാലിയിലെ യുവതിയെപ്പോലെ പെട്ടന്ന്  മാധ്യമശ്രദ്ധ നേടി  അറിയപ്പെടാൻ ആഗ്രഹിക്കുന്ന ഒരു സ്ത്രീക്ക് വേണമെങ്കിൽ  മാധ്യമസാന്നിദ്ധ്യ സമൂഹത്തിൽ ശ്വേത കാണിച്ച വഴി അനുകരണീയമാണ്. കേരളത്തിലെ സ്ത്രീ പുരുഷബന്ധം അനാരോഗ്യകരമായി മാറുന്നതിന്റെ ഒട്ടേറ ശക്തമായ ലക്ഷണങ്ങൾ പ്രകടമാണ്. പല സ്ഥലങ്ങളിലും സ്ത്രീകൾ പരസ്യമായി ആക്രമിക്കപ്പെടുമ്പോഴോ അപകടകരമായ സാഹചര്യങ്ങളിൽ പെടുമ്പോഴോ കണ്ടില്ലെന്ന് നടിച്ച് പോകുന്ന സാഹചര്യം ഇപ്പോൾ തന്നെ നിലവിലുണ്ട്. കുറ്റവാസനയുള്ള മനസ്സുകളുടെ ഉടമകൾക്ക് അത് വളക്കൂറുളള അന്തരീക്ഷമാണ് ഒരുക്കുന്നത്.

Tags: