സൂക്ഷ്മത്തെ അറിഞ്ഞ രണ്ടുപേര്‍

Sat, 19-10-2013 04:15:00 PM ;

ഒരേ ശ്രുതിയില്‍ നെയ്തെടുത്ത രണ്ട് വ്യത്യസ്ത ജീവിതതാളങ്ങളാണ് മലയാളത്തിന് ഒരുമിച്ച് നഷ്ടമായത്. അഷ്ടവൈദ്യ പരമ്പരയില്‍ ഉള്‍പ്പെട്ട വൈദ്യമഠം ചെറിയ നാരായണന്‍ നമ്പൂതിരിയും നാടോടി ശീലുകളുടെ സൗന്ദര്യത്തെ തന്റെ ഗാനങ്ങളില്‍ വിളക്കിച്ചേര്‍ത്ത കെ. രാഘവന്‍ മാസ്റ്ററും. സാഫല്യമെന്ന അവസ്ഥയുടെ പ്രതിഫലനങ്ങളായാണ് യഥാക്രമം 83-ഉം 99-ഉം വയസ്സുകളില്‍ ഈ രണ്ട് ജീവിതങ്ങളുടേയും തിരശീല മലയാളിക്ക് മുന്നില്‍ വീണത്. പ്രതിഭയ്ക്ക് അംഗീകാരവും അര്‍ഹിക്കുന്ന ആദരവും മലയാളിയില്‍ നിന്ന്‍ ഇവര്‍ക്ക് ലഭിച്ചിട്ടുമുണ്ട്. എന്നാല്‍, സമൂഹം എന്ന നിലയില്‍ മലയാളി എത്രത്തോളം ഇവരെ ഉള്‍ക്കൊള്ളുന്നു എന്നതാണ് നാം അല്‍പ്പം സാരമായി അന്വേഷിക്കേണ്ടത്. തങ്ങളുടെ മേഖലകളില്‍ ഇവര്‍ സ്വായത്തമാക്കിയ സൂക്ഷ്മമായ അറിവ് മാത്രമല്ല ഇവരോടൊപ്പം തിരോഭാവിക്കുന്നത്. അറിവിലെ സൂക്ഷ്മത എന്ന ഗുണം മലയാളിയില്‍ നിന്ന്‍ കൂടിയാണ്.

 

തിരുവനന്തപുരത്ത് നടന്ന ഒരു ആയുര്‍വേദ സെമിനാറില്‍ പങ്കെടുക്കവേ വൈദ്യമഠം നമ്പൂതിരി നടത്തിയ ഒരു പ്രസ്താവന ഇവിടെ പ്രസക്തമാണ്. ആധുനിക വൈദ്യശാസ്ത്രമായി വിവക്ഷിക്കുന്ന അലോപ്പതി ഒരു ചികിത്സാപദ്ധതിയാണ്. എന്നാല്‍, ആയുര്‍വേദം ഒരു ആരോഗ്യശാസ്ത്രമാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ലളിതമായ വിശദീകരണം. എന്നാല്‍, ഈ വ്യത്യാസം പ്രധാനവുമാണ്. അലോപ്പതിയില്‍ ചികിത്സ രോഗത്തിനാണ്‌. രോഗം മാറുന്നതോടെ ആരോഗ്യമുണ്ടായി എന്ന തോന്നല്‍ ഉണ്ടാകുന്നു. എന്നാല്‍, രോഗമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്ന ഒന്നും അലോപ്പതിയിലില്ല എന്ന് നമുക്കെല്ലാം അറിയുകയും ചെയ്യാം. എന്നാല്‍, അലോപ്പതിയാണ്, അത് മാത്രമാണ് ശാസ്ത്രീയം എന്ന ധാരണ നാം ചോദ്യം ചെയ്യപ്പെടാതെ സ്വീകരിക്കുന്നു. ആയുര്‍വേദ ചികിത്സയില്‍ ഊന്നല്‍ നല്‍കുന്നത് രോഗമില്ലാത്ത അവസ്ഥ സൃഷ്ടിക്കുന്നതിനാണ് എന്ന് നമുക്കറിയാം. എന്നാല്‍, പാരമ്പര്യ വൈദ്യ പദ്ധതികളെ നാം സമീപിക്കുന്നത് അവഗണനയോടെയാണ്. ആയുര്‍വേദ ചികിത്സ മൂലം ഭാവിയില്‍ ഒഴിവാകുന്ന രോഗങ്ങള്‍ നമ്മുടെ കണക്കില്‍ വരുന്നില്ല. ഇവിടെയാണ്‌ അറിവിലെ സൂക്ഷ്മത നമുക്ക് നഷ്ടപ്പെടുന്നത്. ഈ സൂക്ഷ്മത നഷ്ടപ്പെടുമ്പോഴാണ് ആരോഗ്യവകുപ്പിന്റെ ചുമതല ആശുപത്രികളുടെ നടത്തിപ്പാകുന്നത്. വൈദ്യമഠം നമ്പൂതിരിയും രാഘവന്‍ തിരുമുല്‍പ്പാടും പോലുള്ളവരില്‍ നിന്ന്‍ നാം ഇനിയും പഠിക്കാത്ത പാഠമായി ഇത് മാറുന്നു.

 

കെ.രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ നമ്മുടെ മനസിന് ലേപനമായി മാറുന്നതും സംഗീതത്തിന്റെ ഉള്ളറിയാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. സംഗീത പാരമ്പര്യമൊന്നുമില്ലാത്ത പശ്ചാത്തലത്തില്‍ ജനിച്ച് അറിവിന്റെ മേഖലകളിലേക്ക് പ്രവേശിക്കാന്‍ പരിമിതികളുണ്ടായിരുന്ന സാഹചര്യത്തില്‍ വളര്‍ന്ന രാഘവന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ അനുവാചക ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നത് മറ്റൊന്നും കൊണ്ടല്ല. നീലക്കുയിലിലെ ഗാനങ്ങള്‍ മാത്രം മലയാളമുള്ളിടത്തോളം മാസ്റ്റര്‍ക്ക് അനശ്വരത നല്‍കും. സംഗീതത്തിന്റെ ഉള്ളറിയുക എന്നാല്‍ മനുഷ്യമനസ്സുകളുടെ കൂടി ശ്രുതി അറിയുക എന്നതാണ്. രാഘവന്‍ മാസ്റ്ററും ഒപ്പം ദക്ഷിണാമൂര്‍ത്തി സ്വാമി, ബാബുരാജ്, ദേവരാജന്‍ മാസ്റ്റര്‍ എന്നിവരെല്ലാം ഗാനങ്ങള്‍ ഒരുക്കിയ കാലത്തെ അപേക്ഷിച്ച് ഭൌതിക സാഹചര്യങ്ങള്‍ സമൃദ്ധമായിട്ടും പിന്നീടുള്ള നമ്മുടെ ഗാനങ്ങള്‍ സ്വന്തം തലമുറയുടെ കാലത്തെ പോലും അതിജീവിക്കുന്നത് ചുരുക്കമാകുന്നു എന്ന അനുഭവമാണ് നമുക്ക് മുന്നിലുള്ളത്. അനുവാചക മനസ്സുകളിലെ ശ്രുതിയോട് ചേര്‍ന്ന് നില്‍ക്കാനാകാത്തകാം ഇതിന് കാരണം. രാഘവന്‍ മാസ്റ്ററെ പോലുള്ളവരില്‍ നിന്ന്‍ നാം പഠിക്കാതെ പോയ പാഠവും ഇതുതന്നെ.

 

കണ്‍മുന്നില്‍ കാണുന്നതല്ല, അതിന്റെ ഉള്ളു കാണുന്നതാണ് അറിവിന്റെ സാരമെന്ന് ഈ രണ്ട് പേരും തന്റെ ജീവിതങ്ങളിലൂടെ നിരന്തരം നമുക്ക് വ്യക്തമാക്കി. സങ്കീര്‍ണ്ണമെന്ന് തോന്നുന്ന ഈ തിരിച്ചറിവ് തന്നെയാണ് അവരുടെ ജീവിതങ്ങളെ ലളിതമാക്കിയതും. ഈ ലാളിത്യം തന്റെ ജീവിതത്തില്‍ കൊണ്ടുവരുന്നത് മലയാളിക്ക് ഇന്നത്തെ സാമൂഹ്യ സാഹചര്യത്തില്‍ ഏറെ പ്രയോജനപ്രദമായിരിക്കും.   

Tags: