ഒരു യഥാർഥ കമ്മ്യൂണിസ്റ്റ് ഫലത്തിൽ സന്യാസത്തിന്റെ പടിവാതിൽക്കലെത്തുന്നു. എന്നാൽ സന്യാസത്തിലേക്കു പ്രവേശിക്കുന്നില്ല. കതക് തുറന്ന് അകത്തു കയറുകയേ വേണ്ടൂ. ഉമ്മറത്താണെങ്കിലും അകത്തല്ല പുറത്തുതന്നെ. അകത്തേക്കു ശരിക്കും കയറിയാൽ പിന്നെ പുറത്തേക്കിറക്കമുണ്ടാവില്ല. എന്നാൽ ചോദിക്കും എത്രയോ പേർ ഇറങ്ങിയിരിക്കുന്നു. അർധവിരാമം നടത്തിയവർ എത്രപേർ. ഉത്തരം ഒന്നേ ഉള്ളു. അവരുടെ അകത്തേക്കുള്ള പ്രവേശം യഥാർഥ പ്രവേശമായിരുന്നില്ല. നോട്ടം പൂർണ്ണമായും ഉള്ളിലെത്തി ഉള്ളറകൾ ശരിക്കും കണ്ടുകഴിഞ്ഞ് ഉള്ളിനെ അറിഞ്ഞാലേ അതിനു കഴിയുകയുള്ളു. അതിനു കഴിയില്ല എന്നുള്ള തിരിച്ചറിയലും ഭാഗികമായെങ്കിലുമുള്ള അകപ്രവേശം തന്നെയാണ്. അങ്ങിനെ അകത്തുകടക്കാതെ അകത്തുകടന്ന നല്ല കമ്മ്യൂണിസ്റ്റായി ജീവിച്ച ഉത്തമമനുഷ്യനായിരുന്നു ബുധനാഴ്ച അന്തരിച്ച വെളിയം ഭാർഗ്ഗവൻ എന്ന ആശാൻ. സി.പി.ഐക്ക് നഷ്ടമാകുന്ന രണ്ടാമത്തെ ആശാൻ. ആദ്യത്തേത് ദീർഘകാലം എം.എൽ.എ ആയിരുന്ന ആശാൻ എന്നുതന്നെ അറിയപ്പെട്ടിരുന്ന കെ.വി.സുരേന്ദ്രനാഥ്. ജീവിത സായാഹ്നത്തിൽ അദ്ദേഹം മാനസസരോവർ യാത്ര നടത്തുകയുണ്ടായി. അതിനുശേഷം എഴുതിയ യാത്രാവിവരണത്തിന്റെ തുടക്കം ഒരു നഷ്ടബോധത്തിന്റെ അനുസ്മരണത്തോടെയായിരുന്നു. മാനസസരോവരത്തിൽ ചാരെ പ്രതിബിംബിച്ചു കണ്ട മേഘങ്ങളെക്കണ്ടപ്പോൾ. ഒരു ദൈവവിശ്വാസി ആകാതിരുന്നതിലുള്ള ദുഖത്തെക്കുറിച്ചാണ് അദ്ദേഹം ആലങ്കാരികമായി അവാച്യമായ ആ സൗന്ദര്യം കണ്ടപ്പോൾ പറഞ്ഞുപോയത്. അദ്ദേഹം സദാ സൗമ്യനായിരുന്നു. അവിവാഹിതനായി സന്യാസിയെപ്പോലെയുള്ള ജീവിതം. എന്നാൽ സ്വാമി വിവേകാന്ദൻ പറഞ്ഞതുപോലെ സന്യാസിയേക്കാൾ ക്ലേശകരമായ വിധം ലൗകികജീവിതത്തിൽ തുടർന്നുകൊണ്ട് സന്യാസിയെപ്പോലെ ജീവിച്ച വ്യക്തിത്വമായിരുന്നു വെളിയത്തിന്റേത്. അതൊരു സത്യസന്ധമായ തിരിച്ചറിവിന്റെ ഫലമായിരുന്നു.
സംസ്‌കൃതത്തിൽ പ്രാവീണ്യം നേടിയ വെളിയത്തിന്റെ ആദ്യപ്രയാണം സന്യാസത്തിലേക്കായിരുന്നു. എന്നാൽ അവിടെ നിന്ന് അദ്ദേഹം പുറത്തുവന്നു. ജനസേവനത്തിനായി. വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് സ്വയം എറിഞ്ഞുകൊടുത്തു. എവിടേയും പരാമർശിക്കപ്പെടുക ആശ്രമത്തിലെ പോക്കുകണ്ടപ്പോൾ അതിൽ പ്രക്ഷുബ്ധനായി അതിനെ വിട്ടെറിഞ്ഞു പുറത്തുചാടുകയാണുണ്ടായതെന്നാണ്. യഥാർഥത്തിൽ ധിഷണാശാലിയായ ഒരു ആത്മീയരഹസ്യാന്വേഷിയുടെ വഴി ഒരു ആശ്രമത്തിലെ നടത്തിപ്പ് കണ്ട് അവസാനിക്കുന്നില്ല. ഇവിടെ തന്നേക്കൊണ്ട് പരിപൂർണ്ണമായും ആ ജീവിതത്തിലേക്ക് പ്രവേശിച്ച് നീതി പുലർത്താനാകില്ല എന്ന സ്വയം തിരിച്ചറിവിൽ നിന്നാകണം വെളിയം സന്യാസജീവിതം ഉപേക്ഷിച്ചത്. സ്വയം ഉള്ളിലേക്കു നോക്കാനുള്ള കഴിവ്. ആ കഴിവിൽ അദ്ദേഹത്തിന്റെ ശക്തിദൗർബല്യങ്ങളെ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവണം. ക്ഷിപ്രകോപിയായിരുന്നു അദ്ദേഹം. ആ ക്ഷിപ്രത്വം ആത്മീയാന്വേഷണത്തിൽ സാധ്യമാവില്ല. അവിടെ ക്ഷമ അനിവാര്യം. ആ ക്ഷിപ്രത്വം ഒഴിച്ചുനിർത്തിയാൽ ജീവിതത്തിൽ സന്യാസി തന്നെയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ആ ചിരിയിൽ അദ്ദേഹവും ലോകവും തമ്മിലുള്ള അകലം ഇല്ലാതാവുന്നത് എപ്പോഴും പ്രകടമായിരുന്നു. അവിടെയാണ് ഒരു സാധാരണ മനുഷ്യനെപ്പോലെ അദ്ദേഹത്തിന് മറ്റുള്ളവരുമായി അവസാനം വരെ സംവദിക്കാൻ കഴിഞ്ഞത്. അദ്ദേഹത്തിന്റെ ചുറ്റുമുള്ളവരെ മോഹിപ്പിച്ചതൊന്നും അദ്ദേഹത്തിന്റെ ചിത്തത്തെ ചഞ്ചലമാക്കിയില്ല. വേണമെങ്കിൽ അധികാരത്തിന്റെ ശ്രേണികൾ കയറാനുള്ള അവസരങ്ങൾ ധാരാളമായിരുന്നു. സന്യാസിയുടെ നിർമമത്വം കർമ്മനിരതനായിരുന്നുകൊണ്ടുതന്നെ അദ്ദേഹത്തിന് പ്രാവർത്തികമാക്കാൻ കഴിഞ്ഞു.
കമ്മ്യൂണിസ്റ്റുകാരിലും കേരളത്തിലെ രാഷ്ട്രീയപ്രവർത്തകരിലും വച്ച് അതികൂർമ്മബുദ്ധിയുടെ ഉടമയുമായിരുന്നു അദ്ദേഹം. സാമൂഹികമായി അധികാരത്തെ പ്രയോഗിക്കുന്നതിൽ ആ ബുദ്ധി നിർണ്ണായകമായ പല ഘട്ടങ്ങളിലും ഉപയോഗിക്കുന്നതിനും അദ്ദേഹത്തിനു മടിയില്ലായിരുന്നു. കേരളരാഷ്ട്രീയത്തിന്റെ പല ഗതിവിഗതികളിലും ആ ബുദ്ധിയും സൂക്ഷ്മതയും മുഖ്യമായ പങ്കു വഹിച്ചിട്ടുണ്ട്. അപ്പോഴും അതിലെല്ലാം നിർമമത്വം പാലിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പല കമ്മ്യൂണിസ്റ്റ് നേതാക്കളും സംസ്‌കൃതത്തേയും വേദത്തേയും ഉപനിഷത്തുകളേയുമൊക്കെ തള്ളിപ്പറഞ്ഞ് വിപ്ലവവീര്യം കൂട്ടിയപ്പോൾ വെളിയം അവയുടെ വെളിച്ചത്തിന്റെ വഴിയിലെ മുത്തുകൾ തേടുന്നുണ്ടായിരുന്നു. അവയൊക്കെ അറിയാമെന്നോ അവകാശവാദങ്ങളോ അനാവശ്യചർച്ചകളിലോ ഏർപ്പെടാതെ. ഇത്രയും ഓർമ്മശക്തിയും ഉള്ള ഒരു നേതാവ് കേരളത്തിലുണ്ടായിരുന്നോ എന്നും സംശയമാണ്. ഒളിവിലിരുന്ന കാലങ്ങളിൽ താവളവും ഭക്ഷണവും നൽകിയവരെ പേരെടുത്തുപറഞ്ഞ് അവസാനകാലത്തും നിഷ്‌കളങ്കതയും സ്‌നേഹം നിറഞ്ഞ ഭാഷയിലും ഓർക്കുന്നതു കാണുമ്പോൾ ഒരു കുട്ടിയുടെ മുഖഭാവവും കൗതുകവും ആ മുഖത്തു വിരിയുന്നത് കാണാമായിരുന്നു.
വീറും വാശിയും ക്ഷിപ്രകോപവുമൊക്കെ ഉള്ളതിന്റെ പേരിൽ ചിലപ്പോൾ വിമർശനത്തിന് നല്ല ശകാരത്തിന്റെ ഭാവമുണ്ടാകും. എന്നാൽ ഒരു വ്യക്തിയേക്കുറിച്ചും വ്യക്തിപരമായി കാലുഷ്യം മനസ്സിൽ സൂക്ഷിക്കാതെ ജീവിച്ചു എന്നുള്ളതും വെളിയത്തിന്റെ ലൗകികജീവിതത്തിലെ സന്യാസതുല്യതയുടെ ഉദാഹരണമായിരുന്നു. ഇന്നു തിരിഞ്ഞുനോക്കുമ്പോൾ തിളങ്ങിക്കാണുന്നത് മഹാത്മാഗാന്ധി പറഞ്ഞതുപോലെ സന്ദേശമാക്കി അവശേഷിച്ചുപോയ അദ്ദേഹത്തിന്റെ ജീവിതമാണ്. സാധാരണ മനുഷ്യനായിട്ടും നേതാവായിട്ടും എങ്ങിനെ ഒരു മനുഷ്യന് തന്നോടുതന്നെ ആത്മാർഥത പുലർത്തി മനുഷ്യപദവിയുടെ അന്തസ്സിലേക്കുയർന്ന് ഈ ഭൂമിയിൽ ജീവിച്ച് വിടവാങ്ങാമെന്നുള്ളതിന്റെ അപൂർവ്വം കേരള ഉദാഹരണങ്ങളിലൊന്ന്. അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് എത്തിനോക്കുന്നവർക്ക് പ്രചോദനം ഉറപ്പാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിനോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. അതിന്റെ ശരിതെറ്റുകളല്ല പ്രധാനം. ഏതു വ്യക്തിക്കും ഏതു നേതാവിനും എന്തിന് സന്യാസിക്കുപോലും വെളിയത്തിന്റെ ജീവിതം പ്രകാശമാർന്ന പുസ്തകമാണ്. അവനവനോട് നീതി പുലർത്താൻ കഴിയാത്തവർക്ക് മറ്റുള്ളവരോടും പറ്റില്ല. വെളിയം ആദ്യം ചെയ്തത് തന്നോടുതന്നെ നീതി പുലർത്തുകയായിരുന്നു.