സ്ഥാനമൊഴിയുന്ന റിസർവ് ബാങ്ക് ഗവർണ്ണർ ഡി. സുബ്ബറാവു വ്യാഴാഴ്ച നടത്തിയ വിടവാങ്ങല്‍ പ്രസംഗം അനുചിതമായി. അങ്ങേയറ്റം ഉത്തരവാദിത്വമുള്ള സ്ഥാനം വഹിച്ച വ്യക്തിയുടെ തീരെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റമായേ ആ പ്രസംഗത്തെ കാണാൻ കഴിയുകയുള്ളു. രൂപ ചരിത്രത്തിലെക്കാലത്തേയും തകർച്ച നേരിടുന്നു. രാജ്യം സാമ്പത്തികമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന്‍ പ്രധാനമന്ത്രി തന്നെ പാര്‍ലിമെന്റില്‍ പ്രസ്താവിക്കുന്നു. എന്നാല്‍, സര്‍ക്കാറിന്റെ തെറ്റായ നയങ്ങളാണ് പ്രതിസന്ധിക്ക് കാരണമായതെന്ന്‍ സുബ്ബറാവു പടിയിറങ്ങുമ്പോൾ പറയുന്നു.
പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുള്ള ഇത്തരം നിലപാടുകൾക്ക് പിന്നെയും ന്യായീകരണമുണ്ട്. എന്നാല്‍, അത്തരം വിവാദങ്ങളിലേക്ക് രാജ്യത്തിന്റെ ശ്രദ്ധപോകേണ്ട സമയമല്ല ഇത്. പ്രതിസന്ധിഘട്ടത്തില്‍ പ്രതിസന്ധിയെ അതിജീവിക്കുകയായിരിക്കണം ഏവരുടേയും മുഖ്യശ്രദ്ധ. അഞ്ചു വർഷം റിസർവ് ബാങ്കിന്റെ നായകസ്ഥാനത്തിരുന്ന ബ്യൂറോക്രാറ്റ് കേന്ദ്ര ധനകാര്യമന്ത്രിയെ പരസ്യമായി കുറ്റപ്പെടുത്തിക്കൊണ്ട് വിടവാങ്ങുമ്പോള്‍ പ്രകടമാകുന്നത് തികഞ്ഞ ഭീരുത്വമാണ്. അത്രയ്ക്ക് തെറ്റായ ദിശയിലാണ് സര്‍ക്കാര്‍ നീങ്ങുന്നതെന്ന്‍ കണ്ട സമയത്ത് ഇത്രയും ധാർമ്മികരോഷം ഉളള ബ്യൂറോക്രാറ്റാണെങ്കില്‍ സ്ഥാനം ഉപേക്ഷിച്ചുകൊണ്ട് ആ തെറ്റിനെ രാജ്യത്തിന്റേയും ലോകത്തിന്റേയും മുന്നില്‍ തുറന്നു കാട്ടണമായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ രാജ്യത്തെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാൻ സ്ഥാനമുപേക്ഷിച്ചതിന്റെ ചാരിതാർഥ്യമെങ്കിലും അദ്ദേഹത്തിനുണ്ടാകുമായിരുന്നു.
റിസർവ് ബാങ്ക് ഗവർണ്ണറും ധനകാര്യമന്ത്രി പി. ചിദംബരവും തമ്മിലുള്ള അഭിപ്രായ വ്യത്യാസം നേരത്തേ പുറത്തുവന്നതാണ്. റിസർവ് ബാങ്കിന്റെ സഹായമില്ലാതെ ഒറ്റയ്ക്ക് പരിഷ്‌ക്കരണങ്ങളുമായി മുന്നോട്ടുപോകുമെന്ന്‍ ചിദംബരം പറഞ്ഞത് ആ പശ്ചാത്തലത്തിലാണ്. ഒരിക്കല്‍ ധനകാര്യമന്ത്രി തന്നെ അംഗീകരിക്കുമെന്നും റിസർവ് ബാങ്ക് ഇവിടെ ഉണ്ടല്ലോ എന്ന്‍ ആശ്വസിക്കുമെന്നുമുള്ള സുബ്ബറാവുവിന്റെ പ്രത്യാശ ഒരുകാര്യം വ്യക്തമാക്കുന്നു. അതായത് സര്‍ക്കാറിന്റെ നയങ്ങളോ സാമ്പത്തിക സമീപനങ്ങളോ അല്ല റിസർവ് ബാങ്ക് സ്വീകരിച്ചതെന്ന്‍.
റിസർവ് ബാങ്കിനെ സര്‍ക്കാറിന്റെ നിയന്ത്രണങ്ങളില്‍ നിന്ന്‍ സ്വതന്ത്രമാക്കേണ്ടതിന്റെ അടിയന്തരാവശ്യവും സുബ്ബറാവു ചൂണ്ടിക്കാട്ടുന്നു. വർഷത്തില്‍ രണ്ടുതവണ പാർലമെന്ററി പാനലിന്റെ മുന്നില്‍ ഗവർണ്ണർ ഹാജരാകുന്ന വിധമുള്ള സ്വയംഭരണ മാതൃകയാണ് സുബ്ബറാവു നിര്‍ദ്ദേശിക്കുന്നത്. ഇന്ത്യൻ സാഹചര്യത്തില്‍ ഇത് യുക്തിപൂർണമായ സംവിധാനമല്ല. സമ്പദ് വ്യവസ്ഥയില്‍ പരസ്പരവിരുദ്ധമല്ലാത്ത, പൂരകമായ നടപടികളുമായാണ് ഇന്ത്യയുടെ കേന്ദ്രബാങ്കും കേന്ദ്രസര്‍ക്കാറും നീങ്ങേണ്ടത്. ഒരു പ്രതിസന്ധിഘട്ടത്തില്‍ വ്യക്തിപരമായ വികാരങ്ങളെ മാറ്റിവച്ച് രാജ്യത്തിന്റെ പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് പക്വതയാർന്ന സമചിത്തത പാലിക്കാൻ കഴിയാതിരുന്ന സുബ്ബറാവുവിനെപ്പോലെയുള്ളവർ ഉച്ചത്തില്‍ ഓർമ്മിപ്പിക്കുന്നതും റിസർവ് ബാങ്കിനെ സൂക്ഷിച്ചുവേണം സർവ്വതന്ത്രസ്വതന്ത്രമാക്കാൻ എന്നാണ്.
ഇന്ത്യയില്‍ ഇപ്പോഴും ജനാധിപത്യം ശക്തം തന്നെയാണ്. എത്രതന്നെ പുഴുക്കുത്തുകളും അപവാദങ്ങളും ഉണ്ടായാലും. അത് നിലനില്‍ക്കുന്നത് ഇവിടുത്തെ രാഷ്ട്രീയ പാർട്ടികളുടേയും നേതൃത്വത്തിന്റേയും സാന്നിദ്ധ്യത്തിലൂടെയാണ്. എന്തു തന്നെയായാലും ഇവർ കൃത്യമായ ഇടവേളകളില്‍ ജനങ്ങളെ അഭിമുഖീകരിക്കുന്നുവെന്ന കാര്യം വിസ്മരിച്ചുകൂടാ. അവർ ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യതപ്പെട്ടവരുമാണ്. എന്നാല്‍ പൊതുവേ സൃഷ്ടിക്കപ്പെട്ടിട്ടുള്ള രാഷ്ട്രീയക്കാർ മുഴുവൻ മോശക്കാരാണെന്ന പൊതുധാരണയുടെ പിൻപറ്റലിന്റെ പ്രതിഫലനമാണ് സർവീസില്‍ നിന്നും വിരമിക്കവേ ആരോടും ഉത്തരംപറയാൻ ബാധ്യതയില്ലാത്ത സുബ്ബറാവു മുന്നോട്ടുവെക്കുന്ന റിസർവ് ബാങ്കിന്റെ ഘടനാമാറ്റ നിര്‍ദ്ദേശത്തിലുള്ളത്. ഘടനാപരമായ മാറ്റങ്ങളേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾ യുക്തിസഹങ്ങളാണെങ്കില്‍പ്പോലും അവയുടെ വിശ്വാസ്യത നഷ്ടമായിരിക്കുന്നു. യുക്തമായ സാഹചര്യത്തില്‍ യോജ്യമായ വിധം അത്തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ അതിനു സ്വീകാര്യത വരുമായിരുന്നു. ഇന്ത്യൻ പാർലമെന്റില്‍ ആ വിധം ചർച്ചകളുടെ അലയൊലികൾ ഉയരുമായിരുന്നു.
റിസർവ് ബാങ്കിന്റെ ഘടന മാറ്റേണ്ടതിന്റെ ആവശ്യകതയോ, രൂപയുടെ മൂല്യത്തകർച്ചയോ ആകാനിടയില്ല സുബ്ബറാവുവിനെക്കൊണ്ട് ഇത്തരത്തിലൊരു വിടവാങ്ങല്‍ പ്രസംഗം നടത്താൻ പ്രേരിപ്പിച്ചിട്ടുണ്ടാകുക. ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ സാമ്പത്തിക അവസ്ഥയുടെ സൃഷ്ടിക്ക് നേതൃത്വവും സാക്ഷ്യവും വഹിക്കേണ്ടി വന്നതിന്റെ ധർമ്മസങ്കടമാകാം അതിനു കാരണം. പ്രതിസന്ധിയുടെ ഉത്തരവാദി കേന്ദ്രസർക്കാരും സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വവും തന്നെയാണ്. അല്ലാതെ റിസർവ് ബാങ്കല്ല. എന്നാല്‍, സുബ്ബറാവു മറന്നുപോകുന്ന വസ്തുത ഈ തകർച്ചയേയും പ്രതിസന്ധിയേയും നേരിടേണ്ടതും ഇവിടുത്തെ രാഷ്ട്രീയ നേതൃത്വമാണ്. ഇത്തരത്തിലൊരു ജനാധിപത്യ കാഴ്ചപ്പാടിന്റെ അഭാവമാണ് സുബ്ബറാവുവിന്റെ വിമര്‍ശനങ്ങളെ പ്രതിലോമകരമാക്കുന്നത്.
ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി നേതാവായിരിക്കണം. മൻമോഹൻ സിങ്ങ് നേതാവല്ല. അദ്ദേഹം ആ യാഥാർഥ്യം മനസ്സിലാക്കുന്നില്ലെങ്കിലും. വെള്ളിയാഴ്ച പാര്‍ലിമെന്റില്‍ നടത്തിയ പ്രസ്താവനയിലൂടെ അദ്ദേഹത്തിന് പരോക്ഷമായി ഒന്നു സമ്മതിക്കേണ്ടി വന്നു. വെറും ടെക്സ്റ്റ്ബുക്ക് പാഠങ്ങളോ ഉപായങ്ങളോ അല്ല രാജ്യത്തിന്റെ സമ്പദ്ഘടനയെ ആത്യന്തികമായി നയിക്കുക. അത് രാഷ്ട്രീയ പ്രക്രിയകളാണ്. അതുകൊണ്ടാണ് അദ്ദേഹം പതിവില്‍ നിന്നും വ്യത്യസ്തമായി രാജ്യസഭയില്‍ രോഷം കൊണ്ടത്. അദ്ദേഹത്തിന്റെ ഈ കന്നിക്ഷോഭവും കാണിക്കുന്നത് അദ്ദേഹത്തില്‍ നേതൃത്വപാടവം അവശേഷിക്കുന്നില്ല എന്നുള്ളതാണ്. പ്രതിസന്ധിയില്‍ കാലിടറുന്നവരോ ക്ഷോഭിക്കുന്നവരോ അല്ല നേതൃത്വശേഷിയുള്ളവർ. അവർ അതിനെ നേരിടും. ചിലപ്പോൾ കൈവശമുളള സ്വർണ്ണം വിദേശരാജ്യങ്ങളില്‍ പണയം വെച്ച് പ്രതിസന്ധിയെ തരണം ചെയ്യും. ഒരാഴ്ചത്തേക്കു കാര്യങ്ങൾ നടത്തിക്കൊണ്ടുപോകാൻ ഗതിയില്ലാതിരുന്നപ്പോൾ അന്നത്തെ പ്രധാനമന്ത്രി ചന്ദ്രശേഖർ കുലുങ്ങിയില്ല. ആ പ്രതിസന്ധി തരണം ചെയ്തതുകൊണ്ടാണ് പിന്നീട് ഡോ. മൻമോഹൻ സിങ്ങിന് സാമ്പത്തിക പരിഷ്‌ക്കാരങ്ങൾ പരീക്ഷിക്കാൻ കഴിഞ്ഞത്. ഇപ്പോൾ ആറുമാസത്തേക്കു കുഴപ്പമില്ലെന്ന് പറയുമ്പോഴും പ്രധാനമന്ത്രിയുടെ സമചിത്തത നഷ്ടമാകുന്നു. ഇത്തരം സമീപനങ്ങളും രൂപയുടെ മൂല്യത്തകർച്ചയുടെ ആക്കം കൂട്ടുന്നതിനു കാരണമാകും. കാരണം ഇപ്പോൾ രാജ്യത്തിനു വേണ്ടത് ശക്തമായ ശബ്ദവും ആത്മവിശ്വാസത്തിന്റെ പ്രതിഫലനങ്ങളും ഉത്തരവാദിത്വം ഏറ്റെടുക്കുന്ന നേതൃത്വവുമാണ്.