ഒരു സര്‍വകലാശാല നല്‍കുന്ന പരമോന്നത ബഹുമതിയാണ് ഡിലിറ്റ് ബിരുദം. നൈതികമായ മൂല്യങ്ങളിലൂടെ സമൂഹത്തിനെ തങ്ങളുടേതായ മേഖലയിലൂടെ പുരോഗമനത്തിലേക്ക് നയിച്ചവരെ കണ്ടെത്തി ആദരിക്കുക എന്ന സര്‍വകലാശാലയുടെ ധാര്‍മികതയാണ് അതിലൂടെ വെളിവാകുന്നത്. എന്നാല്‍ അതിനു വിപരീതമായ തലത്തിലേക്ക് സര്‍വകലാശാലയുടെ ഡിലിറ്റ് ബിരുദം നല്‍കല്‍ മാറുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാലിക്കറ്റ് സര്‍വകലാശാല ഇപ്പോള്‍ നടത്തിയ ഡിലിറ്റ് നല്‍കി ആദരിക്കല്‍. ഹരിതവിപ്ലവ നായകന്‍ ഡോ. എം.എസ് സ്വാമിനാഥന്‍, കേന്ദ്ര ആസൂത്രണ കമ്മിഷന്‍ ഉപാദ്ധ്യക്ഷന്‍ മോണ്ടെക് സിംഗ് അലുവാലിയ, സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയായ ജസ്റ്റിസ് എം. ഫാത്തിമ ബീവി എന്നിവര്‍ക്കാണ് കാലിക്കറ്റ് സര്‍വകലാശാല ഡിലിറ്റ് നല്‍കി ആദരിച്ചത്.
ലോകം മുഴുവന്‍ അറിവുള്ളതാണ് അമേരിക്കന്‍ വികസന മാതൃകയുടെ അപ്പൊസ്തലനും ഇന്ത്യയിലെ അതിന്റെ നടത്തിപ്പുകാരനുമായ ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനും ലോകബാങ്ക് മുന്‍ ഉദ്യോഗസ്ഥനുമായ മോണ്ടെക് സിംഗ് അലുവാലിയയെ. കേരളവുമായി ബന്ധപ്പെടുത്തി ചിന്തിക്കുമ്പോള്‍ മോണ്ടെക് സിംഗ് അലുവാലിയയുടെ തെളിഞ്ഞു വരുന്ന ഒരു മുഖമുണ്ട്. അത് എമര്‍ജിംഗ് കേരളയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം നടത്തിയ അഭിപ്രായവുമായി ബന്ധപ്പെട്ടതാണ്. കേരളം നെല്‍കൃഷിക്ക് അനുയോജ്യമല്ലെന്നും നെല്‍പ്പാടങ്ങള്‍ നികത്തി വ്യവസായങ്ങള്‍ക്കനുയോജ്യമാക്കണം എന്നതായിരുന്നു കുതിച്ചുയരാന്‍ വേണ്ടി അദ്ദേഹം നല്‍കിയ ഉപദേശം. ഇത് ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലാത്ത കുറേ വാദപ്രതിവാദങ്ങള്‍ സൃഷ്ടിച്ചു. ഒരാഴ്ചക്ക് മുന്‍പ് വരെ മഴയെത്തുടര്‍ന്ന് കേരളം അനുഭവിച്ച ദുരിതത്തിന്റെ മുഖ്യ കാരണങ്ങളിലൊന്ന്‍ വെള്ളം കെട്ടിക്കിടക്കാനും ഒഴുകാനും ഇടമില്ലാത്തതായിരുന്നു. അതിന്റെ പ്രധാന കാരണം കേരളത്തിലെ നെല്‍വയലുകള്‍ നിരത്തി അവിടെ നിര്‍മാണ പ്രവര്‍ത്തനം നടത്തിയതാണ്. കേരളത്തിന്റെ നാഭിയും വൃക്കയുമായി പ്രവര്‍ത്തിക്കുന്ന അതിസൂക്ഷ്മ പാരിസ്ഥിതികഘടകമാണ് ഇവിടുത്തെ നെല്‍വയലുകള്‍. ഭൂപ്രദേശത്തിന്റെയും, മനുഷ്യന്റെയും നാശമായിരിക്കും നെല്‍വയലുകള്‍ നികത്തപ്പെടുന്നതിലൂടെ കേരളത്തിനു സംഭവിക്കുക. കേരളത്തിനു സര്‍വനാശം വരുത്തുന്ന ആശയത്തിന്റെ പ്രതീകമാണ് ഇപ്പോള്‍ അലുവാലിയ. ആ ആശയത്തെ കാലിക്കറ്റ് സര്‍വകലാശാല ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുകയാണ് അദ്ദേഹത്തിനു ഡിലിറ്റ് നല്‍കിയതിലൂടെ സംഭവിച്ചിരിക്കുന്നത്.
സര്‍ക്കാറുകള്‍ക്കോ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കോ സ്വതന്ത്ര ഇന്ത്യയില്‍ സാധ്യമാക്കാന്‍ കഴിയാത്ത നേട്ടമാണ് പാവപ്പെട്ട ഇന്ത്യന്‍ ഗ്രാമീണ ജനതയുടെ ജീവിതത്തെ ടെലിഫോണ്‍ വിപ്ലവത്തിലൂടെ മാറ്റിമറിച്ച നോളജ് കമ്മീഷന്‍ ചെയര്‍മാന്‍ സാം പിത്രോഡക്ക് അവകാശപ്പെടാന്‍ കഴിയുക. സംസ്ഥാന സര്‍ക്കാരിന്റെ മാര്‍ഗദര്‍ശിയും ഉപദേഷ്ടാവുമാണദ്ദേഹം. ഭൂമി ആവശ്യമായ സംരംഭമാണെങ്കില്‍ കേരളത്തിലേക്ക് വരേണ്ടതില്ല, മറ്റെവിടെയെങ്കിലും ശ്രമിക്കുന്നതാണ് നല്ലതെന്നാണ് പിത്രോഡ എമര്‍ജിംഗ് കേരളയില്‍ ആവര്‍ത്തിച്ചു പറഞ്ഞത്. അമേരിക്കന്‍ വികസന മാതൃക അവിടെപ്പോലും പരാജയപ്പെട്ടതാണെന്നും അത് ഇന്ത്യക്കനുയോജ്യമല്ലെന്നുള്ള നിലപാട് സ്വീകരിച്ചുകൊണ്ട് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ തിരുത്തല്‍ ശക്തിയായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. കേരളം ഇത് വരെ കാട്ടിയ കുറ്റകരമായ അശ്രദ്ധ പരിഹരിക്കുന്ന തിരക്കിലാണ് അദ്ദേഹം. ലോകത്തെ അത്യപൂര്‍വ്വ ഔഷധ സസ്യങ്ങളുടെ കലവറയില്‍ നല്ലൊരു ഭാഗവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതില്‍ ഭൂരിഭാഗവും കേരളത്തിലും. നോളജ് കമ്മീഷന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ നിന്നും ആയുര്‍വേദിക് മിഷന്‍ സെന്ററിലൂടെ അവയുടെ സംരക്ഷണത്തിലും അതിന്റെ വ്യാപനത്തിലും പിത്രോഡയാണ് നിശബ്ദമായി നേതൃത്വം നല്‍കുന്നത്. കേരളത്തിന്റെ സമ്പത്തും ശക്തിയും വീണ്ടെടുക്കാനുള്ള ശ്രമത്തില്‍ മുഖ്യമായ പങ്കാണ് കേരളത്തിന്റെ അവശേഷിക്കുന്ന പ്രകൃതിക്കുള്ളത്. അത് പിത്രോഡ കിട്ടുന്ന അവസരങ്ങളില്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു. ഡിലിറ്റ് ബിരുദദാനത്തെക്കുറിച്ച് ആലോചിച്ചപ്പോള്‍ പിത്രോഡയെ ഓര്‍മ്മിക്കാതെ അലുവാലിയയെ ഓര്‍മിച്ചതും കാലിക്കറ്റ് സര്‍വകലാശാലയുടെ നിലനില്‍പ്പ് എവിടെയാണെന്ന് വ്യക്തമാക്കുന്നു.
ടെലിവിഷന്‍ ചാനലുകള്‍ ഇടയ്ക്കിടെ മുന്തിയ മന്ത്രിമാര്‍ക്കും നടന്മാക്കും അവാര്‍ഡ് നല്‍കുന്ന പരിപാടിയുണ്ട്. തങ്ങളുടെ തന്നെ വാര്‍ത്തയിലൂടെ അപകീര്‍ത്തിക്ക് ഇരയായവരെപ്പോലും മികച്ച മന്ത്രിമാരും മറ്റുമായി അവരോധിക്കുന്ന ഏര്‍പ്പാട്. അത് മാധ്യമ വിശ്വാസ്യതയെ ഇല്ലാതാക്കുന്നു. അതിലവര്‍ ഉത്കണ്ഠാകുലരല്ല. അവരെ സംബന്ധിച്ചിടത്തോളം ആ പരിപാടി കൊണ്ടുവരുന്ന സ്പോണ്‍സര്‍ഷിപ് വരുമാനമാണ് മാനദണ്ഡം. ചാനലുകാര്‍ നല്‍കുന്ന ഇത്തരം അവാര്‍ഡുകളുടെ തലത്തില്‍ സര്‍വകലാശാല ഡിലിറ്റ് ബിരുദം നല്‍കുന്ന പ്രക്രിയയിലേര്‍പ്പെടുന്നത് സമൂഹത്തില്‍ ആപല്‍ക്കരമായ ഫലങ്ങള്‍ സൃഷ്ടിക്കും. സ്വയം വില നഷ്ടമാവുന്നതിനു പുറമേ ഡിലിറ്റ് ബിരുദം ഏറ്റുവാങ്ങാന്‍ അലുവാലിയ എത്താതിരുന്നത് തന്നെ ഏത്രമാത്രം പ്രാധാന്യം ഈ സര്‍വകലാശാല ബഹുമതിക്ക് അദ്ദേഹം നല്‍കുന്നുവെന്നതിനും വെളിവാകുന്നു.