എന്‍.എസ്സ്.എസ്സും എസ്.എന്‍.ഡി.പിയും യുഡിഎഫിന്റെ ഘടകകക്ഷികളാണെന്ന് കരുതേണ്ടിയിരിക്കുന്നു ഈ രണ്ടു സംഘടനകളുടെയും പ്രഖ്യാപിത നിലപാടുകള്‍ കാണുമ്പോള്‍. എന്‍.എസ്സ്.എസ്സ് തങ്ങള്‍ക്കുലഭിച്ച സ്ഥാനങ്ങളൊക്കെ ഉപേക്ഷിച്ചു. എസ്.എന്‍.ഡി.പി ഉപേക്ഷിക്കുമെന്ന് ഭീഷണി മുഴക്കിയെങ്കിലും ഡയറക്ടര്‍ബോര്‍ഡ് യോഗം ചേര്‍ന്നപ്പോള്‍ ഭീഷണി നടപ്പാക്കാതെ സോണിയാ ഗാന്ധിയെക്കണ്ട് പരാതി പറയാന്‍ തീരുമാനിച്ചു. യു.ഡി.എഫ്.നേതൃത്വമാണ് ഇനി കേരളത്തിലെ ജനസമക്ഷം വ്യക്തമാക്കേണ്ടത് ഈ സമുദായസംഘടനകള്‍ തങ്ങളുടെ ഘടകകക്ഷികളാണോ അല്ലയോ എന്ന്. ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയപാര്‍ട്ടികളായി രംഗത്തുനിന്നാണ് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നത്. ഭൂരിപക്ഷസമുദായ സംഘടനകള്‍ക്ക് സര്‍ക്കാര്‍ സ്ഥാനങ്ങള്‍ വീതിച്ചു നല്‍കിയതുപോലെ ന്യൂനപക്ഷസമുദായങ്ങള്‍ക്ക് അവരുടെ മേലധ്യക്ഷന്മാര്‍ പറഞ്ഞതുപ്രകാരം സ്ഥാനമാനങ്ങള്‍ നല്‍കിയിട്ടുണ്ടോ എന്നുള്ളതും അറിയേണ്ട വസ്തുതയാണ്. ഇല്ലെങ്കില്‍ അവര്‍ക്കും ആവശ്യപ്പെടാവുന്നതേയുള്ളു.
ദേവസ്വം ബോര്‍ഡായാലും മലിനീകരണനിയന്ത്രണ ബോര്‍ഡാണെങ്കിലും എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും പ്രഖ്യാപിതമായ ലക്ഷ്യങ്ങളോടെ രൂപീകരിക്കപ്പെട്ടവയാണ്. അതിന്റെ ലക്ഷ്യങ്ങള്‍ സമൂഹവുമായി ബന്ധപ്പെട്ട് കിടക്കുകയും ചെയ്യുന്നു. ഇതെല്ലാമാണ് ഇന്ന് സമുദായപ്രീണന രാഷ്ട്രീയത്തിന്റെ വീതം വയ്പിനായി പരസ്യമായി ഉപയോഗിക്കുന്നത്. ഓരോ നാള്‍ കഴിയമ്പോഴും സമുദായസംഘടനകള്‍ വിലപേശലിന്റെ അടിസ്ഥാനത്തില്‍ ഒട്ടും ലജ്ജ കൂടാതെ ഭരണത്തിലും രാഷ്ട്രീയത്തിലും ഇടപെടുന്നത് അംഗീകരിക്കപ്പെട്ട അവസ്ഥയിലേക്കു വന്നിട്ടുണ്ട്. മാധ്യമങ്ങള്‍ ഇത്തരത്തില്‍ ചോദ്യം നേതാക്കന്മാരോട് ഉന്നയിക്കുമെങ്കിലും ഈ സമുദായ അപ്രമാദിത്വത്തിന് അംഗീകാരം നേടിക്കൊടുക്കുന്നതില്‍ മുഖ്യമായ പങ്കുണ്ട്. പൊതുസമൂഹത്തില്‍ പാലിക്കേണ്ട മിനിമം മര്യാദകള്‍ പാലിക്കാതെ പറയപ്പെടുന്ന കാര്യങ്ങള്‍ക്ക് അമിത പ്രാധാന്യം നല്‍കുകയും അതിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നടത്തിയുമൊക്കെയാണ് ഇത്തരം സമീപനങ്ങള്‍ക്കും അത്തരം സമീപനങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ക്കും അംഗീകാരം ലഭിക്കുക.
സമുദായനേതാക്കള്‍ക്ക് അവര്‍ പറയുന്നതിന് പൊതുസമൂഹത്തില്‍ വില കിട്ടുന്ന രീതിയിലുള്ള രാഷ്ട്രീയ സാഹചര്യം സംജാതമാകുന്നതില്‍ യു.ഡി.എഫിന് നേതൃത്വം നല്‍കുന്ന കോഗ്രസ്സിനാണ് മുഖ്യ പങ്ക്. ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ അപ്രമാദിത്വത്തിനുമുന്നില്‍ കീഴടങ്ങുന്ന വിധമുള്ള ഉമ്മന്‍ചാണ്ടിയുടെ സമീപനമാണ് ഒരു പരിധിവരെ അതിനു കാരണം. ഒരു സര്‍ക്കാര്‍ എന്ന നിലയില്‍ ഭരണത്തിനു സമയം കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ അകപ്പെട്ടിരിക്കുന്നത്. യു.ഡി.എഫ്.നേതൃത്വത്തിന്റെ ഇത്തരം ദൗര്‍ബല്യങ്ങളാണ് ആര്‍.ബാലകൃഷ്ണപിള്ളയെക്കൊണ്ടും അദ്ദേഹം വിചാരിക്കുന്നിടത്തേക്ക് കാര്യങ്ങള്‍ എത്തിക്കുന്നത്. എന്തായാലും എന്‍.എസ്സ്.എസ്സ് തങ്ങള്‍ക്ക് ലഭിച്ച സ്ഥാനങ്ങള്‍ ഉപേക്ഷിച്ച അവസ്ഥയിലും എസ്.എന്‍.ഡി.പി ഉപേക്ഷിക്കുമെന്ന് ആദ്യം ഭീഷണിപ്പെടുത്തിയ പശ്ചാത്തലത്തിലും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കണം ഏതു നിലയ്ക്കാണ് ഈ വീതം വയ്പു നടന്നതെന്ന്.