സ്വര്‍ണ്ണ വില താഴുന്നതിലെ അപകടം

Tue, 16-04-2013 12:00:00 PM ;


ആഗോള വിപണിയിലെ വിലക്കുറവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചപ്പോള്‍ സ്വര്‍ണ്ണവില 11 മാസത്തിനുശേഷം ചൊവ്വാഴ്ചയോടെ പവന് 20,000 രൂപയ്ക്കു താഴെയെത്തി. കഴിഞ്ഞ നവംബറില്‍ സ്വര്‍ണ്ണം റെക്കോഡ് ഭേദിച്ച് 24,000 രൂപ കടന്നിരുന്നു. ഈസ്റ്ററിനും വിഷുവിനും ശേഷം കേരളത്തില്‍ സ്വര്‍ണ്ണത്തിന്റെ കല്യാണ വിപണി സജീവമാകുന്ന പശ്ചാത്തലത്തിലാണ് ഈ വിലക്കുറവ്. സ്വര്‍ണ്ണത്തിനൊപ്പം രാജ്യത്തിന്റെ മറ്റൊരു പ്രധാന ഇറക്കുമതി വസ്തുവായ ക്രൂഡ് ഓയിലിനും ആഗോള വിപണിയില്‍ വില കുറയുന്നതിനാല്‍ കറന്റ് അക്കൌണ്ട് കമ്മിയിലും ആശ്വാസം ഉണ്ടാകും. രാജ്യത്തിന്റെ ഇറക്കുമതിയുടേയും കയറ്റുമതിയുടേയും വ്യത്യാസം കാണിക്കുന്ന കറന്റ് അക്കൌണ്ട് കമ്മിയില്‍ വന്‍ വര്‍ധനയാണ് സമീപകാലത്ത് രേഖപ്പെടുത്തിയത്.

 

ചുരുക്കത്തില്‍ ആഭരണം എന്ന നിലയില്‍ സ്വര്‍ണ്ണം അധികമായി ഉപയോഗിക്കുന്ന കേരളത്തിനും പ്രതീക്ഷക്കൊത്ത സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കാത്ത രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്കും നല്ല വാര്‍ത്തയാണ് സ്വര്‍ണ്ണത്തിന്റെ വില കുറയുന്നത്. എന്നാല്‍, വില കുറയുന്നതിന്റെ കാരണങ്ങളിലേക്ക് ചെന്നാല്‍ അപകടങ്ങള്‍ അകലെയല്ല. പ്രാഥമികമായും യു.എസ്സ്. സമ്പദ് വ്യവസ്ഥയില്‍ കാണുന്ന ഉണര്‍ച്ചയാണ് നിക്ഷേപകര്‍ക്ക് സ്വര്‍ണ്ണത്തില്‍ താല്‍പ്പര്യം കുറയാന്‍ കാരണം. 2007 ല്‍ ഭവനവായ്പാ കുമിളകള്‍ പൊട്ടിയതോടെ ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിയാണ് ഓഹരികളില്‍ നിന്ന് നിക്ഷേപകരെ അകറ്റിയതും സ്വര്‍ണ്ണത്തിന്റെ ആവശ്യകത വര്‍ധിപ്പിച്ചതും. ഇപ്പോള്‍ ഡോളര്‍ വീണ്ടും കരുത്താര്‍ജിക്കുന്നതോടെ നിക്ഷേപകര്‍ വീണ്ടും ഓഹരികളിലേക്ക് തിരിച്ചു പോകുകയാണ്. യൂറോപ്യന്‍ രാജ്യമായ സൈപ്രസ് പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി സ്വര്‍ണ്ണം വിറ്റഴിക്കാന്‍ തീരുമാനിച്ചതും വില പെട്ടെന്ന്‍ കുറയാന്‍ കാരണമായി.

 

ഇവിടെ പരിശോധിക്കേണ്ട വസ്തുത, യു,എസ്സ്. സമ്പദ് വ്യവസ്ഥക്ക് കൈവന്നിരിക്കുന്നു എന്നവകാശപ്പെടുന്ന ഉണര്‍ച്ചയുടെ സ്വഭാവമാണ്. ഘടനാപരമായ എന്തെങ്കിലും മാറ്റം വരുത്തിയല്ല യു.എസ്സ്. അതിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധികളിലൊന്നിനെ മറികടക്കാന്‍ ശ്രമിച്ചത്. ചൂഷണപരമായ  മുതലാളിത്ത വ്യവസ്ഥയില്‍ പ്രതിസന്ധികള്‍ അനിവാര്യമാണെന്ന് പറഞ്ഞത് കാള്‍ മാര്‍ക്സാണ്. കടുത്ത വലതുപക്ഷ രാഷ്ട്രീയക്കാരുടെ ഇടയില്‍ പോലും മാര്‍ക്സിയന്‍ സാഹിത്യത്തിന് സമീപകാലത്തുണ്ടായ പ്രചാരത്തിനു കാരണവും മുതലാളിത്ത പ്രതിസന്ധി സംബന്ധിച്ച മാര്‍ക്സിന്റെ നിരീക്ഷണങ്ങളാണ്. ആവര്‍ത്തിക്കുന്ന പ്രതിസന്ധികള്‍ രണ്ടാം ലോകമഹാ യുദ്ധാനന്തരം നാം കണ്ടുവരുന്നതുമാണ്.  എന്നാല്‍, സാമൂഹ്യ വ്യവസ്ഥയിലാണ് ഓരോ സാമ്പത്തിക പ്രതിസന്ധിയുടെയും വേരുകള്‍ കിടക്കുന്നതെന്ന് തിരിച്ചറിഞ്ഞുള്ള നടപടികള്‍ സ്വീകരിക്കുന്നില്ല എങ്കില്‍ ഈ നടപടികള്‍ അടുത്ത പ്രതിസന്ധിക്കുള്ള വളമായി മാറുകയേ ഉള്ളൂ.

 

പ്രതിസന്ധി നേരിടുന്ന സാമൂഹ്യ വ്യവസ്ഥയുടെ ഒരു പ്രത്യക്ഷ ഉദാഹരണമാണ് യു.സിലെ തോക്ക് സംസ്കാരം. ആവര്‍ത്തിക്കുന്ന കൂട്ടക്കൊലകള്‍, പ്രത്യേകിച്ചും വിദ്യാഭാസ സ്ഥാപനങ്ങളില്‍, ഈ പ്രശ്നത്തെ കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കി മാറ്റി. തോക്കുപയോഗം നിയന്ത്രിക്കണം എന്ന നിലപാടാണ് പ്രസിഡന്റ് ബരാക് ഒബാമ സ്വീകരിച്ചത്. ഇത് സംബന്ധിച്ച നിയമ നിര്‍മാണം സെനറ്റില്‍ ആരംഭിച്ചിട്ടുമുണ്ട്. എന്നാല്‍, യു.എസ്സിലെ ശക്തരായ തോക്ക് ലോബിയുടെ എതിര്‍പ്പ് എങ്ങിനെ മറികടക്കും എന്ന് കാത്തിരുന്നു കാണേണ്ടതാണ്. പക്ഷെ, ഭയം അന്തര്‍ധാരയായ ഒരു സമൂഹത്തിലാണ് ജനത തോക്കിന്റെ സുരക്ഷ തേടുന്നത്. ഈ സമൂഹത്തിന് ഒരു പ്രതിസന്ധിയേയും മറികടക്കാന്‍ കഴിയില്ല. ആ ഭയത്തിന് എന്ത് മരുന്ന് നല്‍കാന്‍ ഒബാമയ്ക്ക് കഴിയും എന്നതാണ് പ്രധാനം.

 

ഇങ്ങനെ സാമ്പത്തിക പ്രതിസന്ധിയുടെ പിറകിലുള്ള സാമൂഹ്യ പ്രശ്നങ്ങളെ വേര്‍തിരിച്ചറിയാതെ പ്രതിസന്ധി പരിഹരിക്കാനാവില്ല. അങ്ങേയറ്റം പരസ്പര ബന്ധിതമായ ആഗോള സമ്പദ് വ്യവസ്ഥയുടെ കേന്ദ്ര സ്ഥാനത്ത് നില്‍ക്കുന്ന യു.എസ്സ്. അവരുടെ പ്രതിസന്ധിക്ക് പരിഹാരം കാണുന്നില്ല എങ്കില്‍ ഇന്നത് ലോകമെങ്ങും ജനങ്ങളുടെ ജീവിതത്തെ ദുരിതപൂര്‍ണ്ണമാക്കി മാറ്റും.   

Tags: