ജാതി പറയാന്‍ ലജ്ജയില്ല?!

Wed, 30-01-2013 01:15:00 PM ;


ചില പ്രവൃത്തികള്‍ അത് ചെയ്യുന്നവര്‍ ഉദ്ദേശിക്കാത്ത ഫലങ്ങള്‍ സൃഷ്ടിക്കും. തങ്ങളുടെ  ആവശ്യ പ്രകാരമാണ് കെ.പി.സി..സി. പ്രസിഡന്റായ രമേശ്‌ ചെന്നിത്തല കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചതെന്നും അദ്ദേഹത്തിനു എത്രയും പെട്ടെന്ന് മന്ത്രിസഭയില്‍ ‘താക്കോല്‍ സ്ഥാനം’ നല്‍കണമെന്നുമുള്ള  എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയും തുടര്‍ന്ന് നടന്ന ചാനല്‍ ചര്‍ച്ചകളും ഒരു കാര്യം വെളിപ്പെടുത്തുന്നു. ഇന്ന് കേരളത്തില്‍ ജാതി പറയാന്‍ ലജ്ജിക്കേണ്ടതില്ല. നിയമസഭാ അധ്യക്ഷന്റെയും ആഭ്യന്തര മന്ത്രിയുടെയും എല്ലാം ജാതി സവിസ്തരം ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു കോണ്‍ഗ്രസ് നേതാവ് തന്റെ ‘മേല്ജാതിത്തരം’ സ്വയം വെളിപ്പെടുത്തി എന്തുകൊണ്ട് താന്‍ അവഗണിക്കപ്പെടുന്നു എന്നാണ് ആകുലപ്പെട്ടത്. (കണ്ടാലറിയാത്ത ജാതി കേട്ടാലറിയുന്നതെങ്ങനെ എന്ന് ചോദിച്ച ശ്രീ നാരായണ ഗുരു ഇനി ലജ്ജിക്കട്ടെ!).

 

ഇങ്ങനെയായിരുന്നില്ല കേരള സമൂഹവും ഇവിടത്തെ രാഷ്ട്രീയവും. പ്രീണനത്തിന്റെ അങ്ങേയറ്റത്തേക്ക്‌ പോകുമ്പോഴും അതിനൊരു ജനാധിപത്യ സാധൂകരണം നല്‍കാന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കുമായിരുന്നു. ജാതി പരസ്യമായി  വെളിപ്പെടുത്തുന്നത്, ജാതിയുടെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് പൊതുസമ്മതമായ ഒരു പ്രവണതയായി സമൂഹം കണ്ടിരുന്നില്ല എന്നതായിരുന്നു കാരണം. ഇത്തരത്തില്‍, പൊതുസമ്മതിയുടെ അഭാവം ജാതിയെ തേടി പോകുമ്പോഴോക്കെയും രാഷ്ട്രീയ പ്രവര്‍ത്തകരില്‍ അതിനൊരു മറ പിടിക്കാന്‍ പ്രേരിപ്പിച്ചു. നാം നഗ്നത മറയ്ക്കുന്നത് അത് പൊതുസമൂഹത്തില്‍ ആശാസ്യമല്ല എന്നുള്ളത് കൊണ്ടാണ്. നമ്മില്‍ ലജ്ജ എന്ന അവസ്ഥ ജനിപ്പിചു കൊണ്ടാണ് സമൂഹം അതിനു സമ്മതമായ ഒരു വസ്ത്രധാരണ രീതിയിലേക്ക് നമ്മെ എത്തിക്കുന്നത്. സവിശേഷമായ ഒരു സാമൂഹ്യ പൊലീസിംഗ് ആണത്. സാമൂഹ്യ നിര്‍മിതി ആണെന്നതുകൊണ്ട് തന്നെ ഇങ്ങനെയുള്ള ഏതു പൊതുസമ്മതിയെയും മാറ്റിത്തീര്‍ക്കാനും കഴിയും. ഗ്ലാമര്‍ എന്ന ലേബലില്‍ ഇന്ന് നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നതൊക്കെയും   ഗുണപരമായി നഗ്നത തന്നെയാണ്. അളവില്‍ മാത്രമേ ഏറ്റക്കുറച്ചിലുകളുള്ളൂ. നഗ്നതയെ സംബന്ധിച്ച പൊതുസമ്മതിയുടെ ഭാഗമായുണ്ടാകുന്ന ലജ്ജയെ ഗ്ലാമര്‍ എന്ന പുതിയ പൊതുസമ്മതിയിലൂടെ ഇല്ലാതാക്കുകയാണിവിടെ.  

 

 രാഷ്ട്രീയത്തില്‍ ജാതി പറയുന്നത് സമൂഹത്തില്‍ നഗ്നതയ്ക്ക് തുല്യമായ അവസ്ഥ തന്നെയായിരുന്നു. എന്നാല്‍ നഗ്നതയ്ക്ക് ഗ്ലാമര്‍ എന്ന പോലെ ഒരു സാമൂഹ്യ നിര്‍മ്മിതി ജാതിയ്ക്കു ഇനിയുമുണ്ടായിട്ടില്ല. (സ്വത്വം അടിസ്ഥാനമാക്കിയ വാദങ്ങള്‍ കേരള സമൂഹത്തില്‍ ഇപ്പോഴും ദുര്‍ബലം തന്നെയാണ്.) അതുകൊണ്ട് തന്നെ ലജ്ജ ഒട്ടുമില്ലാതെ നടത്തുന്ന ജാതിഘോഷണങ്ങള്‍ ജനാധിപത്യ രാഷ്ട്രീയത്തില്‍ ഇന്നും, ആവര്‍ത്തിച്ചു തന്നെ പറയാം, അനാശാസ്യം തന്നെയാണ്. രാഷ്ട്രീയാധികാരത്തിലേക്കുള്ള ഒരു എളുപ്പവഴിക്രിയയാണ് ജാതി എന്ന് മനസ്സിലാക്കിയവര്‍ ജാതി ചോദിക്കുകയും പറയുകയും ചിന്തിക്കുകയും ചെയ്യുന്നതില്‍ അത്ഭുതപ്പെടാനില്ല. പക്ഷെ, ജാതിയ്ക്കു ഇനിയും ഗ്ലാമറായിട്ടില്ല  എന്ന വസ്തുതയെങ്കിലും ചുരുങ്ങിയത് അവര്‍ തിരിച്ചറിഞ്ഞാല്‍ ഇവരുടെ ചര്‍ച്ചകള്‍ കണ്ടിരിക്കുന്നവര്‍ക്കെങ്കിലും ലജ്ജ തോന്നില്ല, തങ്ങളുടെ നേതാക്കളെ ഓര്‍ത്ത്.   

Tags: