സാമുദായിക നേതാക്കന്മാരുടെ സ്ഥാനം രാഷ്ട്രീയ നേതാക്കന്മാരേക്കാള്‍ മുകളിലോ?

Glint desk
Sun, 14-02-2021 07:00:06 PM ;

കോണ്‍ഗ്രസിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് എന്‍.എസ്.എസ്. ശബരിമല വിഷയത്തില്‍ എല്ലാ മുന്നണികളും ഒരേപോലെ നിഷേധാത്മകമായ നിലപാട് സ്വീകരിക്കുകയാണ് എന്ന് പറഞ്ഞുകൊണ്ട് എന്‍.എസ്.എസ് പ്രസ്ഥാവന നടത്തി. അതില്‍ മൂന്ന് മുന്നണികളും ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിന് നിലപാട് സ്വീകരിച്ചില്ല എന്ന ആക്ഷേപമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ അടുത്ത പ്രസ്ഥാവനയിലൂടെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ യു.ഡി.എഫ് അനുകൂല നിലപാടാണ് സ്വീകരിച്ചത്. തെറ്റിദ്ധാരണയുടെ പുറത്താണ് താന്‍ പ്രസ്ഥാവന നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യു.ഡി.എഫ് സ്വീകരിച്ച നിലപാടുകള്‍ വ്യക്തമാക്കി. അതോടെ തെറ്റിദ്ധാരണകള്‍ മാറി എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസ്ഥാവന നടത്തിയത്. 

നിയമസഭയില്‍ കോണ്‍ഗ്രസിന്റെ എം.വിന്‍സന്റ് പാര്‍ലമെന്റില്‍ എം.പ്രേമചന്ദ്രന്‍ എം.പി എന്നിവര്‍ ബില്ലവതരണത്തിന് അനുമതി തേടിക്കൊണ്ട് പ്രമേയം അവതരിപ്പിച്ചത് രഹസ്യമായ സംഗതിയല്ല. എന്നിട്ടും എന്തുകൊണ്ടാണ് സുകുമാരന്‍ നായര്‍ യു.ഡി.എഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചുകൊണ്ട് പ്രസ്ഥാവന ഇറക്കിയതെന്ന് ബോധ്യമായിരുന്നില്ല. ഒരു ഹെഡ്മാസ്റ്ററുടെ മുന്നില്‍ വിദ്യാര്‍ത്ഥിയെന്നോണം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ മുന്നില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാര്യങ്ങള്‍ ബോധിപ്പിച്ചിരിക്കുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, നേതാക്കള്‍ക്കും, സര്‍ക്കാരിനുമൊക്കെ മുകളിലാണ് സമുദായ നേതാക്കള്‍ എന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്.

കേരളത്തില്‍ മുഖ്യമന്ത്രിമാരും മന്ത്രിമാരും നേതാക്കന്മാരുമെല്ലാം സമുദായ നേതാക്കന്മാര്‍ക്ക് കല്‍പ്പിച്ചു കൊടുത്തിരിക്കുന്ന സ്ഥാനമാണ് അപ്രമാഥിത്വം. ഇതുതന്നെയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും സ്വയം ആര്‍ജിച്ചെടുത്തിരിക്കുന്നത്. തങ്ങളുടെ കൈവശമുള്ള സമുദായ സംഘടനകളുടെ സ്വാധീനം ഉപയോഗിച്ചുകൊണ്ട് ഏതാനും ചില വോട്ടുകള്‍ മാറ്റിമറിച്ച് കളയാം എന്ന ശക്തി തന്നെയാണ് സമുദായ നേതാക്കന്മാര്‍ക്ക് മുന്നില്‍ രാഷ്ട്രീയ നേതാക്കന്മാര്‍ ഓച്ചാനിച്ച് നില്‍ക്കുന്നതിന്റെ കാരണം. ഇത് മോശപ്പെട്ട പ്രവണതകളിലേക്ക് കാര്യങ്ങളെ കൊണ്ടുപോവുന്നു. ഒരുപാട് ആരോപണങ്ങള്‍ നേരിടുന്ന വ്യക്തിയാണ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍ അദ്ദേഹത്തിനെതിരെയുള്ള പല കേസുകളും മരവിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെ വോട്ട് ലക്ഷ്യമാക്കിയുള്ള നീക്കങ്ങളാണ് സമുദായ നേതാക്കന്മാരെ തങ്ങള്‍ എല്ലാത്തിനും മുകളിലാണ് എന്ന് സ്വയം തോന്നിപ്പിക്കാന്‍ കാരണമാകുന്നത്. അത് സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനാണ് പലതരം ചെപ്പടിവിദ്യകളിലേക്ക് അവര്‍ നീങ്ങുന്നത്. സുകുമാരന്‍ നായര്‍ സ്വീകരിച്ചതും അത്തരത്തിലൊരു ചെപ്പടിവിദ്യയാണ് എന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ നിന്ന് മനസ്സിലാക്കേണ്ടത്.

Tags: