ഋഷിരാജ് സിങ്ങ് താങ്കളാണ് യഥാര്‍ത്ഥ സൂപ്പര്‍സ്റ്റാര്‍: മോഹന്‍ലാല്‍

Mon, 21-10-2013 05:03:00 PM ;
കൊച്ചി

മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിനെ പുകഴ്ത്തി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ രംഗത്ത്. ‘കംപ്ലീറ്റ്‌ ആക്ടര്‍’ എന്ന തന്റെ ബ്ലോഗിലാണ് മോഹന്‍ലാല്‍ ഋഷിരാജ് സിംങ്ങിനെ സൂപ്പര്‍സ്റ്റാര്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പ് കമ്മീഷണറായി ഋഷിരാജ് സിങ്ങ് ചുമതലയേറ്റതിനു പുറകെ നടപ്പിലാക്കിയ പരിഷ്കാരങ്ങളെയാണ് മോഹന്‍ലാല്‍ എടുത്തു പറഞ്ഞിരിക്കുന്നത്.

 

നമ്മുടെ റോഡുകള്‍ക്ക് രക്ഷകനായാണ്‌ ഋഷിരാജ് സിങ്ങ് അവതരിച്ചിരിക്കുന്നത്. അഴകുള്ള മീശയും ആരെടാ എന്ന മുഖഭാവവുമായി ഒരാള്‍ എന്നാണ് ഋഷി രാജ് സിംഗിനെ മോഹന്‍ലാല്‍ തന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നത്. താന്‍ അടക്കമുള്ളവര്‍ പ്രാര്‍ത്ഥിക്കുന്നതിലോമറ്റോ തീരുന്ന ഒന്നായിരുന്നില്ല കേരളത്തിലെ വാഹനാപകടങ്ങള്‍. എന്നാല്‍ ഇപ്പോള്‍ അപകടങ്ങളില്‍ ഗണ്യമായ കുറവ് കാണുന്നുണ്ടെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

 

മലയാളിയുടെ തലയില്‍ ഹെല്‍മെറ്റ് വെപ്പിച്ച അമിത വേഗങ്ങള്‍ക്ക് വേഗപ്പൂട്ടിട്ട ഋഷിരാജ് സിംഗിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. കര്‍ശന നടപടികളെ തുടര്‍ന്ന പ്രധാന നഗരങ്ങളിലെ പ്രധാന ആശുപത്രികളില്‍ വാഹനാപകടങ്ങളില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ് വരുന്നവരുടെഎണ്ണം പകുതിയായി കുറഞ്ഞതിന്റെ ക്രഡിറ്റ് പൂര്‍ണ്ണമായും ഋഷിരാജ് സിംഗിനാണ് മോഹന്‍ലാല്‍ പറയുന്നു. 

Tags: