ന്യൂഡല്‍ഹി: റെയില്‍വേ ബജറ്റിന്റെ മറുപടിപ്രസംഗത്തില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ കേരളത്തിന് നാല് പുതിയ തീവണ്ടികള്‍ കൂടി അനുവദിച്ചു. ന്യൂഡല്‍ഹി-തിരുവനന്തപുരം പ്രതിവാര എക്സ്പ്രസ്സ്, പാലക്കാടുവഴി ബാംഗ്ലൂര്‍-മംഗലാപുരം എക്സ്പ്രസ്സ്, എറണാകുളം-കൊല്ലം റുട്ടില്‍ പുതിയ രണ്ട് മെമു വണ്ടികള്‍ എന്നിവയാണ് പുതിയതായി കേരളത്തിന് അനുവദിച്ചത്. രണ്ട് മെമു വണ്ടികളില്‍ ഒന്ന് ആലപ്പുഴ വഴിയും മറ്റൊന്ന് കോട്ടയം വഴിയുമാണ്.
ബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന പ്രതിവാരവണ്ടികളായ കൊച്ചുവേളി-ലോക്മാന്യ തിലക് എക്സ്പ്രസ്സ്, കോയമ്പത്തൂര്‍, പാലക്കാട് വഴിയുള്ള കാച്ചിഗുഡ-മംഗലാപുരം എക്സ്പ്രസ്സ് എന്നിവ ആഴ്ചയില്‍ രണ്ടുതവണയാക്കി. കോട്ടയം വഴിയുള്ള തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സ് കണ്ണൂര്‍വരെയും കോഴിക്കോട്-ഷൊറണൂര്‍ പാസഞ്ചര്‍ തൃശ്ശൂര്‍ വരെയും നീട്ടിയിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനമായ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയില്‍) സഹകരണത്തോടെ പാലക്കാട് കോച്ച് ഫാക്ടറി പദ്ധതി നടപ്പാക്കുന്നകാര്യം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. കൊച്ചി-മധുര പാതയ്ക്കും നഞ്ചന്‍കോഡ്-നിലമ്പൂര്‍ പാതയ്ക്കും സര്‍വേ നടപടി വേഗത്തിലാക്കും. ഗുരുവായൂര്‍, വടക്കാഞ്ചേരി സ്റ്റേഷനുകള്‍ക്ക് ആദര്‍ശ് പദവി നല്‍കും.
കേരളത്തിലെ ഒരു പദ്ധതിയും മുടങ്ങില്ലെന്ന് വ്യക്തമാക്കിയ മന്ത്രി അങ്കമാലി- ശബരിപാതയുടെ പൂര്‍ത്തീകരണച്ചെലവിന്റ ഒരു വിഹിതം സംസ്ഥാനസര്‍ക്കാര്‍ വഹിക്കണമെന്നും ആവശ്യപ്പെട്ടു.
കേരളത്തില്‍ പദ്ധതിച്ചെലവ് ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടി കൂടുതലാണ്. സംസ്ഥാനത്തെ ഉയര്‍ന്ന ഭൂമിവിലയാണ് പ്രധാന തടസ്സം. ഇത് പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ മുന്നോട്ട് വരണം - മന്ത്രി ആവശ്യപ്പെട്ടു.
ബജറ്റില്‍ കേരളത്തെ പാടേ അവഗണിച്ചുവെന്ന് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന്‍ എം.പി.മാര്‍ പ്രധാനമന്ത്രിയെക്കണ്ട് നിവേദനം നല്‍കിയിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിരോധമന്ത്രി എ.കെ. ആന്റണിയും റെയില്‍ മന്ത്രിയെയും കണ്ട് ചര്‍ച്ച നടത്തി. .