ബി.ജെ.പിയെ വളര്‍ത്തലാണ് സി.പി.എമ്മിന്റെ ലക്ഷ്യം, മുഖ്യമന്ത്രി തരംതാണ രീതിയില്‍ പെരുമാറുന്നു യു.ഡി.എഫ്

Glint Desk
Sat, 19-12-2020 08:24:17 PM ;

യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും പരിഹസിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി നേതാക്കള്‍. കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താനും വര്‍ഗീയ ചേരിതിരിവുണ്ടാക്കാനും മുഖ്യമന്ത്രിയും ഇടത് മുന്നണിയും ബോധപൂര്‍വമായി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തെ വര്‍ഗീയ ചേരിതിരിവിലേക്ക് നയിക്കാനും അതുവഴി തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ നേടിയടുക്കാന്‍ സാധിക്കുമെന്ന ധാരണയാണ് ഇടതുമുന്നണിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു. 

യു.ഡി.എഫ് അപ്രസക്തമായി എന്ന വ്യാജപ്രചരണമാണ് നടക്കുന്നത്. യു.ഡി.എഫിനെ തളര്‍ത്തി ബി.ജെ.പിയെ വളര്‍ത്താനുളള തന്ത്രമാണ് സി.പി.എം സ്വീകരിക്കന്നത്. ശബരിമല വിഷയം മുതലേ ഈ നീക്കം ആരംഭിച്ചതാണ്. കേരളത്തില്‍ ബി.ജെ.പി ക്ലച്ച് പിടിക്കില്ല എന്ന് ഈ തിരഞ്ഞെടുപ്പ് തെളിയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു. ഭരണാധികാരം ഉപയോഗിച്ച് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയോടെയും കേരളം പിടിച്ചടക്കിക്കളയാം എന്ന ബിജെപിയുടെ അവകാശവാദം പൊളിഞ്ഞുവീണു. ഏതാനും ചില പോക്കറ്റുകളില്‍ മാത്രമാണ് അവര്‍ക്ക് സാന്നിദ്ധ്യം തെളിയിക്കാന്‍ സാധിച്ചത്. മധ്യകേരളത്തില്‍ യുഡിഎഫ്, പ്രത്യേകിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് സ്വാധീനം നിലനിര്‍ത്താന്‍ സാധിച്ചുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. 

യുഡിഎഫിന് പാളിച്ചകളുണ്ടായിട്ടുണ്ടെന്നും അവ പരിശോധിക്കുമെന്നും പോരായ്മകള്‍ തിരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. 

Tags: