സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകും. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സമിതി യോഗമാണ് തീരുമാനമെടുത്തത്. മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്റേയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേയും സാന്നിധ്യത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് പ്രഖ്യാപനം നടത്തിയത്.
എല്‍.ഡി.എഫ് ഘടകകക്ഷികളുമായി ആലോചിച്ച് സത്യപ്രതിജ്ഞയുടെ തിയതി നിശ്ചയിക്കുമെന്ന് യെച്ചൂരി അറിയിച്ചു. പ്രതിപക്ഷ നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്റെ പ്രായാധിക്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിണറായി വിജയനെ പരിഗണിച്ചതെന്ന് യെച്ചൂരി പറഞ്ഞു. ക്യൂബയ്ക്ക് ഫിദല്‍ കാസ്ട്രോ പോലെയാണ് കേരളത്തിലെ പാര്‍ട്ടിയ്ക്ക് വി.എസെന്നും യെച്ചൂരി വിശേഷിപ്പിച്ചു.
കേരളത്തിന്റെ പന്ത്രണ്ടാം മുഖ്യമന്ത്രിയാണ് 72 വയസ്സുകാരനായ പിണറായി വിജയന്‍. 1998 മുതല്‍ 2015 വരെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയായിരുന്നു. 1996 മുതല്‍ പാര്‍ട്ടി സെക്രട്ടറിയാകുന്നത് വരെ രണ്ട് വര്‍ഷം മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന പിണറായി വിജയന്‍ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 2002 മുതല്‍ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗമാണ്. 1970, 1977, 1991 വര്‍ഷങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കൂത്തുപറമ്പ് മണ്ഡലത്തില്‍ നിന്നും 1996-ല്‍ പയ്യന്നൂര്‍ നിന്നും വിജയിച്ചിട്ടുണ്ട്.
എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതാണ് രാഷ്ട്രീയ ജീവിതത്തില്‍ പിണറായി വിജയന്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. സി.ബി.ഐ 2009-ലാണ് കേസില്‍ പിണറായി വിജയനെ പ്രതി ചേര്‍ത്തത്. എന്നാല്‍, പ്രത്യേക സി.ബി.ഐ കോടതി തെളിവില്ലെന്ന് കണ്ട് 2013 നവംബറില്‍ അദ്ദേഹത്തിന്റെ പേര് കുറ്റപത്രത്തില്‍ നിന്ന്‍ ഒഴിവാക്കി.