സി.പി.ഐ.എമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ ആലപ്പുഴയിൽ നടന്ന സംസ്ഥാന സമ്മേളനം തിങ്കളാഴ്ച തിരഞ്ഞെടുത്തു. ഇതോടൊപ്പം 88 അംഗ സംസ്ഥാന സമിതിയേയും തിരഞ്ഞെടുത്തു. എന്നാല്‍, ഇതില്‍ ഒരു സീറ്റ് ഒഴിച്ചിട്ടിരിക്കുകയാണ്. അതേസമയം, സംസ്ഥാന സമിതിയില്‍ നിന്ന്‍ സമ്മേളനത്തില്‍ നിന്ന്‍ വിട്ടുനില്‍ക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ ഒഴിവാക്കി.
പൊളിറ്റ് ബ്യൂറോ അംഗമെന്ന നിലയില്‍ എം.എ ബേബിയേയും സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രായാധിക്യം പരിഗണിച്ച് മുതിര്‍ന്ന നേതാക്കളായ പാലോളി മുഹമ്മദ് കുട്ടി, എം.എം ലോറന്‍സ്, കെ.എന്‍ രവീന്ദ്രനാഥ് എന്നിവരെ സംസ്ഥാന സമിതി അംഗത്വത്തില്‍ നിന്ന്‍ ഒഴിവാക്കി ക്ഷണിതാക്കള്‍ ആക്കിയിട്ടുണ്ട്. ഈ നിലയിലും വി.എസിനെ ഉള്‍പ്പെടുത്തിയിട്ടില്ല.
സംസ്ഥാന സമിതിയിലേക്ക് പുതുതായി 15 പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എൻ.എൻ.കൃഷ്ണദാസ് സംസ്ഥാന സമിതിയിലേക്ക് മടങ്ങിയെത്തി. കൊല്ലയിൽ സുദേവൻ, സൂസൻ കോടി, കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, പി.നന്ദകുമാർ, വി.ശിവൻകുട്ടി, എം.ബി.രാജേഷ്, പുത്തലത്ത് ദിനേശൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ, എൻ.വി.ബാലകൃഷ്ണൻ, എം. സ്വരാജ്, എ. സജീവൻ, ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാൻ, ഡോ.വി.ശിവദാസൻ എന്നിവരാണ് പുതുമുഖങ്ങൾ.
1953 നവംബർ 16ന് ജനിച്ച കോടിയേരി ബാലകൃഷ്ണന്‍ എസ്.എഫ്.ഐയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു. അടിയന്തരാവസ്ഥയ്ക്കാലത്ത് മിസ നിയമപ്രകാരം 16 മാസം തടവിലായിരുന്നു. 1970-ല്‍ സി.പി.ഐ.എം അംഗമായ അദ്ദേഹം കണ്ണൂർ ജില്ലാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 2003-ല്‍ കേന്ദ്ര കമ്മിറ്റിയിലേക്കും 2008-ല്‍ കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസില്‍ പൊളിറ്റ് ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
1982, 1987, 2001, 2006, 2011 വർഷങ്ങളില്‍ തലശ്ശേരിയില്‍ നിന്നും എം.എൽ.എയായി. 2006 മുതൽ 2011 വരെ കേരളത്തിലെ ആഭ്യന്തര, ടൂറിസം മന്ത്രിയായി പ്രവർത്തിച്ചു.