ആറന്മുള വിമാനത്താവളം: കെ.ജി.എസ് ഗ്രൂപ്പിന്റെ അപേക്ഷ കേന്ദ്രം തിരിച്ചയച്ചു

Sat, 10-01-2015 05:40:00 PM ;
ന്യൂഡല്‍ഹി

kgs groupആറൻമുള വിമാനത്താവള പദ്ധതിയ്ക്ക് പുതിയ പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് കെ.ജി.എസ് ഗ്രൂപ്പ് സമർപ്പിച്ച അപേക്ഷ കേന്ദ്ര സർക്കാർ തിരിച്ചയച്ചു. പദ്ധതിയുടെ ഭൂവിനിയോഗം സംബന്ധിച്ചുള്ള രേഖകൾ ഹാജരാക്കാതിരുന്നതിനെ തുടർന്നാണ് വനം പരിസ്ഥിതി മന്ത്രാലയം അപേക്ഷ തിരിച്ചയച്ചത്.

 

പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന 500 ഏക്കറിലേറെ വരുന്ന ഭൂമിയിലെ നെൽവയലുകളും നീർത്തടങ്ങളും നികത്താൻ അനുമതിയുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ്‌ മന്ത്രാലയത്തിന്റെ നടപടി. ഈ രേഖകൾ ഉൾപ്പെടുത്തി കെ.ജി.എസ് ഗ്രൂപ്പിന് പുതിയ അപേക്ഷ നല്‍കാമെങ്കിലും നെൽവയൽ നീർത്തട സംരക്ഷണ നിയമത്തിൽ സംസ്ഥാന സർക്കാർ ഇളവ് നൽകിയാൽ മാത്രമേ ഭൂമി നികത്തുന്നതിനുള്ള അനുമതി ലഭിക്കൂ.

 

നേരത്തെ, പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നിഷേധിച്ചു കൊണ്ടുളള ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സുപ്രീം കോടതി ശരിവെച്ചിരുന്നു. പാരിസ്ഥിതിക പഠനം നടത്തിയ ഏജന്‍സിക്ക് ആവശ്യമായ യോഗ്യതയില്ലെന്നും തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് അനുമതി തേടിയതെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ പുതിയ പഠനത്തിന് ഗ്രൂപ്പ് അനുമതിതേടിയത്.

Tags: