Skip to main content

ഫോൺകെണി വിവാദത്തിൽ ഉൾപ്പെട്ട മുൻ മന്ത്രി എ.കെ ശശീന്ദ്രനെതിരെ മാദ്ധ്യമപ്രവർത്തക പരാതി നൽകി. ശശീന്ദ്രന്‍ നിരന്തരം ഫോണിലൂടെ ശല്യപ്പെടുത്തിയിരുന്നുവെന്നാണ് ആക്ഷേപം. മംഗളം ടെലിവിഷന്‍ ചാനലിലെ ജീവനക്കാരിയും മന്ത്രിയുമായി ടെലിഫോണിൽ സംസാരിച്ചെന്ന് പറയപ്പെടുന്നതുമായ മാദ്ധ്യമപ്രവർത്തകയാണ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ പരാതി നൽകിയത്. പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ കോടതി കേസ് ഈ മാസം 15നു പരിഗണിക്കും.

 

ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി മന്ത്രിയുമായി സംസാരിച്ചെന്ന് കരുതുന്ന മാദ്ധ്യമപ്രവർത്തകക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയിരുന്നെങ്കിലും അവർ ഹാജരായിരുന്നില്ല. മാദ്ധ്യമപ്രവർത്തക ശാരീരിക അസ്വാസ്ഥ്യങ്ങൾ കാരണം ചികിത്സയിലാണെന്നും ഇവർ പിന്നീട് ഹാജരാകുമെന്നുമാണ് ചാനൽ മേധാവി ക്രൈം ബ്രാഞ്ച് സംഘത്തെ കഴിഞ്ഞ ദിവസം അറിയിച്ചത്.

 

കേസിൽ മംഗളം ടെലിവിഷന്‍ ചാനലിന്റെ മേധാവിയടക്കം അഞ്ചുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുണ്ട്. ചാനൽ സി.ഇ.ഒ ആർ. അജിത്കുമാർ, ജീവനക്കാരായ എം.ബി സന്തോഷ്, ആർ. ജയചന്ദ്രൻ, ഫിറോസ് സാലി മുഹമ്മദ്, എസ്.വി പ്രദീപ് എന്നിവരാണ് അറസ്റ്റിലായത്.