തൃശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ട് മുൻവർഷത്തേതിൽനിന്നു മാറ്റമില്ലാതെ നടത്താൻ മന്ത്രിസഭയുടെ അനുമതി. ഉത്സവത്തിനു മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇക്കാര്യങ്ങള്‍ കേന്ദ്രത്തെ അറിയിക്കാനും തീരുമാനമായി.
പൂരം വെടിക്കെട്ടിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് തൃശൂർ ജില്ലയിൽ വ്യാഴാഴ്ച ഹർത്താൽ ആചരിക്കാൻ കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. ഉത്രാളിക്കാവ് പൂരം, മച്ചാട് മാമാങ്കം, തിരുവാണിക്കാവ് വേല എന്നിവയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് പ്രത്യക്ഷ സമരവുമായി കമ്മിറ്റി രംഗത്തിറങ്ങിയത്. ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ടിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച വടക്കാഞ്ചേരിയില്‍ ഏകദിന ഉപവാസം നടന്നിരുന്നു.
കൊല്ലം പുറ്റിംഗൽ അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് രാത്രിയിൽ ഉഗ്രശബ്ദത്തോടെ വെടിക്കെട്ട് നടത്തുന്നത് കഴിഞ്ഞ വർഷം ഹൈക്കോടതി നിരോധിച്ചത്. ദേവസ്വങ്ങൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് വെടിക്കെട്ടിന് ഉപാധികളോടെ ഹൈക്കോടതി കഴിഞ്ഞ വർഷം അനുമതി നൽകിയിരുന്നു.