എ.ഐ.എ.ഡി.എം.കെയുടെ എം.എല്‍.എമാര്‍ സ്വന്തം ഇഷ്ടപ്രകാരമാണ് റിസോര്‍ട്ടില്‍ കഴിയുന്നതെന്ന് പോലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. 119 എം.എല്‍.എമാരില്‍ നിന്ന്‍ മൊഴി രേഖപ്പെടുത്തിയതായി പോലീസ് കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി വി.കെ ശശികലയുടെ വിഭാഗം ഇവരില്‍ പലരെയും തടങ്കലില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന ആരോപണം കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വത്തിന്റെ അനുകൂലികള്‍ ഉയര്‍ത്തിയിരുന്നു.
പാര്‍ട്ടി നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്ത ശശികലയെ 24 മണിക്കൂറിനുള്ളില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ഗവര്‍ണറോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിധി വരാനിരിക്കെ ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന്‍ ആവശ്യപ്പെട്ട് നേരത്തെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.
ശശികല തിങ്കളാഴ്ചയും കുവത്തൂരില്‍ എം.എല്‍.എമാരെ താമസിപ്പിച്ചിരിക്കുന്ന റിസോര്‍ട്ടില്‍ എത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസവും അവര്‍ റിസോര്‍ട്ടില്‍ എം.എല്‍.എമാരെ സന്ദര്‍ശിച്ചിരുന്നു. എം.പിമാരടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പന്നീര്‍സെല്‍വം വിഭാഗത്തിലേക്ക് മാറുന്ന സാഹചര്യത്തിലാണ് ശശികലയുടെ നടപടി. അതേസമയം, ഏഴു എം.എല്‍.എമാര്‍ മാത്രമേ പന്നീര്‍സെല്‍വത്തിനു ഒപ്പമുള്ളൂ. അതേസമയം, ഇന്ന്‍ പന്നീര്‍സെല്‍വം സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി.