മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെട്ട ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു. കേസിൽ പിണറായി വിജയനേയും കൂട്ടുപ്രതികളേയും വിചാരണ കൂടാതെ വെറുതെ വിട്ട വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ ഹര്‍ജി നല്‍കിയത്. ജനുവരി നാലിന് ഹര്‍ജി പരിഗണിച്ചപ്പോള്‍ ഇന്നത്തേക്ക് മാറ്റിവെച്ചതായിരുന്നു.
സി.ബി.ഐയുടെ അഭിഭാഷകനും പിണറായിയുടെ അഭിഭാഷകനും കോടതിയില്‍ ഹാജരാകാഞ്ഞതിനെ തുടര്‍ന്നാണ് കേസ് വീണ്ടും മാറ്റിയത്. കഴിഞ്ഞ പ്രാവശ്യം സി.ബി.ഐ അഭിഭാഷകന്‍ ഹാജരാകാന്‍ സാധിക്കാഞ്ഞതിനെ തുടര്‍ന്നായിരുന്നു കേസ് മാറ്റിയത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജനാണ് സി.ബി.ഐയ്ക്ക് വേണ്ടി ഹാജരാകുക. പിണറായി വിജയനു വേണ്ടി അഡ്വ. കെ.എം ദാമോദരനാണ് ഹാജരാകുന്നത്.
അതിനിടെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ബി.എ ആളൂര്‍ മുഖേനെ ഹൈക്കോടതിയില്‍ മറ്റൊരു ഹര്‍ജികൂടി സമര്‍പ്പിക്കപ്പെട്ടു. എം.ആര്‍ അജിത്കുമാര്‍ എന്നയാളാണ് ഹര്‍ജിക്കാരന്‍. കേസിൽ കക്ഷിയല്ലാത്തതിനാൽ വി.എസ് അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാന്റെയും ക്രൈം വാരിക എഡിറ്റര്‍ ടി.പി നന്ദകുമാറിന്റെയും ഹർജികൾ പരിഗണിക്കാനാകില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഹര്‍ജിയില്‍ തുടർച്ചയായി വാദം കേൾക്കുമെന്നായിരുന്നു നേരത്തെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞത്. അവധിക്ക് ശേഷം ബെഞ്ച് മാറ്റം ഉണ്ടായതോടെ ജസ്റ്റിസ് പി. ഉബൈദാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്.
പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനു നല്‍കിയതില്‍ കോടികളുടെ ക്രമക്കേടുണ്ടെന്നാണ് സി.ബി.ഐയുടെ കേസ്. 2013-ല്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ കേസിലുള്‍പ്പെട്ടവരെ തിരുവനന്തപുരം സി.ബി.ഐ. കോടതി കുറ്റവിമുക്തരാക്കി.