Skip to main content

എല്‍.ഡി.എഫ് സര്‍ക്കാരിന് പ്രഖ്യാപിത പൊലീസ് നയമുണ്ടെന്നും  അതിന് വിരുദ്ധമായ ചെയ്തി ഉണ്ടാകരുതെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ പംക്തിയിലാണ് ദേശീയഗാന വിവാദം, യു.എ.പി.എ എന്നിവയുമായി ബന്ധപ്പെട്ട് കോടിയേരി നിലപാട് വ്യക്തമാക്കുന്നത്.

  

ഭീകരപ്രവര്‍ത്തനം തടയാന്‍മാത്രമേ യു.എ.പി.എ ഉപയോഗിക്കൂ എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയമെന്ന് കോടിയേരി വ്യക്തമാക്കുന്നു. യു.എ.പി.എയും രാജ്യദ്രോഹവകുപ്പും യുഡിഎഫ് ഭരണകാലത്ത് വ്യാപകമായി ദുരുപയോഗം ചെയ്തു. മുന്‍ സര്‍ക്കാര്‍ തെറ്റായി ചുമത്തിയ യു.എ.പി.എ കേസുകളില്‍പ്പോലും നിയമപരമായ പുനഃപരിശോധന നടത്താന്‍ പൊലീസ് തയ്യാറാകണമെന്ന് നദീര്‍ കേസിനെ പരാമര്‍ശിച്ച് അദ്ദേഹം ആവശ്യപ്പെട്ടു. നോവലിസ്റ്റ് കമല്‍ സി ചവറയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത് തെറ്റായ സന്ദേശം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

 

പോലീസ് നയത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ശക്തമായി ഇടപെടുകയും തെറ്റുചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുയും ചെയ്തിട്ടുണ്ടെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. തെറ്റായ നടപടി സ്വീകരിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 

സി.പി.എം പ്രവര്‍ത്തകരുള്‍പ്പടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ  യു.എ.പി.എ ചുമത്തിയപ്പോള്‍ അതിനെതിരെ ചെറുശബ്ദംപോലും ഉയര്‍ത്താതെ മൗനികളായിരുന്നവര്‍ ഇപ്പോള്‍ വാചാലരാകുന്നത് അര്‍ഥ ഗര്‍ഭമാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

 

തിയറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കിയ സുപ്രീംകോടതി വിധിയുടെ മറവില്‍ നിക്ഷിപ്തതാല്‍പ്പര്യ വര്‍ഗീയശക്തികള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അഴിഞ്ഞാടുകയാണെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. കോടതി ഉത്തരവിന്റെ ഉള്‍പ്രേരണയെ ചോദ്യംചെയ്യാതെതന്നെ ഈ വിധി അരാജകത്വപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്നത് കാണേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.