മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവലിന്‍ കേസില്‍ സിബിഐ സമര്‍പ്പിച്ച പുന:പരിശോധന ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. ഫെബ്രുവരി രണ്ടാം വാരമാകും ഹര്‍ജിയില്‍ അന്തിമവാദം കേള്‍ക്കുക. തിയതി തീരുമാനിച്ചിട്ടില്ല. കേസിൽ പിണറായി വിജയനേയും കൂട്ടുപ്രതികളേയും വിചാരണ കൂടാതെ വെറുതെ വിട്ട വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സി.ബി.ഐ ഹര്‍ജി നല്‍കിയത്.
സിബിഐ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം.നടരാജന്‍ ഇന്ന് ഹാജരാകാനാകില്ലെന്ന് കോടതിയെ അറിയിച്ചിരുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അദ്ദേഹത്തിന് ഹൈദരാബാദില്‍ മറ്റൊരു കേസുള്ളതിനാലാണ് ഇത്.
ഈ മാസം നാലുമുതൽ 12 വരെ തുടർച്ചയായി വാദം കേൾക്കുമെന്നായിരുന്നു നേരത്തെ കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞത്. അവധിക്ക് ശേഷം ബെഞ്ച് മാറ്റം ഉണ്ടായതോടെ ജസ്റ്റിസ് പി. ഉബൈദാണ് ഇപ്പോള്‍ കേസ് പരിഗണിക്കുന്നത്.
പിണറായി വിജയനു വേണ്ടി അഡ്വ. കെ.എം ദാമോദരനാണ് ഹാജരാകുന്നത്.