Skip to main content

വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെയുള്ള സി.ബി.ഐയുടെ നിലപാട് സംശയാസ്പദമെന്ന് സംസ്ഥാന സര്‍ക്കാര്‍. ജേക്കബ് തോമസ്‌ അവധിയെടുത്ത് സ്വകാര്യ കോളജില്‍ പഠിപ്പിക്കാന്‍ പോയ സംഭവത്തില്‍ അന്വേഷണം നടത്താന്‍ തയാറാണെന്ന് സി.ബി.ഐ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തെ എതിര്‍ത്ത് കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രസ്താവിച്ചത്.

 

കേസന്വേഷിക്കാൻ ഉത്തരവിടണമെന്ന ആവശ്യവും സി.ബി.ഐ സത്യവാങ്മൂലത്തില്‍ ഉന്നയിച്ചിരുന്നു. സ്വന്തം താല്‍പര്യ സംരക്ഷണത്തിന് ഉദ്യോഗസ്ഥന്‍ അവധിയെടുത്തത് ഗുരുതരമായ തെറ്റാണെന്നും അതുകൊണ്ട് തന്നെ ഇത് സി.ബി.ഐ പോലൊരു ഉന്നത ഏജന്‍സി അന്വേഷിക്കേണ്ടത് ആവശ്യമാണെന്നും ആയിരുന്നു സി.ബി.ഐ വാദം.

 

എന്നാല്‍ വിഷയം അന്വേഷിച്ച് കഴിഞ്ഞതാനെന്നും ഇക്കാര്യം വീണ്ടും അന്വേഷിക്കുന്നത് എന്തിനാണെന്നും സർക്കാർ കോടതിയില്‍ ചോദിച്ചു. സ്ഥാപനത്തിൽ നിന്നും കൈപ്പറ്റിയ തുക ജേക്കബ് തോമസ് തിരിച്ചടിച്ചിട്ടുമുണ്ട്. കോടതി ഫയലില്‍ പോലും സ്വീകരിക്കാത്ത കേസില്‍ അന്വേഷണത്തിന് തയാറാണെന്ന് സത്യവാങ്മൂലം നല്‍കിയത് സംശയാസ്പദമാണെന്നും സര്‍ക്കാര്‍  പറഞ്ഞു. കേസിൽ എ.ജി ഹാജരാകുമെന്നും മറുപടി സത്യവാങ്മൂലം നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് നവംബർ മൂന്നിലേക്ക് മാറ്റിവെച്ചു.

 

മാറാട്, ടി.പി ചന്ദ്രശേഖരന്‍ വധം തുടങ്ങിയ കേസുകള്‍ ഏറ്റെടുക്കാന്‍ മടിച്ച സി.ബി.ഐ ഇക്കാര്യത്തില്‍ അന്വേഷിക്കാൻ തയാറായി മുന്നോട്ട് വന്നതില്‍ അസ്വാഭാവികതയുണ്ടെന്നും സര്‍ക്കാര്‍ വാദിച്ചു.

Tags