Skip to main content

ബന്ധു നിയമനങ്ങളെ ചൊല്ലി ഉയര്‍ന്ന വിവാദത്തില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് എതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തും. ഇത് സംബന്ധിച്ച ഉത്തരവ് നാളെ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

വിഷയത്തില്‍ ലഭിച്ച പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താമെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു. ഏതുതരത്തിലുള്ള അന്വേഷണം വേണമെന്ന് ഡയറക്ടര്‍ക്ക് തീരുമാനിക്കാമെന്നായിരുന്നു നിര്‍ദ്ദേശം. ഇതേത്തുടര്‍ന്ന്‍ വ്യാഴാഴ്ച രാവിലെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്‌ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല, ബി.ജെ.പി നേതാക്കളായ വി. മുരളീധരന്‍, കെ. സുരേന്ദ്രന്‍ എന്നിവരാണ് പരാതി നല്‍കിയത്.

 

അഴിമതി നിരോധന നിയമം പ്രകാരം അധികാരസ്ഥാനത്തിരിക്കുന്നവര്‍ തനിക്കോ മറ്റുള്ളവര്‍ക്കോ ലാഭമുണ്ടാക്കാന്‍ ചെയ്യുന്ന നടപടികളില്‍ ഏര്‍പ്പെടുന്നത് ഒന്ന്‍ മുതല്‍ ഏഴ് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ജയരാജന്റെ കാര്യത്തില്‍ സര്‍ക്കാറിനു നഷ്ടമുണ്ടാക്കിയില്ലെന്ന വാദം ഉന്നയിക്കപ്പെടാമെങ്കിലും സര്‍ക്കാറിനു നഷ്ടമുണ്ടാകുന്നില്ലെങ്കിലും വ്യക്തികള്‍ക്ക് അനധികൃതമായി ലാഭമുണ്ടാകുന്ന നടപടികള്‍ അഴിമതിയാണെന്ന് സുപ്രീം കോടതി വിധിയുണ്ട്.

 

അന്വേഷണം നടത്താമെന്ന് നിയമോപദേശത്തിന് പിന്നാലെ മന്ത്രി ഇ.പി ജയരാജന്‍ രാജി സന്നദ്ധത പ്രകടിപ്പിച്ചതായ റിപ്പോര്‍ട്ടുകളും വന്നിരുന്നു. ബുധനാഴ്ച സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി മന്ത്രി ഉച്ചയ്ക്കും വൈകുന്നേരവും നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്.

 

പ്രശ്നത്തില്‍ തിരുത്തല്‍ നടപടികള്‍ വേണമെന്ന് പാര്‍ട്ടി കേന്ദ്ര നേതൃത്വം സൂചിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയെറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചിട്ടുണ്ട്.

   

ബന്ധു നിയമനങ്ങളെ ചൊല്ലി ഉയര്‍ന്നുവന്ന ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ ബുധനാഴ്ച ചേര്‍ന്ന  മന്ത്രിസഭായോഗം ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നിയമനങ്ങളിലെ സ്വജനപക്ഷപാതം തടയുന്നതിനായി നിയമനിര്‍മ്മാണം നടത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താക്കുറിപ്പിൽ അറിയിച്ചു. ദേശീയതലത്തിലടക്കമുള്ള സാങ്കേതിക വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ഒരു സമിതിയെ നിയോഗിച്ചുകൊണ്ടായിരിക്കും ഇനിമുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലേയ്ക്കുള്ള നിയമനങ്ങള്‍ നടത്തുക. മാനേജിംഗ് ഡയറക്ടര്‍/ജനറല്‍ മാനേജര്‍ തസ്തികകളിലെ നിയമനങ്ങള്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.