മദ്യനയത്തില്‍ കോണ്‍ഗ്രസിനകത്ത് നിന്ന്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് പരോക്ഷമായി മറുപടി പറഞ്ഞ് കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍. എല്ലാം നമ്മുടെ കയ്യിലാണെന്ന് ആരും ധരിക്കരുതെന്നും അധികാരമുള്ളപ്പോള്‍ കൂടെയുള്ളവര്‍ പിന്നീട് ഒപ്പമുണ്ടാകണമെന്നില്ലെന്നും സുധീരന്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചൊവ്വാഴ്ച മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ ചരമ വാര്‍ഷിക ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. കരുണാകരന്റെ ജീവിതം നല്‍കുന്ന പാഠമിതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചില വിഷയങ്ങള്‍ പറയുമ്പോള്‍ താന്‍ ഒറ്റയ്ക്കാകുമെങ്കിലും പിന്നീട് അത് പാര്‍ട്ടി ഏറ്റെടുത്തിട്ടുണ്ടെന്നും സുധീരന്‍ പറഞ്ഞു. പല വിഷയങ്ങളിലും കരുണാകരനുമായി വിയോജിപ്പ് ഉണ്ടായിരുന്നപ്പോഴും തങ്ങളുമായി അദ്ദേഹം എപ്പോഴും ആശയവിനിമയം നടത്തിയിരുന്നു എന്ന് സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗം മദ്യനയത്തില്‍ വരുത്തിയ മാറ്റത്തെ സ്വാഗതം ചെയ്യുകയും ഇതിനെതിരെ പ്രസ്താവനയിറക്കിയ സുധീരന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫിന്റെ പ്രഖ്യാപിത മദ്യനയം അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്നും ജനതാല്‍പ്പര്യമല്ല, ബാറുടമകളുടെ താല്‍പ്പര്യമാണ് നയം മാറ്റത്തിന് പിന്നിലെന്ന്‍ കരുതേണ്ടിയിരിക്കുന്നുവെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.
യോഗത്തില്‍ തനിക്കെതിരെ വിമര്‍ശനമുന്നയിച്ചവരില്‍ കരുണാകരന്റെ മകന്‍ കൂടിയായ കെ. മുരളീധരനെ സുധീരന്‍ പ്രത്യേകം വിമര്‍ശിച്ചു. മുരളിയെ വിശ്വസിക്കരുതെന്ന് പല ഗ്രൂപ്പ് നേതാക്കളും പറഞ്ഞപ്പോള്‍ അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് പറഞ്ഞത് താനടക്കം മൂന്ന് പേർ മാത്രമാണെന്ന് സുധീരന്‍ വെളിപ്പെടുത്തി. മാദ്ധ്യമങ്ങളെ കാണുമ്പോള്‍ മുരളി ദുർബലനാകുന്നെന്നും പഴയത് പലതും മറക്കുകയാണെന്നും കരുണാകരന്‍ നേരെ മറിച്ചായിരുന്നുവെന്നും പ്രതിസന്ധി ഘട്ടങ്ങളിൽ പോലും അദ്ദേഹം അപാകത നിറഞ്ഞ വാക്കുകൾ പറഞ്ഞിട്ടില്ലെന്നും സുധീരൻ പറഞ്ഞു.