കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ അപേക്ഷിച്ച എല്ലാവര്‍ക്കും പ്രതിനിധി പാസ് നല്‍കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മേളയുമായി ബന്ധപ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണനെ വിവാദത്തിലേക്ക് വലിച്ചിഴച്ചത് ദൗര്‍ഭാഗ്യകരമാണെന്നും ശനിയാഴ്ച മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചലച്ചിത്രമേളയ്ക്ക് 9812 പേര്‍ ഇത്തവണ അപേക്ഷിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സിനിമാ കാണാനെത്തുന്ന ഒരാള്‍ക്കുപോലും അവസരം നിഷേധിക്കില്ല. രണ്ട് തീയറ്ററുകള്‍കൂടി മേളയ്ക്ക് ഇത്തവണ അധികമായി ഉള്‍പ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ലോകം ബഹുമാനിക്കുന്ന കലാകാരനാണ് അടൂര്‍ ഗോപാലകൃഷ്ണനെന്നും പദ്മവിഭൂഷന്‍ അടക്കമുള്ള ബഹുമതികള്‍ ലഭിച്ച അദ്ദേഹം കേരളത്തിന്റെ പൊതുസ്വത്താണെന്നും മന്ത്രി പറഞ്ഞു.
മേളയില്‍ ഇംഗ്ലീഷ് സബ്ടൈറ്റിലുകളോടെയാണ് വിദേശ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് എന്നതിനാല്‍ ഇംഗ്ലീഷില്‍ അല്‍പ്പം അറിവെങ്കിലും വേണമെന്ന് താന്‍ പറഞ്ഞത് തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അടൂര്‍ വിശദീകരിച്ചു. മലയാളം മാത്രമറിയാവുന്നവര്‍ക്ക് മേളയ്ക്ക് പ്രവേശനം നല്‍കരുതെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും മേള തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും അടൂര്‍ പറഞ്ഞു. നല്ല സിനിമകള്‍ കാണിക്കുവാന്‍ വേണ്ടിയാണ് മേള നടത്തുന്നത്. മേളയ്ക്ക് വരുന്നവരെ കുറിച്ചും അവരുടെ ചലച്ചിത്ര അഭിരുചിയെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ മനസിലാക്കിയാലേ ഭാവിയില്‍ കൂടുതല്‍ മികച്ച രീതിയില്‍ മേളകള്‍ സംഘടിപ്പിക്കാനാകൂ. അതിനാണ് അപേക്ഷകരുടെ വിദ്യാഭ്യാസ യോഗ്യത ഉള്‍പ്പടെയുള്ള ചില വിവരങ്ങള്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ആവശ്യപ്പെട്ടതെന്ന് അടൂര്‍ വിശദീകരിച്ചു.
അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉപദേശകസമിതി ചെയര്‍മാനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് മേള സ്ഥിരം വേദിയായ തിരുവനന്തപുരത്ത് നടക്കുക.