സര്‍ക്കാറിന്റെ മദ്യനയം അട്ടിമറിക്കുന്നതിനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കതിരെ സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്തയച്ചു. ഓണക്കാലത്ത് സംസ്ഥാനത്ത് മദ്യദുരന്തം ഉണ്ടാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും സര്‍ക്കാര്‍ ആവശ്യമായ കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും സുധീരന്‍ കത്തില്‍ പറയുന്നു.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേയ്ക്ക് വന്‍തോതില്‍ സ്പിരിറ്റ് ഒഴുക്കുന്നുണ്ടെന്നും കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്ന് പതിനായിരം ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയത് ഇതിന്റെ തെളിവാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. സ്പിരിറ്റ് കടത്ത് തടയാന്‍ അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.
എക്‌സൈസിന്റേയും വനം വകുപ്പിന്റേയും പോലീസിന്റേയും റവന്യൂ വകുപ്പിന്റേയും ആഭിമുഖ്യത്തില്‍ പരിശോധന കൂടുതല്‍ ശക്തമാക്കണമെന്നും ജില്ലാ കളക്ടര്‍മാര്‍ ഇതിന് നേതൃത്വം നല്‍കണമെന്നും കത്തില്‍ സുധീരന്‍ ആവശ്യപ്പെടുന്നു.