സി.പി.ഐ.എമ്മും സി.പി.ഐയും ഉള്‍പ്പടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന നിര്‍ദ്ദേശത്തില്‍ നിന്ന്‍ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി പിന്‍വാങ്ങുന്നു. ഇരു പാര്‍ട്ടികളുടെയും ലയനമോ പുനരേകീകരണമോ ഇപ്പോള്‍ അജണ്ടയിലില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇതേ അഭിപ്രായം ബേബി ആവര്‍ത്തിച്ചത്. ഉടന്‍ ലയനം നടത്തണമെന്ന് താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അത് മാധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും ബേബി പറഞ്ഞു.
ഇരു പാര്‍ട്ടികളും തമ്മിലുള്ള പരസ്പരബന്ധം മെച്ചപ്പെടുത്തുകയും യോജിച്ചു പ്രവര്‍ത്തിക്കുകയാണ് ഇപ്പോഴത്തെ ആവശ്യമെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം പറഞ്ഞു. അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്നും പാര്‍ട്ടി നിര്‍ദ്ദേശിച്ചു.
ശനിയാഴ്ച തൃശൂരില്‍ സി. അച്യുതമേനോന്‍ അനുസ്മരണ ചടങ്ങിലാണ് ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്നും ഏതെങ്കിലും ഒരു പാര്‍ട്ടി ഇതിന് മുന്നിട്ടിറങ്ങണമെന്നും ബേബി ബേബി പറഞ്ഞത്. ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും രണ്ട് പാര്‍ട്ടികളിലേയും നേതാക്കള്‍ രംഗത്ത് വന്നിരുന്നു.