Skip to main content
തൃശൂര്‍

ma babyസി.പി.ഐ.എമ്മും സി.പി.ഐയും ഉള്‍പ്പടെയുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് ജനം ആഗ്രഹിക്കുന്നുണ്ടെന്ന്‍ സി.പി.ഐ.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ ബേബി.  എന്നാല്‍ ഇത് എളുപ്പമുള്ള കാര്യമല്ലെന്നും ഏതെങ്കിലും ഒരു പാര്‍ട്ടി ഇതിന് മുന്നിട്ടിറങ്ങണമെന്നും ബേബി കൂട്ടിച്ചേര്‍ത്തു. തൃശൂരില്‍ സി. അച്യുതമേനോന്‍ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

സമൂഹത്തില്‍ ശക്തമാകുന്ന തീവ്ര വലതുപക്ഷവത്കരണത്തിന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യത്യസ്ത രാഷ്ട്രീയ നിലപാടുകള്‍ തടസമാകരുത്. ഈ നിലക്ക് ഇടതുപക്ഷ പുരോഗമന-മതേതര-ജനാധിപത്യ നിലപാടുള്ള സംഘടനകളുടെയും വ്യക്തികളുടെയും വിപുലമായ വേദി രൂപപ്പെടണമെന്നും ബേബി പറഞ്ഞു. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള സംഭാഷണമാണ് ലയനത്തിനായി വേണ്ടതെന്നും ബേബി പറഞ്ഞു.

 

ബേബിയുടെ നിലപാടിനെ സി.പി.ഐ നേതാവ് ബിനോയ്‌ വിശ്വം സ്വാഗതം ചെയ്തു. നേരത്തെ ലയനത്തെ എതിര്‍ത്തിരുന്ന ബേബിയുടെ നിലപാട് മാറ്റം സ്വാഗതാര്‍ഹമാണെന്ന്‍ ബിനോയ്‌ വിശ്വം പറഞ്ഞു. ലയനമല്ല, ഇടതുപാര്‍ട്ടികളുടെ പുനരേകീകരണമാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. സി.പി.ഐ മുഖപത്രമായ ജനയുഗത്തില്‍ ഈ ആവശ്യം മുന്നോട്ടുവെച്ച് ബിനോയ് വിശ്വം നേരത്തെ ലേഖനം എഴുതിയിരുന്നു.