മുല്ലപ്പെരിയാര്‍ പാട്ടഭൂമി കേരളം കയ്യേറിയതായി തമിഴ്‌നാട്‌

Fri, 27-06-2014 05:52:00 PM ;
തിരുവനന്തപുരം

mullaperiyar dam

 

ഇടുക്കിയിലെ ആനവച്ചാലില്‍ സംസ്ഥാന വനം വകുപ്പ് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ കുറിച്ച് തമിഴ്‌നാട്‌ കേരളത്തോട് വിശദീകരണം ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിനോടനുബന്ധിച്ച പാട്ടഭൂമിയില്‍ പെടുന്നതാണ് ഈ പ്രദേശമെന്ന് തമിഴ്‌നാട്‌ അവകാശപ്പെട്ടു. സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് വ്യക്തത വരുത്താല്‍ സംയുക്ത പരിശോധനയ്ക്കുള്ള നിര്‍ദ്ദേശവും തമിഴ്‌നാട്‌ മുന്നോട്ടുവെച്ചിട്ടുണ്ട്.

 

പെരിയാര്‍ കടുവ സങ്കേതത്തില്‍ പെടുന്ന ഈ മേഖലയില്‍ വനം വകുപ്പ് നിര്‍മ്മിക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടിനെ കുറിച്ചാണ് തമിഴ്‌നാട്‌ വിശദീകരണം തേടിയിരിക്കുന്നത്.

 

അതിനിടെ, മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയാക്കി ഉയര്‍ത്താന്‍ അനുമതി നല്‍കിയ സുപ്രീം കോടതി വിധിയ്ക്കെതിരെ പുന:പരിശോധനാ ഹര്‍ജി തുറന്ന കോടതിയില്‍ കേള്‍ക്കണമെന്ന് കേരളം ആവശ്യപ്പെടും. ഹര്‍ജി സംബന്ധിച്ച് നിയമവിദഗ്ധരുമായി ന്യൂഡല്‍ഹിയില്‍ വെള്ളിയാഴ്ച സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി പി.ജെ ജോസഫ് ചര്‍ച്ച നടത്തി. അണക്കെട്ടിന്റെ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കേരളം ഹര്‍ജി നല്‍കുക. സാധാരണ പുന:പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി ജഡ്ജിമാരുടെ ചേംബറിലാണ് ആദ്യം പരിഗണിക്കുക.

 

ജൂണ്‍ 30 തിങ്കളാഴ്ചയാണ് കേരളം ഹര്‍ജി നല്‍കുക. പ്രശ്നത്തില്‍ രാഷ്‌ട്രപതിയുടെ ഇടപെടലിനും ശ്രമം നടത്തുന്നുണ്ടെന്ന് പി.ജെ ജോസഫ് അറിയിച്ചു.      

Tags: