Skip to main content
തിരുവനന്തപുരം

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് കസ്തൂരി രംഗന്‍ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടുക്കിയിലും വയനാട്ടിലും സി.പി.ഐ.എം വെള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.  രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയുള്ള ഹര്‍ത്താലിന് ഹൈറേഞ്ച് സമിതിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

മുഖ്യമന്ത്രിയെ ബഹിഷ്കരിക്കുന്നതിന്‍റെ ഭാഗമായി ഒക്ടോബര്‍ 21-ന് നടക്കുന്ന ഗാഡ്ഗില്‍ സര്‍വ്വകക്ഷിയോഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു. ഇടുക്കി ജില്ലയിലെ കര്‍ഷകര്‍ക്ക് ദേഷകരമായ കാര്യങ്ങളാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ടിലുള്ളതെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. പശ്ചിമഘട്ടം മുഴുവനും പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നതാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്.

 

അതേസമയം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുകയും ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ റിപ്പോര്‍ട്ട് നടപ്പാക്കുകയും ചെയ്യുക എന്നതാണ് കേരളത്തിന്റെ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കാള്‍ കേരളത്തിന് അനുയോജ്യം കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടാണ് പക്ഷെ കേരളത്തിന് എതിര്‍പ്പുള്ള ശുപാര്‍ശകളും അതിലുണ്ട്. ഇക്കാര്യം സുപ്രീം കോടതിയും കേന്ദ്ര സര്‍ക്കാരിനെയും അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാല്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് ഇടുക്കി, വയനാട് ജില്ലകളിലെ കര്‍ഷകര്‍ക്ക് ദോഷം ചെയ്യുമെന്ന വിദഗ്ധാഭിപ്രായം നിലനില്‍ക്കുന്നുണ്ട്. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനം വന സംരക്ഷണത്തെ മാത്രം ലക്ഷ്യമിടുമ്പോള്‍ കാര്‍ഷിക മേഖലക്ക് ദോഷകരമാവുമെന്നാണ് വിലയിരുത്തല്‍.