ആര്.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് കാരായി രാജന് അടക്കമുള്ള 20 പ്രതികളെ എരഞ്ഞിപ്പാലം പ്രത്യേക കോടതി വെറുതെവിട്ടു. വ്യക്തമായ തെളിവുകളില്ലാത്തതിനാല്‍ ഇവരെ കേസില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം നല്കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. രാജനു പുറമെ എസ്.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി സരിന് ശശി, കെ.അശോകന്, ഇ.എം ഷാജി എന്നിവരെയും കോടതി വെറുതെ വിട്ടു. പ്രോസിക്യൂഷന് തെളിവെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ജഡ്ജി ആര്. നാരായണ പിഷാരടിയാണ് ബുധനാഴ്ച വിധി പറഞ്ഞത്.
പ്രതികളെ ഒളിവില്‍ താമസിപ്പിച്ചു, ഒളിവില്‍ താമസിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തു, കൊലപാതകം മുന്‍കൂട്ടി അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ല തുടങ്ങിയ കുറ്റം ചുമത്തിയവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള നടപടി തിരിച്ചടിയായെന്നും ഇങ്ങനെ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ പ്രതികരിച്ചു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ആര്.എം.പി വ്യക്തമാക്കി.