Skip to main content
കൊച്ചി

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. ബസ് ഉടമകളുമായി സര്‍ക്കാര്‍ ബുധനാഴ്ച ചര്‍ച്ച നടത്തും. സമരം പിന്‍വലിച്ചാല്‍ ചര്‍ച്ചയാകാമെന്ന സര്‍ക്കാര്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സമരം പിന്‍വലിച്ചത്. സ്പീ‌ഡ് ഗവർണർ പ്രവർത്തിപ്പിക്കാത്ത ബസുകളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനുള്ള മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് സ്വകാര്യ ബസ്സുകള്‍ ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

 

കേന്ദ്ര മന്ത്രി കെ.വി തോമസ്സും ടി.വി പ്രതാപന്‍ എം.എല്‍ എയും സമര സമിതി നേതാക്കളുമായി നടത്തിയ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് സമരം ഒത്തുതീര്‍പ്പായത്. സമരവുമായി മുന്നോട്ടു പോവാന്‍ താല്‍പ്പര്യമില്ലെന്നും ചര്‍ച്ചക്ക് തയ്യാറാണെന്നും തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പു നൽകിയതായും കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ബുധനാഴ്ച ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ വസതിയിലായിരിക്കും ചര്‍ച്ച.

 

സംസ്ഥാനത്ത് ഉണ്ടാവുന്ന ബസ്സപകടങ്ങളുടെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹനവകുപ്പ് പരിശോധന കര്‍ശനമാക്കിയത്. കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഉള്‍പ്പെടെ 202 ബസ്സുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി.