Skip to main content
ചെന്നെ

പ്രശസ്ത സംഗീത സംവിധായകന്‍ വി.ദക്ഷിണാമൂര്‍ത്തി (94) അന്തരിച്ചു. ചെന്നെയില്‍ മൈലാപ്പൂരിലുള്ള വസതിയിലായിരുന്നു അന്ത്യം. മലയാളിയുടെ സംഗീതസംസ്‌കാരത്തില്‍  ചലച്ചിത്രപിന്നണി ഗാനങ്ങളിലൂടെ ശാസ്ത്രീയ സംഗീതത്തിന്റെ ഉദാത്തഭാവത്തെ നിക്ഷേപിച്ചു എന്നതാണ് അദ്ദേഹം നിര്‍വഹിച്ച ദൗത്യം. അര നൂറ്റാണ്ടില്‍ അദ്ദേഹം നൂറ്റി ഇരുപത്തിയഞ്ചിലധികം സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുകയുണ്ടായി.

 

1919 ഡിസമ്പര്‍ 22ന് ആലപ്പുഴയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ഡി.വെങ്കിടേശ്വര അയ്യരുടേയും പാര്‍വതി അമ്മാളിന്റെയും മകനായി. അമ്മയില്‍ നിന്നാണ് അദ്ദേഹം സംഗീതത്തിന്റെ ബാലപാഠങ്ങളും പിന്നീട് കീര്‍ത്തനങ്ങളും സ്വായത്തമാക്കിയത്.

 

1950-ല്‍ കുഞ്ചാക്കോ നിര്‍മിച്ച നല്ലതങ്ക എന്ന സിനിമയിലൂടെയാണ് സ്വാമി എന്ന് വിളിക്കപ്പെടുന്ന ദക്ഷിണാമൂര്‍ത്തി ചലച്ചിത്ര സംഗീതസംവിധാന ലോകത്തേക്ക് രംഗപ്രവേശനം ചെയ്യുന്നത്.  ആ ചിത്രത്തിലെ നായകന്‍ ഗാനഗന്ധര്‍വനായ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫായിരുന്നു. ആ ചിത്രത്തില്‍ അദ്ദേഹം പാടുകയുമുണ്ടായി. അഗസ്റ്റിന്‍ ജോസഫ്, യേശുദാസ്, യേശുദാസിന്റെ മകന്‍ വിജയ് യേശുദാസ് എന്നിവര്‍ തന്റെ സംഗീത സംവിധാനത്തില്‍ പാടി എന്നത് സ്വാമിയുടെ അപൂര്‍വതയാണ്. സ്വാമിയുടെ സംവിധാനത്തില്‍ യേശുദാസ് ഭാവവും സ്വരവും പകര്‍ന്ന  ഗാനങ്ങള്‍ ചലച്ചിത്രഗാനശാഖയില്‍ അനശ്വരതയെ പുല്‍കിയവയാണ്. സ്വപ്നങ്ങള്‍, സ്വപ്നങ്ങളേ, പാട്ടുപാടിയുറക്കാം ഞാന്‍, ഉത്തരാസ്വയംവരം, കാട്ടിലെ പാഴ് മുളം തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

 

2008ലാണ് അദ്ദേഹം അവസാനമായി  സംഗീത സംവിധാനം നിര്‍വഹിച്ചത്. നാലു പാട്ടുകളിലൂടെ മിഴികള്‍ സാക്ഷിയില്‍.

 

രാഗം പോലെ

ശ്രുതി ചേര്‍ന്ന രാഗം പോലെയായിരുന്നു സ്വാമിയുടെ ജീവിതം. രാഗത്തിന് കാലമില്ല. സ്വാമിയുടെ ഭൗതികജീവിതത്തിലും ആ  ശ്രുതിലയം സംഭവിച്ചിരുന്നു. അതുകൊണ്ടാണ് 94- വയസ്സില്‍ അദ്ദേഹം വാര്‍ധക്യം അറിയാതെ കീര്‍ത്തനസമാപനം പോലെ ജീവിതത്തില്‍ നിന്ന് വിട പറഞ്ഞത്. കൊഴിഞ്ഞ പല്ലും നരച്ച മുടിയും സ്വാമിക്ക് ഒരിക്കലും വൃദ്ധന്റെ പരിവേഷം നല്‍കിയിരുന്നില്ല. മാത്രവുമല്ല ഏതൊരു ചൈതന്യത്തെയാണോ നാദബ്രഹ്മമായി താന്‍ അറിഞ്ഞത് ആ അറിവിന്റെ ചൈതന്യം അദ്ദേഹത്തിന്റെ കണ്ണുകളിലും സ്വരത്തിലും  ചലനങ്ങളിലും അവസാനം വരെ പ്രകടമായിരുന്നു. അതുകൊണ്ടാണ് ആര്‍ക്കും അദ്ദേഹത്തെ എപ്പോഴും സമീപിക്കാന്‍ കഴിയുമായിരുന്നത്. അപ്രമാദിത്വം തെല്ലുപോലും അദ്ദേഹത്തെ തീണ്ടിയിരുന്നില്ല. അടുത്തകാലം വരെ റിയാലിറ്റി ഷോകളില്‍ ജഡ്ജായി പങ്കെടുത്തിരുന്ന സ്വാമി കുട്ടികളുടെ പാട്ടിനെയൊക്കെ വിലയിരുത്തിയപ്പോള്‍ ശിശുസഹജമായ ഭാവമായിരുന്നു സ്വരവും ഭാവവും. പങ്കാളികളായ കുട്ടികളുടെ പേര് വിളിച്ച് ഒരോന്ന് പറഞ്ഞുകൊടുക്കുമ്പോള്‍ തെളിവായത് പ്രായത്തിന്റേതായ ഓര്‍മ്മക്കുറവ് അദ്ദേഹത്തെ തൊട്ടുതീണ്ടാന്‍ തയ്യാറായില്ല എന്നതാണ്. കാരണം താന്‍ ഈ ശരീരമല്ല എന്ന ബോധം അദ്ദേഹം സാക്ഷാത്ക്കരിക്കുകയുണ്ടായി. അതിന്റെ അടയാളമായിരുന്നു ഭസ്മഭൂഷിതമായി എപ്പോഴും കാണപ്പെട്ടിരുന്നത്. അതായത് മരണത്തെ ജയിച്ച യോഗിയുടെ അവസ്ഥ. ചിതയിലെ കനലിന്‍മേല്‍ പറ്റിയിരിക്കുന്ന ചാരം പോലെ ശുദ്ധബോധത്തില്‍ പറ്റിയിരിക്കുന്നതാണ് ഈ ശരീരമെന്ന അറിവ്. തന്നുള്ളിലെ ശക്തിയോട് ചേര്‍ന്നു നിന്നതുകൊണ്ടാണ് ദുര്‍ബലമായ ശരീരം പോലും സ്വാമിയെ അവസാന നാള്‍വരെ സന്തോഷപൂര്‍വ്വം സേവിച്ചത്. മൈലാപ്പുരിലെ ചെറിയ വീടിന്റെ സ്വീകരണമുറിയിലെ തറയില്‍ കുത്തിയിരുന്നു സീരിയല്‍ ഉള്‍പ്പടെയുള്ള ടെലിവിഷന്‍ പരിപാടികള്‍ കാണുന്നതിനിടയില്‍ ആരെങ്കിലും അതിഥികള്‍ വന്നാല്‍ മിന്നല്‍ വേഗത്തില്‍ എഴുന്നേറ്റ് അതിഥികളെ സ്വീകരിക്കുന്ന സ്വാമിയുടെ ശരീരവഴക്കം കുട്ടികളെപ്പോലും അതിശയിപ്പിക്കാന്‍ പോന്നതായിരുന്നു. അശുഭവാര്‍ത്തകളുടെയിടയില്‍ സ്വാമി ഏവരേയും ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു; ജീവിതം സൗന്ദര്യമുള്ളതാണ്, അതിനെ സ്വാര്‍ഥകമാക്കാന്‍ കഴിയും. സൗന്ദര്യത്തോടെ ഈ ലോകത്തുനിന്നു വിടപറയാനും കഴിയും. മറ്റൊരര്‍ഥത്തില്‍ സ്വാമി സ്വന്തം ജീവിതത്തെ സന്ദേശമാക്കിയാണ് നമ്മളോട് വിടപറഞ്ഞിരിക്കുന്നത്. ശുദ്ധരാഗംപോലെ സൗന്ദര്യമാര്‍ന്ന ജീവിതം. ആ സൗന്ദര്യമാണ് സ്വാമി നമ്മളില്‍ നിക്ഷേപിച്ചിരിക്കുന്നത്.