അട്ടപ്പാടിക്ക് കേന്ദ്രസര്‍ക്കാറിന്റെ സമഗ്ര പാക്കേജ്

Thu, 06-06-2013 03:55:00 PM ;

പാലക്കാട്: പോഷകാഹാരക്കുറവിനെ തുടര്‍ന്ന് ശിശുമരണങ്ങള്‍ സംഭവിച്ച അട്ടപ്പാടിയില്‍ കേന്ദ്രസര്‍ക്കാറിന്റെ സമഗ്ര പാക്കേജ്. പ്രശ്നങ്ങള്‍ പഠിക്കാനും പദ്ധതിയുടെ മേല്‍നോട്ടത്തിനും പ്രത്യേക ദൗത്യസംഘത്തെ നിയമിക്കുമെന്നും കേന്ദ്ര ഗ്രാമവികസന മന്ത്രി ജയ്റാം രമേശ് അറിയിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം വ്യാഴാഴ്ച അട്ടപ്പാടി സന്ദര്‍ശിച്ച ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ നേതൃത്വത്തിലായിരിക്കും ദൗത്യസംഘം പ്രവര്‍ത്തിക്കുക. 112 കോടിയുടെ പാക്കേജാണ് നടപ്പിലാക്കുന്നത്.  ഇതിന്റെ ഭാഗമായി 500 യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും നല്‍കും. മൂന്നു പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് 50 കോടി രൂപ അനുവദിക്കും. മൂല്യ വര്‍ധിത വന ഉത്പന്നങ്ങള്‍ തയാറാക്കുന്നവര്‍ക്ക് മൂന്നു വര്‍ഷത്തേയ്ക്ക് 50 കോടി രൂപ നല്‍കും. ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം 2000 വീടുകള്‍ക്ക് കേന്ദ്രസഹായം നല്‍കുമെന്നും ജയ്റാം രമേശ് അറിയിച്ചു.

 

ജയ്‌റാം രമേശും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരുമടങ്ങുന്ന സംഘം അട്ടപ്പാടിയിലെ പാലൂര്‍ നെല്ലപ്പതി, അഗളി ഊരുകള്‍ സന്ദര്‍ശിച്ചു. അട്ടപ്പാടിയില്‍ ഭൂമിയില്ലാത്തവര്‍ക്ക് ഒരേക്കര്‍ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags: