Skip to main content

തിരുവനന്തപുരം: ആറാമത് അഖിലേന്ത്യാ സാമ്പത്തിക സെന്‍സസിന് സംസ്ഥാനത്ത് തുടക്കമായി. വിദേശ മലയാളികളുടെ സ്ഥിതിവിവരക്കണക്കുകള്‍ കണ്ടെത്തുന്നതിനുള്ള സര്‍വേയും ഇതോടൊപ്പം നടത്തുന്നുണ്ട്. സാമ്പത്തിക സര്‍വേയുടെ എന്യൂമറേറ്റേഴ്‌സ് തന്നെയാണ് പ്രവാസി സര്‍വേയുടെയും ചോദ്യാവലി പൂരിപ്പിക്കുക.

 

സെന്‍സസിന്റെ സംസ്ഥാനതല ഉദ്ഘാടനം കണിയാപുരം കൈപ്പള്ളിയില്‍ അഹമ്മദ് കണ്ണിന്റെ ഭവനത്തില്‍ നിന്ന് സാമ്പത്തിക വിവരങ്ങള്‍ ശേഖരിച്ച് മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു.  കണിയാപുരം ഷഹീനാലയത്തില്‍ സൈനുദ്ദീന്റെ ഭവനത്തില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടായിരുന്നു പ്രവാസി സര്‍വേയുടെ ഉദ്ഘാടനം. ജൂണ്‍ 12 വരെ സര്‍വേ തുടരും.

 

വിദേശത്ത് ജോലി ചെയ്യുന്നവരെ തൊഴിലനനുസരിച്ച് പന്ത്രണ്ട് വിഭാഗങ്ങായി തിരിച്ചാണ് പ്രവാസി സര്‍വേ നടത്തുന്നത്. വിവിധ പ്രവാസി ക്ഷേമ പുനരധിവാസ പദ്ധതികളുടെ നയരൂപവത്കരണത്തിനും വിദേശ മലയാളികള്‍ക്ക് അടിയന്തര സഹായമെത്തിക്കാനും സഹായിക്കുന്ന രീതിയില്‍ സമഗ്ര വിവരശേഖരണമാണ് സര്‍വേയുടെ ലക്ഷ്യം

 

നോര്‍ക്ക വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ഈ സര്‍വേ കേരളത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തേതാണ്. അമേരിക്ക, ജര്‍മനി, കാനഡ, യു.എ.ഇ, യു.കെ, സൗദിഅറേബ്യ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹ്‌റൈന്‍, നൈജീരിയ, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ 18 രാജ്യങ്ങളെ പ്രത്യേകം ലിസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങള്‍പുറമേയുണ്ട്.