ഹര്‍ഭജന്‍ പിന്നില്‍ നിന്ന് കുത്തുന്നവന്‍ -ശ്രീശാന്ത്

Fri, 12-04-2013 05:30:00 PM ;

ന്യൂദല്‍ഹി: 2008ലെ ഐ.പി.എല്‍ മത്സരത്തിനിടെ തന്നെ അടിച്ച ഹര്‍ഭജന്‍ സിങ്ങിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീശാന്ത്. പിന്നില്‍ നിന്ന് കുത്തുന്ന സ്വഭാവക്കാരനാണ് ഹര്‍ഭജന്‍ എന്ന് ശ്രീശാന്ത്‌ തന്റെ ട്വിറ്റര്‍ പേജില്‍ എഴുതി. സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടാല്‍ സത്യം അറിയാമെന്നും ശ്രീശാന്ത് പറഞ്ഞു.

 

ഹര്‍ഭജന്‍ സിങ് തന്നെ അടിക്കുകയായിരുന്നില്ല, മത്സരശേഷം ഹസ്തദാനം ചെയ്യാന്‍ സമീപിച്ചപ്പോള്‍ തന്നെ മുട്ടുകൊണ്ട് ഇടിക്കുകയായിരുന്നുവെന്ന് ശ്രീശാന്ത് വെളിപ്പെടുത്തി. മുന്‍കൂട്ടി തീരുമാനിച്ചാണ് ഹര്‍ഭജന്‍ ഇത് ചെയ്തതെന്നും ശ്രീശാന്ത് ആരോപിച്ചു. സംഭവത്തില്‍ തനിക്ക് പരാതിയില്ല. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും അറിയാന്‍ വീഡിയോ ബി.സി.സി.ഐ. പുറത്തുവിടണമെന്നും ശ്രീശാന്ത്‌ ആവശ്യപ്പെട്ടു.

 

കിങ്സ് ഇലവന്‍ പഞ്ചാബും മുംബൈ ഇന്ത്യന്‍സും തമ്മിലുളള മത്സരത്തിനിടെയാണ് ഹര്‍ഭജന്‍ സിങ് ശ്രീശാന്തിനെ തല്ലിയത്. സംഭവത്തെ തുടര്‍ന്ന് ഹര്‍ഭജന് ബി.സി.സി.ഐ വിലക്കേര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഐ.പി.എല്‍. മത്സരത്തിനിടെ ഗൌതം ഗംഭീറും വിരാട് കോലിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായ പശ്ചാത്തലത്തിലാണ് ശ്രീശാന്തിന്റെ പ്രതികരണം.

Tags: